മലയിടുക്കില്‍ മരണം കാത്ത് മാധ്യമപ്രവര്‍ത്തകന്‍

മണാലി: മരണക്കയത്തില്‍നിന്നുള്ള രക്ഷതേടി  റിച്ചാര്‍ഡ് ഖീര്‍ ഇതിനകം കഴിച്ചുകൂട്ടിയത് ഏഴു രാവും പകലും. രക്ഷാപ്രവര്‍ത്തകരുടെ കൈകള്‍ ഇനിയും തന്‍െറ നേരെ നീട്ടിയില്ളെങ്കില്‍ മരണം പുല്‍കാന്‍ അയാള്‍ തയാറെടുത്തുകഴിഞ്ഞു. ആഗസ്റ്റ് 29നാണ് മുംബൈ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് ഖീറും സുഹൃത്ത് ഷെരിയാര്‍ എന്ന ജംഷദും ലാഹോല്‍ സ്പിതി ജില്ലയിലെ മിയാര്‍ താഴ്വരയോട് ചേര്‍ന്നുള്ള ഹിമാലയന്‍ മലമുകളില്‍ ട്രക്കിങ്ങിനായി പുറപ്പെട്ടത്. മലകയറ്റത്തിനിടെ പിടിവിട്ട് റിച്ചാര്‍ഡ് 300 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. മരണം മുന്നില്‍കണ്ട നിമിഷങ്ങള്‍ക്കുശേഷം ജീവനുണ്ടെന്ന് ബോധ്യംവന്നതോടെ സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഇതോടെ സുഹൃത്തിനെ രക്ഷപ്പെടുത്താനായി ജംഷദും മലയിടുക്കിലേക്ക് ഊര്‍ന്നിറങ്ങി. മലകയറ്റത്തില്‍ ഏറ്റവും പ്രയാസമേറിയ ഒരു ദൗത്യമാണ് കുത്തനെയുള്ള മലയിടുക്കിലേക്ക് ഇറങ്ങിച്ചെല്ലുകയെന്നത്. എന്നാല്‍, ജംഷദ് അതില്‍ വിജയിച്ചു. സുഹൃത്തിനെ താങ്ങിയെടുത്ത് താന്‍ അണിഞ്ഞിരുന്ന കമ്പിളിക്കുപ്പായം അയാളെ അണിയിച്ചു. തുടര്‍ന്ന് വയര്‍ലെസിലൂടെ ബേസ് ക്യാമ്പില്‍ വിവരം ധരിപ്പിച്ചു.
 രണ്ടു ദിവസം പിന്നിട്ട് സെപ്റ്റംബര്‍ ഒന്നിന് രക്ഷാപ്രവര്‍ത്തകര്‍ മലയിടുക്കില്‍ ഇരുവരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷേ, രക്ഷാ പ്രവര്‍ത്തകരുമായുള്ള വയര്‍ലെസ് ബന്ധം അപ്പോഴേക്കും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുതിയ വയര്‍ലെസ് സെറ്റുമായി മറ്റൊരു സംഘമത്തെിയശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. ഇനി ഹെലികോപ്ടര്‍ ഉപയോഗിച്ച് മാത്രമേ പരിക്കേറ്റ റിച്ചാര്‍ഡിനെ ഉയര്‍ത്താനാവൂവെന്ന് ജംഷദ് അറിയിച്ചു. അതിന് പക്ഷേ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍െറ അനുമതി വേണം. അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉധംപുര്‍ ഡിവിഷനല്‍ മജിസ്ട്രേറ്റ് ഡോ. അമിത് ഗുലേറിയ പറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിലെ പ്രഗല്ഭരായ മലകയറ്റക്കാരെ ഉള്‍പ്പെടുത്തി രക്ഷാദൗത്യ സംഘത്തെ തയാറാക്കിനിര്‍ത്തിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയിടുക്കിന് മുകളില്‍ ഏറെ നേരം ഹെലികോപ്ടര്‍ നിശ്ചലമാക്കി നിര്‍ത്തി മാത്രമേ റിച്ചാര്‍ഡിനെ പൊക്കിയെടുക്കാനാവൂ.
 ഇത് ഏറെ പ്രയാസമേറിയ ദൗത്യമാണ്. അനുമതി ലഭിച്ചാലുടന്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങും. അതേസമയം, മകന്‍െറ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് റിച്ചാര്‍ഡിന്‍െറ മാതാവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍, നടപടികള്‍ പൂര്‍ത്തീകരിച്ച് സഹായം എത്തുന്നതുവരെ മലയിടുക്കില്‍ മരണം മകനെ കാത്തിരിക്കുകയാണെന്ന് ആ അമ്മക്കറിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.