തിരുവനന്തപുരം: റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് സ്വകാര്യ വെബ്സൈറ്റുകളെ ചുമതലപ്പെടുത്താന്‍ നീക്കം. റിസര്‍വേഷനും സാധാരണ ടിക്കറ്റുകള്‍ക്കുമടക്കം സ്വകാര്യ പേമെന്‍റ്-റീ ചാര്‍ജിങ് സൈറ്റുകള്‍ക്ക് അധികാരം നല്‍കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഐ.ആര്‍.സി.ടി.സി നിലവിലുണ്ടായിരിക്കെയാണിത്. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ പേമെന്‍റ് സൈറ്റുകളുടെ സാധ്യതകളെക്കുറിച്ച് ഇതിനകം പഠനം നടത്തിക്കഴിഞ്ഞു.
റിസര്‍വേഷന്‍ (പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം-പി.ആര്‍.എസ്), റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ (അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം) എന്നിവയില്‍ കാഷ് രഹിത പേമെന്‍റ് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ റെയില്‍വേ മന്ത്രാലയം സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചാണ് റിസര്‍വേഷന്‍ ശൃംഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം.
നിലവില്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരില്‍ പകുതിയോളം പേര്‍ ഐ.ആര്‍.സി.ടി.സി വഴിയാണ് ടിക്കറ്റ് ബുക് ചെയ്യുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നേരിട്ടത്തെി ടിക്കറ്റ് ബുക് ചെയ്യുന്ന ശേഷിക്കുന്നവരെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഇത് ഐ.ആര്‍.സി.ടി.സിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും റിസര്‍വ് ബാങ്ക് അംഗീകരിച്ച പ്രീ-പെയ്ഡ് കാര്‍ഡുകള്‍ വഴിയും ഐ.ആര്‍.സി.ടി.സി മാതൃകയില്‍ ഇത്തരം വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് നല്‍കും.
ജനറല്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാനാണ് പുതിയ സംവിധാനമെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. എന്നാല്‍, ജനറല്‍ ടിക്കറ്റുകള്‍ക്ക് ഐ.ആര്‍.സി.ടി.സിയില്‍ അനുബന്ധ സൗകര്യമേര്‍പ്പെടുത്താമെന്നിരിക്കെ സ്വകാര്യ പേമെന്‍റ് സൈറ്റുകളെ ആശ്രയിക്കുന്ന നടപടിയാണ് സംശയമുയര്‍ത്തുന്നത്.
മിനിറ്റില്‍ 7000 ടിക്കറ്റ് വരെ എടുക്കാനുള്ള സംവിധാനമാണ് ഐ.ആര്‍.സി.ടി.സിയിലുള്ളത്. 2000 ടിക്കറ്റ് മാത്രമായിരുന്നു നേരത്തേ ഇതുവഴി ലഭ്യമായിരുന്നത്.
എന്നാല്‍, ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുകയും സന്ദര്‍ശകരെ താങ്ങാനാവാതെ സൈറ്റ് കാരക്ഷമമല്ലാതാവുകയും ചെയ്തതോടെ പ്രത്യേകം ഡാറ്റാ സെന്‍റര്‍ അടക്കം ഏര്‍പ്പെടുത്തിയാണ് സൈറ്റ് നവീകരിച്ചത്.
ആദ്യഘട്ടം ടിക്കറ്റ് ബുക്കിങ്ങിന് റെയില്‍വേ സ്വന്തം നിലയില്‍ വെബ്സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന ബാങ്കുകളുമായി കരാറുണ്ടാക്കാത്തതും സാങ്കേതിക പ്രശ്നങ്ങളും മൂലം ഇത് അവസാനിപ്പിച്ചു. പിന്നീടാണ് ഐ.ആര്‍.സി.ടി.സിക്ക് ചുമതല നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.