വിക്ടോറിയ രാജ്ഞിയുടെ ഹിന്ദി ടീച്ചര്‍ക്ക് ആദരം

ഝാന്‍സി: വിക്ടോറിയ രാജ്ഞിയെ ഹിന്ദി പഠിപ്പിക്കാന്‍ ഝാന്‍സിയില്‍നിന്ന് ഇംഗ്ളണ്ട് വരെ പോയ അബ്ദുല്‍ കരീമിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആദരിക്കുന്നു. ഇന്ത്യന്‍ സംസ്കാരത്തിന്‍െറ ബ്രിട്ടീഷ് അംബാസഡര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരീം 19ാം നൂറ്റാണ്ടിലാണ് രാജ്ഞിയുടെ അധ്യാപകനാകാന്‍ ബ്രിട്ടനിലേക്ക് പോയത്. വിക്ടോറിയ മകനെപ്പോലെ സ്വീകരിച്ച കരീം 1901ല്‍ രാജ്ഞി മരിക്കുന്നതുവരെ അവരുടെ കൂടെയുണ്ടായിരുന്നു.
പ്രമുഖ വ്യക്തികളുമായോ ചരിത്രസംഭവങ്ങളുമായോ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അവരുടെ സ്മരണാര്‍ഥം  ലോഹംകൊണ്ടോ സെറാമിക്കുകൊണ്ടോ നിര്‍മിച്ച, നീലനിറത്തിലുള്ള ഫലകം പതിപ്പിക്കുന്ന പതിവ് 19ാം നൂറ്റാണ്ട് മുതലുണ്ട്. കരീം അവസാനകാലം ചെലവഴിച്ച ആഗ്രയിലുള്ള അദ്ദേഹത്തിന്‍െറ ശവകുടീരത്തില്‍ പ്രത്യേകം തയാറാക്കിയ വെള്ള ലോഹഫലകമാണ് പതിപ്പിക്കുക. കരീമിന്‍െറ ജീവചരിത്രം ഹ്രസ്വമായി ഫലകത്തില്‍ രേഖപ്പെടുത്തും. സെപ്റ്റംബര്‍ 19ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഫലകം അനാച്ഛാദനം ചെയ്യും. ആഗ്രയുടെ വിവിധ ഭാഗങ്ങളിലായി മറ്റു 18 ഫലകങ്ങളും ഇതേ സമയം അനാച്ഛാദനം ചെയ്യും. ലഖ്നോവാണ് പദ്ധതിയുടെ അടുത്ത കേന്ദ്രം. വിനോദസഞ്ചാരികള്‍ക്ക് സഹായകമാവുമെന്നതിലുപരി നാടിന്‍െറ ചരിത്രമറിയുന്നതിലൂടെ നാട്ടുകാര്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്താന്‍ കൂടിയാണ് ഈ ഉദ്യമം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.