കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനത്തെ പറ്റിയുള്ള 64 രഹസ്യഫയലുകള്‍ പശ്ചിമബംഗാള്‍ പൊലീസ് പുറത്തുവിട്ടു. വിമാനാപകടവുമായി ബന്ധപ്പെട്ടുള്ള സൂചന യു.കെ, യു.എസ് രേഖകളില്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രേഖകളിലെ വിവരങ്ങള്‍ തിങ്കളാഴ്ച മുതല്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്ത് ബോസിന്‍െറ ബന്ധുക്കള്‍ക്ക് രേഖകള്‍ കൈമാറുകയായിരുന്നു. ഫയലുകള്‍ മുഴുവന്‍ ഡിജിറ്റല്‍ രൂപത്തില്‍ ഡി.വി.ഡിയിലാക്കിയാണ് കൈമാറിയത്. യഥാര്‍ഥ ഫയലുകള്‍ പൊലീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. നേതാജിയുടെ സഹോദരിയുടെ മകന്‍െറ ഭാര്യയും ചടങ്ങിനെത്തി.
സുഭാഷ് ചന്ദ്ര ബോസ് 1964 വരെ ജീവിച്ചിരുന്നു എന്ന് ഫയലില്‍ വെളിപ്പെട്ടേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 64 ഫയലുകളിലായി 12,000 പേജുകളില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മരിച്ചെന്ന് കരുതുന്ന 1945ന് ശേഷവും ബോസ് ജീവിച്ചിരുന്നു എന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1964ല്‍ നേതാജി റഷ്യയില്‍ നിന്ന് ചൈന വഴി ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് യു.എസ് ഇന്‍റലിജന്‍സിന്‍െറ റിപ്പോര്‍ട്ട്. 1941ല്‍ നേതാജി വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതിനെ പറ്റിയുള്ള റിപ്പോര്‍ട്ടും പുറത്തുവിട്ട ഫയലുകളില്‍ ഉണ്ട്. യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയുടേത് തന്നെയാണ് ഇതുസംബന്ധിച്ച രേഖകളും.
ഈ രേഖകളില്‍ പലതും നേരത്തെ തന്നെ ഡീക്ളാസ്സിഫൈ ചെയ്തതാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവ ഡല്‍ഹിയിലെ നാഷനല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത്തരത്തില്‍ 1997ല്‍ ഡീക്ളാസിഫൈ ചെയ്ത രേഖകളില്‍ മരിച്ചെന്ന് കരുതുന്നതിന് എട്ടു മാസങ്ങള്‍ക്കുശേഷവും നേതാജി ജീവിച്ചിരുന്നു എന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. ബംഗാളിലെ ഒരു പ്രാര്‍ഥനയ്ക്കിടയില്‍ പൊതുജനമധ്യത്തിലാണ് ഗാന്ധിജി ഇക്കാര്യം അറിയിച്ചത്. അതിനും നാലുമാസങ്ങള്‍ക്കു ശേഷം ഒരു ലേഖനത്തിലും ഗാന്ധിജി ഇക്കാര്യം വ്യക്തമാക്കിയുരുന്നു. ബോസ് ജീവനോടെയുണ്ടെന്ന തോന്നലുണ്ടെന്നാണ് ഗാന്ധിജി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.