വ്യോമസേനാ വിമാനത്തിനായി ആഴക്കടല്‍ തിരച്ചില്‍ തുടരും

ചെന്നൈ: ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്കുള്ള യാത്രക്കിടെ മലയാളികളുള്‍പ്പെടെ 29 പേരുമായി അപ്രത്യക്ഷമായ വ്യോമസേനാ വിമാനത്തെക്കുറിച്ച് രണ്ടാഴ്ചയായിട്ടും വിവരം കിട്ടാത്ത സാഹചര്യത്തില്‍ വ്യാപക തിരച്ചില്‍ അവസാനിപ്പിക്കുന്നു. കൂടുതല്‍ മുങ്ങിക്കപ്പലുകളെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ച് ആഴക്കടല്‍ തിരച്ചിലില്‍ കേന്ദ്രീകരിക്കാന്‍ സൈനിക നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ എന്തെങ്കിലും പ്രയോജനം ലഭിക്കാന്‍ സാധ്യതയുള്ളത് ആഴക്കടല്‍ തിരച്ചിലിലൂടെയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ കൈവശമുള്ള മുങ്ങിക്കപ്പലുകള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങിത്തുടങ്ങി. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ (നിയോട്ട്) ആഴക്കടല്‍ പര്യവേക്ഷണ കപ്പലായ ‘സാഗര്‍ നിധി’ അന്വേഷണത്തിന്‍െറ ഭാഗമാകും. ആഴക്കടല്‍ തിരച്ചിലിന് സഹായിക്കുന്ന മള്‍ട്ടിബീം എക്കോ സൗണ്ടര്‍ സംവിധാനത്തില്‍ ശബ്ദതരംഗങ്ങള്‍ അയച്ച് കടലിന്‍െറ ഏകദേശ ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ സാഗര്‍ നിധി പ്രയോജനപ്പെടുത്തും. ആഴം കൂടുതലുള്ള ഭാഗങ്ങളില്‍ അടിത്തട്ടിലേക്കത്തെുമ്പോള്‍ ശബ്ദതരംഗങ്ങള്‍ ദുര്‍ബലമാവാനുള്ള സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുന്നതും തടസ്സം സൃഷ്ടിക്കും. ആഗസ്റ്റ് ആറോടെ മാത്രമേ കപ്പലിന് രക്ഷാദൗത്യത്തിന്‍െറ ഭാഗമാകാന്‍ സാധിക്കൂ. ബംഗാള്‍ ഉള്‍ക്കടലിലെ മോശം കാലാവസ്ഥ കാരണം കപ്പലിന് സഞ്ചരിക്കാന്‍ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. കാര്യമായ പുരോഗതി കിട്ടാത്ത സാഹചര്യത്തില്‍ ആകാശ നിരീക്ഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് കപ്പലുകളെയും തിരിച്ചുവിളിച്ചുതുടങ്ങി. വ്യോമനാവിക തീരരക്ഷാ സേനകളുടെ സംയുക്ത നീക്കത്തില്‍ 18 യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ നിരീക്ഷണ വിമാനങ്ങളും നിരവധി ബോട്ടുകളും പങ്കെടുത്തിരുന്നു. സമുദ്രാന്തര്‍ഭാഗങ്ങളിലേക്ക് തരംഗങ്ങള്‍ കടത്തിവിട്ട് അന്വേഷണ രക്ഷാദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ ‘സര്‍സാറ്റ്’ ഉപഗ്രഹത്തിന്‍െറ നിരീക്ഷണം തുടരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.