ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാർട്ടി കേന്ദ്ര ആസ്ഥാനത്ത് ബി.ജെ.പി വർക്കിങ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു. ബിഹാറിൽനിന്ന് പാർട്ടി ആസ്ഥാനത്ത് എത്തിയ നിതിൻ നബിനെ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഢ, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, രവിശങ്കർ പ്രസാദ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരുൾപ്പെട്ട നേതാക്കൾ എത്തിയിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്ത് ആരെ പ്രതിഷ്ഠിക്കണമെന്നതിനെ ചൊല്ലി പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒരു ഭാഗത്തും ആർ.എസ്.എസ് മറുഭാഗത്തുമായി രൂപപ്പെട്ട അഭിപ്രായ ഭിന്നത രണ്ടുവർഷം കഴിഞ്ഞിട്ടും പരിഹരിക്കാനാവാത്ത സാഹചര്യത്തിലാണ് വളരെ അപ്രതീക്ഷിതമായി ബിഹാറിലെ നിതീഷ് മന്ത്രിസഭയിലെ അംഗമായ നിതിൻ നബീലിനെ വർക്കിങ് പ്രസിഡന്റാക്കുന്നത്. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ആർ.എസ്.എസ് താൽപര്യപ്പെട്ട പേരുകൾ മോദി - ഷാ കൂട്ടുകെട്ടിനും തിരിച്ച് ഇരുവരും താൽപര്യപ്പെട്ട പേരുകൾ ആർ.എസ്.എസിനും സ്വീകാര്യമായിരുന്നില്ല. ഒടുവിൽ ആർ.എസ്.എസ് ശാഖയിലൂടെ വളർന്നുവന്ന നിതിനെ ബി.ജെ.പി പാർലമെന്ററി ബോർഡാണ് വർക്കിങ് പ്രസിഡന്റായി നിയോഗിച്ചത്.
2006ൽ പട്ന പശ്ചിമ നിയമസഭാ മണ്ഡലത്തിൽനിന്ന് ആദ്യമായി എം.എൽ.എയായ നിതിൻ പിന്നീട് ബാങ്കിപൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് 2010, 2015, 2020 വർഷങ്ങളിലും നിയമസഭയിലെത്തി.
ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായും ബിഹാർ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.