ഹരിയാന ദലിത് ബാലന്‍െറ കൊലപാതകം: പ്രതിഷേധവുമായി ജനം, ആത്മഹത്യയെന്ന് മുഖ്യമന്ത്രി

ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തിലെ ഗൊഹാന ഗ്രാമത്തില്‍ ദലിത് ബാലനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. പ്രാവിനെ മോഷ്ടിച്ചെന്ന പേരില്‍ ഗോവിന്ദ എന്ന 14 കാരനെ പൊലീസ് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. എന്നാല്‍, മരണം ആത്മഹത്യയാണെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍െറ പ്രതികരണം.

 ഗൊഹാനയിലെ ഗോവിന്ദപുരയില്‍ വീടിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. കൈകാലുകളുടെ അസ്ഥികള്‍ പൊട്ടിയും ദേഹത്ത് മുഴുവന്‍ പരിക്കുകളോടെയുമായിരുന്നു ഗോവിന്ദയുടെ മൃതദേഹം കണ്ടത്തെിയത്. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഗോവിന്ദന്‍െറ മരണത്തിനുപിന്നില്‍ പൊലീസാണെന്ന് കുടുംബം ആരോപിച്ചു. ഗോവിന്ദയെ മോചിപ്പിക്കാന്‍ പൊലീസ് 10,000 രൂപ കൈക്കൂലി വാങ്ങിയതായും എന്നാല്‍, വിട്ടയച്ചില്ളെന്നും കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഗോവിന്ദയുടെ ബന്ധുക്കളും നാട്ടുകാരും ഗൊഹാനാ-ജുല്ലാന സംസ്ഥാന പാതയും മേഖലയിലെ റെയില്‍വെ ട്രാക്കും ഉപരോധിച്ചിരുന്നു. ദലിതര്‍ രാജ്യത്ത് അപമാനിക്കപ്പടുകയാണെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായവതി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുമെന്നും അവര്‍ വ്യക്തമാക്കി.

പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് പരിക്കുകള്‍ ഉള്ളതായി കണ്ടത്തെിയിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും പൊലീസ് സൂപ്രണ്ട് അഭിഷേക് ഗാര്‍ക് മാധ്യമങ്ങളോട് പറഞ്ഞു.





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.