കര്‍ണാടകയില്‍ യുവ ദലിത് എഴുത്തുകാരനെതിരെ ആക്രമണം

കര്‍ണാടക: ജാതി വ്യവസ്ഥക്കെതിരെ എഴുതിയ ദലിത് എഴുത്തുകാരന് നേരെ  ആക്രമണം. മധ്യകര്‍ണാടകയിലെ ദവന്‍ഗരെ സര്‍വകലാശാല വിദ്യാര്‍ഥിയും യുവ എഴുത്തുകാരനുമായ ഹുചാന്‍ങി പ്രസാദാണ് വ്യാഴാഴ്ച ആക്രമണത്തിന് ഇരയായത്. ജാതി വ്യവസ്ഥയെക്കുറിച്ച് ഹുചാന്‍ങി പ്രസാദ് ഒരുവര്‍ഷം മുന്‍പ് എഴുതിയ പുസ്തകം ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കന്നട എഴുത്തുകാരന്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് മൂന്ന് മാസത്തിനുള്ളിലാണ് കര്‍ണാടകയില്‍ ദലിത് എഴുത്തുകാരന് നേരെ ആക്രമണമുണ്ടാകുന്നത്.

ദവന്‍ഗരെ സര്‍വകലാശാ ജേണലിസം വിദ്യാര്‍ഥിയായ ഹുചാന്‍ങി പ്രസാദ് എസ്.സി, എസ്.ടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അമ്മക്ക് ഹൃദയാഘാതം ഉണ്ടായെന്ന്  അറിയിച്ച് എത്തിയ അപരിചിതനൊപ്പം ഹുചാന്‍ങി പ്രസാദ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ പത്ത് പേര്‍ വരുന്ന സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്ന് ഹുചാന്‍ങി പ്രസാദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

താന്‍ എഴുതുന്നത് ഹിന്ദു വിരുദ്ധമാണെന്നും ഇനിയും എഴുതിയാല്‍ വിരലുകള്‍ മുറിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹുചാന്‍ങി പ്രസാദ് വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന്, തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിനും എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കേസ് ചുമത്തി. 2014 ഏപ്രിലില്‍ പുറത്തിറങ്ങിയ പുസ്തകം ഹുചാന്‍ങി പ്രസാദിന്‍െറ പുസ്തകം ഇന്ത്യയിലെ ദലിതരുടെ അവസ്ഥ വിശദമാക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.