ഷീന ബോറ കേസ്: നാലു സംസ്ഥാനങ്ങളില്‍ സി.ബി.ഐ പരിശോധന

മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം നാലു സംസ്ഥാനങ്ങളില്‍ പരിശോധന നടത്തി.
 മുംബൈ, ഗോവ, കൊല്‍ക്കത്ത, ഗുവാഹതി എന്നിവിടങ്ങളിലായിരുന്നു പരിശോധന. മുഖ്യപ്രതിയും ഷീന ബോറയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജിയുടെയും ഭര്‍ത്താവ് മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയുടെയും മുംബൈയിലും ഗോവയിലുമുള്ള നാല് ഫ്ളാറ്റുകളിലും ഇന്ദ്രാണിയുടെ ഗുവാഹതിയിലെ തറവാട് വീട്ടിലുമാണ് സി.ബി.ഐ സംഘം തിരച്ചില്‍ നടത്തിയത്.
കൊല്‍ക്കത്തയില്‍ കേസിലെ പ്രതിയും ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവുമായ സഞ്ജീവ് ഖന്നയുടെ വീട്ടിലായിരുന്നു റെയ്ഡ്. കൊലപാതകത്തിന് സഹായിച്ച ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ മുംബൈയിലെ വീടും മധ്യപ്രദേശിലെ ചിന്ദ്വാരയിലുള്ള വീടുമാണ് റെയ്ഡ് ചെയ്തത്.
ഷീന ബോറ കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ രാകേഷ് മാരിയയെ മുംബൈ പൊലീസ് കമീഷണര്‍ പദവിയില്‍നിന്ന് മാറ്റിയത് വിവാദമായതോടെ കഴിഞ്ഞ മാസമാണ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. മുംബൈ പൊലീസിന്‍െറ കണ്ടത്തെല്‍ ശരിവെച്ച സി.ബി.ഐ സംഘം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടത്തുന്നത്.
ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണിക്ക് സഞ്ജീവ് ഖന്നയില്‍ പിറക്കുകയും പീറ്റര്‍ മുഖര്‍ജി ദത്തെടുക്കുകയും ചെയ്ത മകള്‍ വിധി, ഇന്ദ്രാണിയുടെ മകന്‍ മിഖായേല്‍ ബോറ എന്നിവരെ സി.ബി.ഐ ചോദ്യംചെയ്തിരുന്നു. ഇതിനിടെ മുംബൈ കോടതി ഇന്ദ്രാണി മുഖര്‍ജി, സഞ്ജീവ് ഖന്ന, ശ്യാംവര്‍ റായ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 31 വരെ നീട്ടി.
തിങ്കളാഴ്ച ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കോടതി മുമ്പാകെ രഹസ്യ മൊഴി നല്‍കാന്‍ അനുമതി തേടി അപേക്ഷ നല്‍കി. ഇയാളുടെ മൊഴിയെ തുടര്‍ന്നാണ് മുംബൈ പൊലീസ് ഇന്ദ്രാണി മുഖര്‍ജിയെയും സഞ്ജീവ് ഖന്നയെയും അറസ്റ്റ് ചെയ്തത്. 2012 ഏപ്രില്‍ 24ന് കാറില്‍വെച്ച് ഷീനയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും പിന്നീട് മൃതദേഹം കത്തിച്ച് റായ്ഗഢിലെ വനത്തില്‍ തള്ളിയെന്നുമായിരുന്നു മൊഴി. 2012 മേയില്‍ റായ്ഗഢിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ പെന്‍ പൊലീസ് കണ്ടത്തെിയ അജ്ഞാത മൃതദേഹം ഷീനയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.