മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസ്: 12 പേര്‍ കുറ്റക്കാര്‍

മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് മകോക കോടതി. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2014 ആഗസ്റ്റ് 19ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ കോടതിയുടെ നടപടി. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെ വെറുതെവിട്ടു.

2006 ജൂലൈ 11ന് മുംബൈ വെസ്റ്റേണ്‍ ലൈനിലെ ഏഴ് സബര്‍ബന്‍ ട്രെയിനുകളില്‍ ആര്‍.ഡി.എക്സ് ഉപയോഗിച്ച് ഏഴു സ്ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്. ബയന്തര്‍, ബോറിവാലി, ജോഗേശ്വരി, ഖര്‍ റോഡ്, ബാന്ദ്ര, മാഹിം, മാത്തുംഗ റോഡ് എന്നിവിടങ്ങളില്‍ തിരക്കേറിയ സമയമായ വൈകിട്ട് 6.24നും 6.35നും ഇടക്ക് 11 മിനിട്ടുകള്‍ക്കുള്ളില്‍ സ്ഫോടനങ്ങള്‍ നടന്നത്. 189 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്ഫോടനങ്ങളില്‍ 13 പ്രതികളാണ് അറസ്റ്റിലായത്.

പാക് തീവ്രവാദി സംഘടനയായ ലശ്കറെ ത്വയ്യിബ ആസൂത്രണം ചെയ്ത് സിമി നടപ്പാക്കിയതാണ് സ്ഫോടനങ്ങളെന്നാണ് പ്രോസിക്യൂഷന്‍ വാദം. മുന്‍ സിമി പ്രവര്‍ത്തകരായ യൂനാനി ഡോക്ടര്‍ തന്‍വീര്‍ അന്‍സാരി, ഇഹ്തഷാം സിദ്ദീഖി, ഫൈസല്‍ ശൈഖ്, മുഹമ്മദലി ശൈഖ് എന്നിവരടക്കം 13 പേരാണ് വിചാരണ നേരിട്ടത്. പാക് പൗരന്‍ അസിം ചീമ ഉള്‍പ്പെടെ 12 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. കെ.പി. രഘുവംശി മേധാവിയായിരിക്കെ മഹാരാഷ്ട്ര എ.ടി.എസാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവെച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. എട്ടു വര്‍ഷം നീണ്ട വിചാരണയില്‍ എട്ട് ഐ.പി.എസുകാരും അഞ്ച് ഐ.എ.എസുകാരും 18 ഡോക്ടര്‍മാരും ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.

ഈ കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഒരേ കഥയും രണ്ടു കൂട്ടം പ്രതികളുമായി രംഗത്തുവന്നത് 2008ല്‍ വിവാദത്തിന് വഴിവെച്ചിരുന്നു. അന്ന് മുംബൈ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന രാകേഷ് മാരിയ പറഞ്ഞത്, സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നായിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സാദിഖ് ഇസ്രാര്‍ ശൈഖുള്‍പ്പെടെ 22 പേരെ മാരിയ അറസ്റ്റ് ചെയ്യുകയും ചെയ്തു. സാദിഖ് മകോക കോടതിയില്‍ കുറ്റമേറ്റു പറഞ്ഞെങ്കിലും മാരിയയുടെ വാദം തഴയപ്പെട്ടു.

സാദിഖിനെ ചോദ്യംചെയ്ത എ.ടി.എസ് അയാളെ കുറ്റമുക്തനാക്കുകയാണ് ചെയ്തത്. കേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ തയാറായില്ല. പാകിസ്താനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് സ്ഫോടനത്തിന് ഉപയോഗിച്ച ആര്‍.ഡി.എസ് കടത്തിയതെന്നും മുഹമ്മദലി ശൈഖിന്‍െറ ഗോവണ്ടിയിലെ വീട്ടില്‍വെച്ചാണ് ബോംബുണ്ടാക്കിയതെന്നുമാണ് എ.ടി.എസിന്‍െറ കണ്ടെ ത്തല്‍.

കൊടും പീഡനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയാണ് എ.ടി.എസ് ചെയ്തതെന്ന് പ്രതികള്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പത്രപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍ പുറത്തു കൊണ്ടുവരികയും ചെയ്തു. ബന്ധുക്കളെ പീഡിപ്പിച്ചും നഗ്നരായി മുന്നില്‍ നിര്‍ത്തുമെന്ന ഭീഷണി മുഴക്കിയുമാണ് തന്‍െറ കുറ്റസമ്മത മൊഴിയെടുത്തതെന്ന് മുഖ്യപ്രതി ഫൈസല്‍ ശൈഖ് ആരോപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.