ജൈനമതക്കാരുടെ വ്രതനാളില്‍ മുംബൈയില്‍ മാംസത്തിന് നിരോധം

മുംബൈ: ജൈന മതക്കാരുടെ വ്രതാനുഷ്ഠാനമായ ‘പരിയുഷാന്‍’ നാളുകളില്‍ മുംബൈയിലും താണെയിലും ഇറച്ചിക്കച്ചവടം നിരോധിച്ചു. വ്യാഴാഴ്ച മുതല്‍ എട്ടു ദിവസമാണ് ‘പരിയുഷാന്‍’. താണെയില്‍ പരിയുഷാന്‍ കഴിയുന്നതുവരെയാണ് നിരോധം. എന്നാല്‍, മുംബൈ നഗരസഭാ പരിധിയില്‍ 10, 11, 17, 18 തീയതികളില്‍ ആട്, മാട്, കോഴി അടക്കമുള്ളവയെ അറക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്നാണ് മുംബൈ നഗരസഭാ കമീഷണറുടെ നിര്‍ദേശം. മത്സ്യവില്‍പനക്ക് നിരോധമില്ല.

മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പോത്തൊഴിച്ചുള്ള മാട്ടിറച്ചി നിരോധിച്ചതിന്‍െറ തുടര്‍ച്ചയായാണ് ഈ നീക്കം നിരീക്ഷിക്കപ്പെടുന്നത്. ശിവസേന, എം.എന്‍.എസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തത്തെിയിട്ടുണ്ട്. ശിവസേനയാണ് മുംബൈ നഗരസഭ ഭരിക്കുന്നതെങ്കിലും ബി.ജെ.പി സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരമാണ് ഇറച്ചിക്കച്ചവടം നഗരസഭാ കമീഷണര്‍ നിരോധിച്ചതെന്നാണ് പറയുന്നത്. ജൈനന്മാര്‍ക്കു നേരെയുള്ള പ്രീണനമാണിതെന്നും മതഭീകരതയാണെന്നും ശിവസേന ആരോപിച്ചു.  

ബി.ജെ.പി സര്‍ക്കാറിന്‍േറത് മാംസാഹാരികളായ മറാത്തികളോടുള്ള അനീതിയാണെന്ന് രാജ് താക്കറെയുടെ എം.എന്‍.എസ് പ്രതികരിച്ചു. സിഖുകാരും മുസ്ലിംകളും ക്രിസ്ത്യാനികളും ജൈനന്മാരും സ്വയം പരിഗണിക്കുന്നത് ന്യൂനപക്ഷമായിട്ടാണ്. ഞങ്ങളവരെ മാനിക്കുന്നു. എന്നാല്‍, ഞങ്ങളെന്ത് കഴിക്കണമെന്ന് അനുശാസിക്കുന്നത് പൊറുപ്പിക്കുകയില്ല ^ശിവസേനാ നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. ബി.ജെ.പി സര്‍ക്കാറിന്‍െറ തീരുമാനത്തിനു പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയാണെന്നാണ് കോണ്‍ഗ്രസും എന്‍.സി.പിയും പ്രതികരിച്ചത്.

നിരോധം മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ളെന്നും സാമ്പത്തിക രംഗത്തെയും സാരമായി അത് ബാധിക്കുമെന്നും ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അക്ബറുദ്ദീന്‍ ഉവൈസി പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.