ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് വിസ നിയമത്തില്‍ ഇളവുനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാകിസ്താന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് വിസ കാലാവധി അവസാനിച്ചശേഷവും അനിശ്ചിതകാലത്തേക്ക് ഇന്ത്യയില്‍ കഴിയാം. ഈ കൂട്ടത്തില്‍പെടുന്നവര്‍ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്നവരാണെങ്കിലും ഇന്ത്യയില്‍ തുടരാം. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഉത്തരവ് പുറത്തിറങ്ങി.
അയല്‍രാജ്യങ്ങളില്‍ മതപരമായ വിവേചനത്തിന് ഇരയാക്കപ്പെട്ടവരാണ് അതിര്‍ത്തികടന്നുവന്നതെന്നും അതിനാല്‍ മാനുഷിക പരിഗണന വെച്ചാണ് തീരുമാനമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. അയല്‍രാജ്യത്ത് ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജെയിന്‍, പാഴ്സി, ബുദ്ധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് തീരുമാനത്തിന്‍െറ ആനുകൂല്യം ലഭിക്കുകയെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, മുഖ്യമായും ഹിന്ദു വിഭാഗത്തിലെ കുടിയേറ്റക്കാര്‍ക്കാണ് ഉത്തരവ് ഗുണംചെയ്യുക. അധികാരത്തിലേറിയാല്‍ ഇവര്‍ക്ക് പൗരത്വം നല്‍കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള നടപടിയുടെ തുടക്കമാണ് ആഭ്യന്തര മന്ത്രാലയ ഉത്തരവ്.
അയല്‍രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിംകള്‍ അല്ലാത്തവരുടെ എണ്ണം രണ്ടു ലക്ഷത്തോളം വരും. എന്നാല്‍, സമാന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് വന്ന മുസ്ലിംകള്‍ അതിലുമേറെയുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയിലേക്ക് വന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍ അസമിലും ബംഗാളിലും അതിര്‍ത്തി ജില്ലകളില്‍ ധാരാളമുണ്ട്. ഇവരില്‍ മിക്കവര്‍ക്കും പൗരത്വമില്ളെന്നുമാത്രമല്ല, അനധികൃത കുടിയേറ്റക്കാരായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.