കോമണ്‍വെല്‍ത്ത് അഴിമതി; നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ

ന്യൂഡല്‍ഹി: 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നാല് പേരെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇവര്‍ നാലുപേരും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരാണ്. ഒരു പ്രൈവറ്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ആറു വര്‍ഷത്തേക്കും കോടതി ശിക്ഷിച്ചു. സ്വേക പവര്‍ ടെക് എന്‍ജിനിയേഴ്സിന്‍െറ എം.ഡി ടി.പി സിങ്ങിനെയാണ് ആറു വര്‍ഷം തടവിന് ശിക്ഷിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് വിധി പറയുന്ന ആദ്യത്തെ കേസാണിത്. സി.ബി.ഐ കോടതി ജഡ്ജി ബ്രിജേഷ് ഗാര്‍ഗാണ് ശിക്ഷ പ്രഖ്യാപിച്ചത്.

ഡല്‍ഹിയിലെ സ്ട്രീറ്റ് ലൈറ്റുകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ അഴിമതി നടത്തി എന്നാണ് സി.ബി.ഐ കുറ്റപത്രം. സ്വകാര്യ കമ്പനിക്ക് അനധികൃതമായി ടെന്‍ഡര്‍ അനുവദിച്ചു. ഇത് സര്‍ക്കാറിന് 1.42 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഫിലിപ്സ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ മെഹുല്‍ കാര്‍നികിനെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാളെ കോടതി കുറ്റവിമുക്തമാക്കുകയായിരുന്നു.

കോമണ്‍വെല്‍ത്ത് നടത്തിപ്പുമായി ബന്ധപ്പെട്ട പത്ത് കേസുകളില്‍ ഒന്നാണ് സ്ട്രീറ്റ് ലൈറ്റ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.