ട്രെയിന്‍ കൊള്ള: റെയില്‍വേ, ബാങ്ക് ജീവനക്കാര്‍ക്കും പങ്കെന്ന് സംശയം

ചെന്നൈ: സേലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍നിന്ന്  5.78 കോടി രൂപ കൊള്ളയടിക്കപ്പെട്ട സംഭവത്തില്‍ മോഷ്ടാക്കള്‍ക്ക് റെയില്‍വേ, ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി സംശയം. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റെയില്‍വേ പോര്‍ട്ടര്‍മാര്‍, പണം നഷ്ടപ്പെട്ട ബാങ്കുകളിലെ കീഴ്ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു.

ഈറോഡ്, സേലം, ചെന്നൈ എഗ്മോര്‍ സ്റ്റേഷനുകളിലെ റെയില്‍വേ ജീവനക്കാരെയാണ് ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യുന്നത്. ഈ സ്റ്റേഷനുകളിലാണ് മണിക്കൂറുകളോളം കോച്ചുകള്‍ നിര്‍ത്തിയിട്ടത്.  എഗ്മോര്‍ സ്റ്റേഷനിലെ യാര്‍ഡില്‍ ഏഴുമണിക്കൂറാണ് കോച്ചുകള്‍ കിടന്നത്. കോച്ചിലിറങ്ങി പണം മോഷ്ടിച്ചത് സേലത്തിനും വിരുദാചലം സ്റ്റേഷനുകള്‍ക്കിടെയാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഉത്തരേന്ത്യക്കാരുടെ സാന്നിധ്യമുള്ള പ്രഫഷനല്‍ മോഷ്ടാക്കളാകാം സാഹസികമായി കോടികള്‍ കവര്‍ന്നതെന്ന് പൊലീസ് പറയുന്നു. സേലം-വിരുദാചലം റൂട്ടില്‍ വൈദ്യുതീകരണം നടക്കാത്തതിനാല്‍ ഏതെങ്കിലും സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാകാം പണം നഷ്ടപ്പെട്ടത്. മോഷണത്തിന് ഒരാഴ്ചമുമ്പേ പാര്‍സല്‍ കോച്ചുകളുടെ മുകള്‍ഭാഗത്ത് ദ്വാരം ഉണ്ടാക്കിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഈറോഡ് യാര്‍ഡില്‍ നിര്‍ത്തിയിട്ടപ്പോഴാണ് മുന്‍കൂട്ടി ഒരാള്‍ക്കിറങ്ങാനുള്ള സൗകര്യത്തോടെ രണ്ടടി സമചതുരത്തില്‍ തുരന്നത്.

മുറിച്ചുമാറ്റപ്പെട്ട പാളി എടുത്തു മാറ്റത്തക്കനിലയില്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. അഞ്ച് ബാങ്കുകളില്‍നിന്ന് ശേഖരിച്ച പഴകിയ നോട്ടുകള്‍ ഈറോഡിലെ റെയില്‍വേ യാര്‍ഡില്‍വെച്ചാണ് മൂന്ന് പാര്‍സല്‍ കോച്ചുകളിലും നിറച്ചത്.  ഒരാഴ്ച മുമ്പേ ഈറോഡിലെ  യാര്‍ഡില്‍ കോച്ചുകള്‍ എത്തിയിരുന്നത്രെ. കോച്ചുകള്‍ പണം കൊണ്ടുപോകാനുള്ളതാണെന്ന് മോഷ്ടാക്കള്‍ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. യാര്‍ഡിലെ ആരുടെയെങ്കിലും സഹായത്തോടെ കോച്ചുകള്‍ മുറിച്ചിരിക്കാനാണ് സാധ്യത. യാത്രക്കിടെ കോച്ച് തുരക്കാനുള്ള സാധ്യത സേലം ഡിവിഷന്‍ റെയില്‍വേ പൊലീസ് മേലധികാരി ആനി രാജ തള്ളിക്കളയുന്നു.

പണം നിറച്ച കോച്ചുകള്‍ക്ക് സുരക്ഷ ഒരുക്കിയ സേലം ഡിവൈ.എസ്.പി നാഗരാജന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.   പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കോച്ചുകള്‍ കൊണ്ടുവന്ന സേലം മുതല്‍ ചെന്നൈ എഗ്മോര്‍ വരെയുള്ള സ്റ്റേഷനുകളിലെ സുരക്ഷാ വിഭാഗങ്ങള്‍ സ്വന്തം നിലയില്‍  നടത്തുന്ന അന്വേഷണത്തില്‍ കേന്ദ്രീകൃത സ്വഭാവമില്ളെന്ന് ആരോപണമുണ്ട്. കേസ് റെയില്‍വേ സുരക്ഷാ സേനയില്‍നിന്ന് സംസ്ഥാന റെയില്‍വേ പൊലീസ് ഏറ്റെടുത്തു. വിരലടയാള- ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുപ്പ് തുടര്‍ന്നു. നാലുപേരുടെ വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ട്.

226 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 342 കോടിയില്‍ 5.78 കോടി രൂപയാണ് കൊള്ളയടിച്ചത്. വിവിധ ബാങ്കുകളില്‍നിന്ന് ശേഖരിച്ച പഴകിയ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്‍െറ ചെന്നൈ ആസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.