ട്രെയിന്‍ കൊള്ള: 35 റെയില്‍വേ ജീവനക്കാര്‍ക്ക് സി.ബി.സി.ഐ.ഡി നോട്ടീസ്

കോയമ്പത്തൂര്‍: കോച്ചില്‍ ദ്വാരമുണ്ടാക്കി സേലം-ചെന്നൈ എക്സ്പ്രസില്‍നിന്ന് 5.75 കോടി രൂപ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് 35 റെയില്‍വേ ജീവനക്കാര്‍ക്ക് സി.ബി.സി.ഐ.ഡി നോട്ടീസയച്ചു. എസ്.പിമാരായ അമിത്കുമാര്‍സിങ്, ജി. നാഗജ്യോതി, രാജേശ്വരി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സേലം, ഈറോഡ്, വിരുതാചലം സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്ക് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസയച്ചത്.
റെയില്‍വേ സുരക്ഷാ സേനയില്‍നിന്ന് കേസന്വേഷണം സി.ബി.സി.ഐ.ഡി ഏറ്റെടുത്തിരുന്നു. റെയില്‍വേ ജീവനക്കാരുടെ പങ്കും സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. പാര്‍സല്‍ വിഭാഗത്തിലെ ജീവനക്കാരാണ് ഭൂരിഭാഗവും. തീരുമാനം റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തിക്കിടയാക്കി.

എന്നാല്‍, അന്വേഷണവുമായി സഹകരിക്കാനാണ് ഉന്നത റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജി. നാഗജ്യോതിയുടെ നേതൃത്വത്തിലുള്ള സംഘം ആത്തൂര്‍, തലൈവാസല്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റൊരു സംഘം എറണാകുളം, ഈറോഡ്, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും അന്വേഷണം നടത്തിയിരുന്നു. അതിനിടെ കൊള്ളയടിക്കപ്പെട്ട കോച്ച് ഈറോഡിലും വിരുതാചലത്തും എത്തിയ സമയത്ത് ഒരേ സിം കാര്‍ഡുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ വിളികളുണ്ടായതായി അറിവായി. രാജസ്ഥാനില്‍നിന്ന് വാങ്ങിയ സിം കാര്‍ഡുകളാണെന്നും വ്യക്തമായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.