കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ചൊവ്വാഴ്ച; നജ്മക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കും

ന്യൂഡല്‍ഹി: പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭ ചൊവ്വാഴ്ച പുനഃസംഘടിപ്പിക്കും. ചൊവ്വാഴ്ച രാവിലെ11 മണിക്ക് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.

അടുത്ത വര്‍ഷം ആദ്യം ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുനഃസംഘടനക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ കൂടുതല്‍ പ്രാധാന്യം ലഭിച്ചേക്കും. ഉത്തര്‍പ്രദേശില്‍ നിന്ന് രണ്ട് മന്ത്രിമാരെയെങ്കിലും ഉള്‍പ്പെടുത്തിയായിരിക്കും പുനഃസംഘടനയുണ്ടാവുക എന്നാണ് സൂചന.

എന്നാൽ, ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളില്‍ അഴിച്ചുപണി നടക്കാന്‍ സാധ്യതയില്ല. ഊർജവകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരെ കാബിനറ്റ് പദവിയിലേക്ക് ഉയർത്തിയേക്കും. ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെപ്തുള്ളക്കും ചെറുകിട-ഇടത്തരം വ്യവസായ മന്ത്രി കൽരാജ് മിശ്രക്കും 75 വയസ് പൂർത്തിയയാതിനാൽ സ്ഥാനം നഷ്ടപ്പെട്ടേക്കാനും ഇടയുണ്ട്. നജ്മ ഹെപ്തുള്ളയ്ക്ക് പകരം മുഖ്താര്‍ അബ്ബാസ് നഖ് വി മന്ത്രിയായേക്കും.

മന്ത്രിമാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പുനഃസംഘടനയില്‍ മാനദണ്ഡമാകുമെന്നാണ് സൂചന. മന്ത്രിസഭാ തീരുമാനങ്ങളും സര്‍ക്കാരിന്‍റെ  നയപരിപാടികളും നടപ്പാക്കുന്നതില്‍ മന്ത്രിമാരുടെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിസഭയിലെ അംഗങ്ങളുമായി പ്രധാനമന്ത്രി മൂന്നുവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഫണ്ടുകൾ ചിലവഴിക്കുന്നതിലും ഇത് സാധാരണക്കാരനിലേക്ക് എത്തുന്നതിനുമായി മന്ത്രിമാർ കൈക്കൊണ്ട നടപടികളും പരിഗണിക്കും.

അനുപ്രിയ പട്ടേല്‍, മെഹന്ത് ആദിത്യാനന്ദ് തുടങ്ങിയവര്‍ അടക്കമുള്ള പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. 82 അംഗങ്ങളായി മന്ത്രിസഭ വികസിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. നിലവിൽ 66 അംഗങ്ങളാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്.

പുന:സംഘടനയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് അയക്കുമെന്നാണ് കരുതപ്പെടുന്നത്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനായി 24 മണിക്കൂർ മതിയാകുമെന്ന് രാഷ്ടപതിയുടെ ഓഫിസ് അറിയിച്ചു. പ്രധാനമന്ത്രി ജൂലായ് ഏഴിന് നാലു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച തന്നെ നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.