ഭരണകൂടം ഇന്ത്യയെ നയിക്കുന്നത് നാസി ജര്‍മനിയുടെ പാതയില്‍ -ഡോ. ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ തകര്‍ത്തെറിഞ്ഞും ചരിത്രത്തെ ചതച്ചരച്ചും നീങ്ങുന്ന ഭരണകൂടം ഇന്ത്യയെ നാസി ജര്‍മനിയുടെ പാതയിലേക്കാണ് നയിക്കുന്നതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. ഇര്‍ഫാന്‍ ഹബീബ്.  ഡോ. എം.എം. കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ-സാംസ്കാരിക കൂട്ടായ്മയായ ‘സഹ്മതി’ന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയല്ല, ഫാഷിസത്തെ പുണരുന്നതില്‍ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത ആര്‍.എസ്.എസ് ആണ്. ഞങ്ങളുടേത് മാത്രം ഉല്‍കൃഷ്ടം എന്ന നാസികളുടെ ചിന്താധാരയാണ് ഇന്ത്യന്‍ ഫാഷിസ്റ്റുകളും ആവര്‍ത്തിക്കുന്നത്. അവരുടെ ചരിത്രപുസ്തകങ്ങളില്‍ സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിയോ നെഹ്റുവോ വഹിച്ച പങ്കിനെക്കുറിച്ചില്ല, ഗാന്ധിവധത്തെക്കുറിച്ച് മിണ്ടുന്നുപോലുമില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഒരു തരിമ്പുപോലും പങ്കുവഹിക്കാത്ത സംഘടനയാണ് ആര്‍.എസ്.എസ് എന്നും രാജ്യത്തെ മറ്റൊരു സമുദായത്തെ ഇല്ലാതാക്കുക മാത്രമായിരുന്നു അവരുടെ അജണ്ടയെന്നും ഡോ. ഹബീബ്  ചൂണ്ടിക്കാട്ടി. അലഹബാദിന്‍െറയും ലഖ്നോവിന്‍െറയും പേരുമാറ്റാന്‍ മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്ത് ശ്രമം നടന്നിരുന്നെങ്കിലും താന്‍ തെരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്മണ്‍പുരിയില്‍നിന്നല്ല, ലഖ്നോവില്‍നിന്നാണ് എന്ന് വാജ്പേയി അഭിപ്രായപ്പെട്ടതിനാല്‍ അത് നടന്നില്ല. അന്ന് നടക്കാതെ പോയ പേരുമാറ്റങ്ങള്‍ ഇനി തിരക്കിട്ട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
 ദാഭോല്‍കറെയും പന്‍സാരെയെയും വധിച്ച് നാളുകള്‍ കഴിഞ്ഞിട്ടും അവരെ വധിക്കുമെന്ന് മുന്‍കൂട്ടി ഭീഷണി മുഴക്കിയ വര്‍ഗീയ സംഘടനകളുടെ പങ്ക് അന്വേഷിക്കാന്‍ തയാറായിട്ടില്ളെന്ന്  പൗരാവകാശപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് പറഞ്ഞു. കല്‍ബുര്‍ഗിയുടെ വധത്തിനുശേഷം മറ്റൊരു പണ്ഡിതനുനേരെയും സാമൂഹികമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കുന്നു. വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ് നിയന്ത്രിക്കുകയും വിദ്യാഭ്യാസ നയം  രൂപവത്കരിക്കുന്നതില്‍ അവര്‍ക്ക് മേല്‍ക്കൈ ലഭിച്ചിരിക്കുന്നതും കടുത്ത അപകടമാണ്. ഗുജറാത്തില്‍ 1999ല്‍ ഏര്‍പ്പെടുത്തിയ വര്‍ഗീയത നിറഞ്ഞ പാഠപുസ്തകങ്ങള്‍ വംശഹത്യക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുനല്‍കി. അത് രാജ്യവ്യാപകമാക്കാനുള്ള പുറപ്പാടാണ് നടന്നുവരുന്നത്.ഇന്ത്യന്‍ സാമ്പത്തികമേഖലയിലെ തകര്‍ച്ച മുതലാക്കി ഫാഷിസ്റ്റുകള്‍ വളര്‍ന്നുകയറാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായക് പറഞ്ഞു. സംഘടിതമായ ചെറുത്തുനില്‍പ് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചരിത്രകാരന്‍ സുഹൈല്‍ ഹാശ്മി, അനില്‍ മോര്യ എന്നിവരും സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.