സ്ത്രീകളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ വ്യാജനെന്ന് സംശയം

മുംബൈ: മഹാരാഷ്ട്രയിലെ സതാരയില്‍ സ്ത്രീകളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സന്തോഷ് പോള്‍ വ്യാജ ഡോക്ടറാണെന്ന് സംശയം. ബി.എ.എം.എസ് ബിരുദമുണ്ടെന്നാണ് സന്തോഷ് അവകാശപ്പെട്ടത്. എന്നാല്‍, മുമ്പ് മാന്‍ ഗ്രാമത്തിലെ ക്ളിനിക്കില്‍ സാധാരണ ജീവനക്കാരനായിരുന്നു ഇയാളെന്ന് പൊലീസ് കണ്ടത്തെി. മാനിലെ ഡോ. വിദ്യാധര്‍ ഗോട്ടാവഡേക്കറുടെ ക്ളിനിക്കിലായിരുന്നു സന്തോഷ് ജോലി ചെയ്തത്. ഇയാള്‍ സാധാരണ ജീവനക്കാരനായിരുന്നെന്നും സ്വഭാവദൂഷ്യം കാരണം പുറത്താക്കുകയായിരുന്നെന്നുമാണ് ഡോ. വിദ്യാധര്‍ ഗോട്ടാവഡേക്കര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ക്ളിനിക്കിലെ ആംബുലന്‍സുമായാണ് സന്തോഷ് പോയതെന്നും മോഷണത്തിന് കേസുകൊടുത്തതായും വിദ്യാധര്‍ മൊഴിനല്‍കിയിട്ടുണ്ട്.

ഡോക്ടര്‍ എന്ന നിലയില്‍ ജനങ്ങളില്‍ വിശ്വാസം നേടിയ സന്തോഷ് അറിയപ്പെടുന്ന അഴിമതിവിരുദ്ധ പ്രവര്‍ത്തകന്‍കൂടിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍, അഴിമതിവിരുദ്ധ പ്രവര്‍ത്തകന്‍ എന്നീ പദവികളുടെ മറവില്‍ സന്തോഷ് പോളിന് വൃക്ക, മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ദുര്‍ബലരായ സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ബന്ധുവായ ജനാബായി പോള്‍, അങ്കണവാടി ജീവനക്കാരി മംഗള ജെധെ എന്നിവരടക്കം അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് സന്തോഷ്  കൊന്നത്.

വായ് എന്ന ഗ്രാമത്തിലെ ജ്വല്ലറി ഉടമയായ നത്മല്‍ ഭണ്ഡാരിയാണ് കൊല്ലപ്പെട്ട പുരുഷന്‍. തന്‍െറ കാമുകിമാരില്‍ ഒരാളായിരുന്ന സല്‍മ ശൈഖുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തിന്‍െറ പേരിലാണ് ജ്വല്ലറി ഉടമയെ കൊന്നത്. പിന്നീട് സല്‍മ ശൈഖിനെയും കൊലപ്പെടുത്തി. കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്ന നഴ്സ് ജ്യോതി മന്ദ്രയായിരുന്നു തന്‍െറ അടുത്ത ലക്ഷ്യമെന്ന് സന്തോഷ് പോള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ജ്യോതിയും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

സന്തോഷിന്‍െറ ഭാര്യ മകളുമായി ഒളിവിലാണ്. മകന്‍ പാഞ്ച്ഗനിയില്‍ ഹോസ്റ്റലിലാണ്. എയിഡ്സ് രോഗിയായ സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയത് സ്വര്‍ണം തട്ടാനും വിധവയായ ബന്ധുവിനെ കൊലപ്പെടുത്തിയത് ഭൂമി തട്ടാനുമായിരുന്നെന്നാണ് മൊഴി. അങ്കണവാടി ജീവനക്കാരിയെ കൊലപ്പെടുത്തിയത് തന്നെ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെട്ടതിനാലാണെന്നും സന്തോഷ് പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാരിയുടെ തിരോധാന കേസാണ് കൊലപാതകങ്ങളിലേക്ക് വെളിച്ചംവീശിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.