ന്യൂഡല്‍ഹി: വീട്ടുജോലിക്കാരികളെ ബലാത്സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ട സൗദി നയതന്ത്ര ഉദ്യോഗസ്ഥന്‍ ഭാര്യയുമൊത്ത് രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
29ാം വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ച് നയതന്ത്ര പ്രതിനിധികള്‍ക്ക് അറസ്റ്റില്‍ നിന്നും മറ്റു നടപടികളില്‍ നിന്നും പൂര്‍ണ പരിരക്ഷയാണുള്ളത്. നിയമമനുസരിച്ച് ആതിഥേയ രാജ്യം നയതന്ത്രപ്രതിനിധികളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കനുസൃതമായി ഇവരുടെ മേല്‍ കുറ്റം ചുമത്താന്‍ സര്‍ക്കാരിനും പരിമിതികളുണ്ട്.
ഡല്‍ഹിയിലെ സൗദി എംബസിയിലെ ഫസ്റ്റ് സെക്രട്ടറി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയിരുന്ന നേപ്പാള്‍ സ്വദേശിനികളായ സ്ത്രീയെയും മകളെയും ഗുഡ്ഗാവിലെ ഫ്ളാറ്റില്‍ തടഞ്ഞുവെച്ച് തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
ചൊവ്വാഴ്ച രാത്രി ഫ്ളാറ്റ് റെയ്ഡ് ചെയ്ത പൊലീസ് സ്ത്രീകളെ മോചിപ്പിച്ചതോടെയാണ് നാലു മാസമായി തുടരുന്ന പീഡനങ്ങള്‍ പുറത്തറിയുന്നത്. നയതന്ത്ര ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതിന് പുറമെ, ഫ്ളാറ്റില്‍ സന്ദര്‍ശകരായി എത്തിയ വിദേശ സുഹൃത്തുക്കള്‍ക്ക് തങ്ങളെ കാഴ്ചവെച്ചുവെന്നും സ്ത്രീകള്‍ മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഇതനുസരിച്ച് ബലാത്സംഗം, അന്യായമായി തടഞ്ഞുവെക്കല്‍, വധഭീഷണി തുടങ്ങി വകുപ്പുകള്‍ പ്രകാരം ഗുഡ്ഗാവ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാറില്‍നിന്നുള്ള അനുമതി ലഭിക്കാത്തതിനാല്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍െറ പേര് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.