കല്‍ബുര്‍ഗിയുടെ കൊലപാതകം: മുന്‍ ശ്രീരാമ സേനാ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പുരോഗമന എഴുത്തുകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ തീവ്രവികാര മുണര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് മുന്‍ ശ്രീരാമസേനാ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ രാമസേനയുടെ മംഗളൂരു ജില്ലാ മുന്‍ യൂനിറ്റ് പ്രസിഡന്‍റ് പ്രസാദ് അത്താവറിനെ വ്യഴാഴ്ച വൈകീട്ട് സി.ഐ.ഡിയും മംഗളൂരു പൊലീസും ചേര്‍ന്നാണ്  അറസ്റ്റ് ചെയ്തത്. ഭട്ക്കല്‍ സ്വദേശി ശങ്കര്‍ നായിക്കിനെ ഉഡുപ്പി പൊലീസും കസ്റ്റഡിയിലെടുത്തു.എട്ടു വര്‍ഷമായി സംഘടനയിലുണ്ടായിരുന്ന പ്രസാദ് 2009ല്‍ മംഗളൂരുവില്‍ നടന്ന പമ്പ് ആക്രമണ കേസിലെ മുഖ്യ പ്രതികളിലൊരാളാണ്. ഇയാള്‍ ഇപ്പോള്‍ ബജ്റംഗ് ദളിലാണെന്നും വാര്‍ത്തകളുണ്ട്. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വാട്സ് ആപ്പിലൂടെ നന്ദി അറിയിക്കുന്ന ഇദ്ദേഹത്തിന്‍െറ സന്ദേശങ്ങളാണ് അറസ്റ്റിന് കാരണം. കൂടാതെ, ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും വിമര്‍ശിക്കുന്നവരുടെ വിധി ഇതായിരിക്കുമെന്നും കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനു പിന്നാലെ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു. പ്രസാദിന്‍െറ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ ന്യായീകരിച്ച് ട്വീറ്റ് ചെയ്ത ബജ്റംഗ്ദളിന്‍െറ ബണ്ട്വാള്‍ സഹകണ്‍വീനര്‍ ഭുവിത് ഷെട്ടിയെയും പൊലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ഇരയെന്നു പറഞ്ഞ് ട്വിറ്ററില്‍ കന്നട എഴുത്തുകാരനും യുക്തിവാദിയുമായ കെ.എസ്. ഭാഗവാനെ ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്.അതേസമയം, അക്രമികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ കേസിന്‍െറ അന്വേഷണം സി.ഐ.ഡി വിഭാഗം ഊര്‍ജിതമാക്കി. യുക്തിവാദികളായ നരേന്ദ്ര ദാഭോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരെ എന്നിവരുടെ കൊലപാതകവുമായി കല്‍ബുര്‍ഗിയുടെ വധത്തിന് സമാനതകളുള്ളതിനാല്‍  കര്‍ണാടകയും മഹാരാഷ്ട്രയും സംയുക്ത അന്വേഷണ സംഘത്തിന് രൂപംനല്‍കാനുള്ള തയാറെടുപ്പിലാണ്. രണ്ടംഘ സി.ഐ.ഡി സംഘം പുണ, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ തങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കൂടാതെ, മഹാരാഷ്ട്ര പൊലീസിലെ ഒരു സംഘം ധാര്‍വാഡിലത്തെി കര്‍ണാടക സി.ഐ.ഡിയില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.