കശ്മീരിലെ പത്രങ്ങള്‍ക്ക് മൂന്ന് ദിവസത്തെ നിരോധനം

ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മീരില്‍ മൂന്ന് ദിവസത്തേക്ക് വര്‍ത്തമാന പത്രങ്ങള്‍ നിരോധിച്ചു. അട്ടിമറിക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായും സമാധാനാന്തരീക്ഷം ഉറപ്പിക്കാനാണ് ഈ നടപടിയെന്നും സര്‍ക്കാര്‍ വക്താവ് നയീം അഖ്തര്‍ അറിയിച്ചു. മാധ്യമസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കും അച്ചടിസ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകള്‍ക്കും പിന്നാലെയാണ് സര്‍ക്കാരിന്‍്റെ പുതിയ ഉത്തരവ്.

പുലര്‍ച്ചെ രണ്ടുമണിയോടെ കശ്മീരിലെ പ്രസ്സുകളില്‍ അധികൃതരുടെ മിന്നല്‍പരിശോധന നടന്നു.   പത്രസ്ഥാപനങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച് പലയിടങ്ങളിലും മാധ്യമപ്രവര്‍ത്തകരുടെ പ്രകടനങ്ങള്‍ നടന്നു.

ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിനു പിന്നാലെ വന്‍ പ്രതിഷേധങ്ങളാണ് ഉണ്ടായത്. മൊബൈല്‍ഫോണ്‍ ഇന്‍്റര്‍നെറ്റ് സേവനങ്ങളും ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്. കേബിള്‍ ടിവി സേവനങ്ങള്‍ നിരോധിച്ചിരുന്നുവെങ്കിലും ശനിയാഴ്ച പുന:രാരംഭിച്ചിരുന്നു.

കശ്മീരില്‍ ഇപ്പോള്‍ മാധ്യമ അടിയന്തിരാവസ്ഥയാണ്. ഇതിന് മുമ്പും ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമങ്ങള്‍ ഉണ്ടായിരുന്നതായും റൈസിങ്ങ് കാശ്മീര്‍ എഡിറ്റര്‍ ശുജാഅത്ത് ബുഖാരി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.