ബി.ജെ.പി നേതാക്കള്‍ താക്കറെയെ വണങ്ങുന്ന പോസ്റ്ററുകളുമായി സേന

മുംബൈ: ബാല്‍ താക്കറെക്കു മുന്നില്‍ കുമ്പിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പോസ്റ്ററുമായി ശിവസേന. ദാദറിലെ ശിവസേനാ ഭവന്‍ പരിസരത്താണ് ബി.ജെ.പിയെ ലക്ഷ്യമിട്ടുള്ള കൂറ്റന്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി തുടങ്ങിയ ബി.ജെ.പിയിലെ പ്രമുഖര്‍ ശിവസേനാ സ്ഥാപക നേതാവായിരുന്ന ബാല്‍ താക്കറെയെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളാണ് പോസ്റ്ററുകളില്‍. താക്കറെയും മുന്‍ പ്രധാനമന്ത്രി വാജ്പേയിയും സംസാരിക്കുന്ന ചിത്രവുമുണ്ട്. ഇന്ന് കപടനാട്യം കാട്ടുന്നവര്‍ മുമ്പ് ‘സാഹെബി’നു മുന്നില്‍ തലകുമ്പിട്ടത് മറക്കരുതെന്ന മറാത്തി കുറിപ്പുമുണ്ട്. ബി.ജെ.പിയും ശിവസേനയും തമ്മിലെ പോര് വ്യക്തമാക്കുന്നതാണ് പോസ്റ്ററുകള്‍. ബി.സി.സി.ഐ ആസ്ഥാനത്ത് അതിക്രമിച്ചു കടന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയറ്റ്ലിയുടെ പ്രതികരണത്തിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രയോഗം. പ്രതികരണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സംസ്കാരമുള്ള മാതൃക ശിവസേന കൈക്കൊള്ളണമെന്നാണ് ജെയ്റ്റ്ലി പറഞ്ഞത്.


 


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.