ഹരിയാനയില്‍ കുട്ടികളെ ചുട്ടുകൊന്ന സംഭവം; സി.ബി.ഐ അന്വേഷിക്കും

ഫരീദാബാദ്: ഹരിയാനയില്‍ സവര്‍ണ ജാതിക്കാര്‍ കുട്ടികളെ ചുട്ടുകൊന്ന സംഭവം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ  സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. ചുട്ടുകൊന്ന ദലിത് കുട്ടികളുടെ മൃതദേഹവുമായി രോഷാകുലരായ നാട്ടുകാര്‍ ഡല്‍ഹിക്ക് സമീപമുള്ള ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ പങ്കുള്ള എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് രണ്ടരയും 11മാസവും പ്രായമുള്ള കുഞ്ഞുങ്ങളുടെ മൃതദേഹവുമേന്തിയുള്ള പ്രതിഷേധം. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതുവരെ കുട്ടികളുടെ അന്ത്യകര്‍മങ്ങള്‍ നടത്തില്ളെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ മൂന്നു പേര്‍ മാത്രമാണ് സംഭവത്തില്‍ അറസ്റ്റിലായത്.

അതിനിടെ, ദാരുണാന്ത്യത്തിനിരായ കുട്ടികളുടെ വീട്ടില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. കൊലപാതകത്തിന്‍െറ ഉത്തരവാദി ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ആണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ദുര്‍ബലരെ തകര്‍ക്കുന്നത് പ്രധാന മന്ത്രിയുടെയും ഹരിയാന മുഖ്യമന്ത്രിയുടെയും സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ഫോട്ടോ അവസരം ഉപയോഗപ്പെടുത്താനല്ളേ ഇവിടെ വന്നത് എന്ന  മാധ്യമ പ്രവര്‍ത്തകന്‍െറ ചോദ്യത്തോട് വളരെ ക്ഷുഭിതനായാണ് രാഹുല്‍ പ്രതികരിച്ചത്. ഒരു ഫോട്ടോക്കുള്ള എന്ത് അവസരമാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആളുകള്‍ മരിക്കാന്‍ കിടക്കുന്നു. ഇവിടെ എന്താണ് താങ്കള്‍ ഇവിടെ ഫോട്ടോക്ക് അവസരമായി കാണുന്നത്? ഈ ചോദ്യത്തിലൂടെ താങ്കള്‍ എന്നെയല്ല അവഹേളിച്ചത്. ഇവിടെ കൂടി നില്‍ക്കുന്നവരെയാണ്. ഞാന്‍ ഇവിടെ ഇനിയുമിനിയും വരിക തന്നെ ചെയ്യും -മാധ്യമ പ്രവര്‍ത്തകന് രാഹുല്‍ ചുട്ട മറുപടി നല്‍കി.



കുട്ടികളുടെ മൃതദേഹവുമേന്തി രാവിലെ മുതല്‍ തന്നെ നാട്ടുകാര്‍ റോഡുപരോധിക്കാന്‍ തുടങ്ങിയിരുന്നു. വലിയ രണ്ട് ഐസ് കഷ്ണത്തിന് മുകളിലാണ് മൃതദേഹം കിടത്തിയത്. നൂറുകണക്കിന് ആളുകള്‍ ആണ് അവിടെ തടിച്ചു കൂടിയത്. പ്രതിഷേധക്കാരെ ലാത്തി വീശി പൊലീസ് ഓടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എന്‍െറ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നും പെള്ളലേറ്റ നിലയില്‍ സ്ഥലത്ത് എത്തിച്ച കുട്ടികളുടെ പിതാവ് പറഞ്ഞു.  ഗുരുതര നിലയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികില്‍സയില്‍ ആണ് കുട്ടികളുടെ മാതാവ്.

ഒരു വര്‍ഷം മുമ്പുണ്ടായ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ ദലിതരുടെ സുരക്ഷക്ക് പൊലീസിനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഒരു കൊലപാതകത്തിന്‍െറ തുടര്‍ച്ചയാണ് തീവെപ്പ്. ദലിത് കുടുംബത്തിന് വധഭീഷണിയുണ്ടായിരുന്നു.

തിങ്കളാഴ്ച ഫരീദാബാദ് വല്ലഭ്ഗഡിലെ സോണപേഡ് ഗ്രാമത്തിലെ ജിതേന്ദറിന്‍െറ വീടിനു നേരയാണ് ആക്രമണം നടന്നത്. ഡല്‍ഹിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് രാജ്യത്തെ നടുക്കിയ സംഭവം. രജ്പുത് വിഭാഗത്തില്‍പെട്ടവര്‍ വീടിന്‍െറ ജനലഴിയിലൂടെ പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. വീട്ടില്‍ ഉറങ്ങുകയായിരുന്ന രണ്ടര വയസ്സുകാരനായ വൈഭവും 11 മാസം പ്രായമായ ദിവ്യയുമാണ് മരിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.