ബംഗളൂരു: കന്നഡ സാഹിത്യകാരനും സർവകലാശാല മുന്‍ വി.സിയുമായ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ട നിലയില്‍. കൊലപാതകിയുടേതായി പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ആളുടെ മൃതദേഹമാണ് ബെലഗാവിയില്‍ കണ്ടെത്തിയത്. ഒക്‌ടോബര്‍ 18ന് ഖാനാപുര്‍ വനത്തില്‍ വെടിയേറ്റ് മരിച്ചനിലയിലായിരുന്നു മൃതദേഹം. ഒരു വെടിയുണ്ടയും മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വിവരം ബുധനാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിയുന്നത്. മൃതദേഹം വിട്ടുകിട്ടാനുള്ള ആവശ്യവുമായി ആരും മുന്നോട്ടുവന്നിട്ടില്ല. മൃതദേഹവും രേഖാചിത്രവും തമ്മിലുള്ള സാമ്യത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബെലഗാവി എസ്.പി. രവികാന്ത് മാധ്യമങ്ങളെ അറിയിച്ചു.
ആഗസ്റ്റ് 30നാണ് ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ കല്‍ബുര്‍ഗിക്കു വെടിയേറ്റത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതരായ ആയുധധാരികള്‍ വീടിന്‍റെ വാതിലില്‍ മുട്ടുകയും വാതില്‍ തുറന്ന ഉടന്‍ കല്‍ബുര്‍ഗിയെ വെടിവച്ചു വീഴ്ത്തുകയുമായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകിയെ കുറിച്ച് പല വിധത്തിൽ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും പൊലീസിന് ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.