കുറ്റക്കാരായ ജനപ്രതിനിധികളെ ഉടന്‍ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡല്‍ഹി: കോടതി കുറ്റക്കാരായി കണ്ടത്തെുന്ന ജനപ്രതിനിധികളെ കാലതാമസം കൂടാതെ അയോഗ്യരാക്കാന്‍ സംവിധാനം വേണമെന്ന് പാര്‍ലമെന്‍റിനോടും സംസ്ഥാന നിയമനിര്‍മാണ സഭകളോടും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു. കോടതി കുറ്റക്കാരായി വിധിച്ചവര്‍ ഉന്നത കോടതികളില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകുംവരെ അയോഗ്യരാക്കപ്പെടാനാവില്ളെന്ന ഇളവ് നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലെ നാലാം അനുച്ഛേദമാണ് 2013 ജൂലൈയില്‍ റദ്ദാക്കിയത്. സുപ്രീംകോടതി വിധി നടപ്പായ സാഹചര്യത്തില്‍ അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റക്കാരെന്നു കോടതി കണ്ടത്തെിയവരെ ഉടന്‍ അയോഗ്യരാക്കണമെന്നും ഇതിന് ബന്ധപ്പെട്ട നിയമനിര്‍മാണ സഭകള്‍ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചു.
ചില കേസുകളില്‍ അയോഗ്യരാക്കിയുള്ള ഉത്തരവ് കൈമാറാന്‍ കാലതാമസം നേരിട്ടതായി കമീഷന്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ 103ാം ഖണ്ഡികയിലെ ചട്ടങ്ങള്‍ക്കും സുപ്രീംകോടതി വിധിക്കുമെതിരാണിത്. ഇക്കാര്യത്തില്‍ വിവേചനമില്ലാതെ ഉടന്‍ നടപടിയുണ്ടാകണം.
കോടതി കുറ്റക്കാരായി കണ്ടത്തെിയ ജനപ്രതിനിധികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാര്‍ ബന്ധപ്പെട്ട നിയമനിര്‍മാണ സഭയെ ഉടന്‍ അറിയിക്കണമെന്നും കമീഷന്‍ നിര്‍ദേശം നല്‍കി. ഏഴു ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കണം.
2013 ഒക്ടോബറില്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി റശീദ് മസ്ഊദ് ആണ് പുതിയ നിയമപ്രകാരം ആദ്യമായി അയോഗ്യനാക്കപ്പെടുന്നത്. കാലിത്തീറ്റ കുംഭകോണ കേസില്‍ അതേവര്‍ഷം ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ജനതാദള്‍-യു നേതാവ് ജഗദീഷ് ശര്‍മയും ലോക്സഭയില്‍നിന്ന് അയോഗ്യരാക്കപ്പെട്ടു.
ജനപ്രതിനിധികളെ പെട്ടെന്ന് അയോഗ്യരാക്കുന്നത് ഒഴിവാക്കാന്‍ യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പുതിയ ബില്‍ കൊണ്ടുവന്നെങ്കിലും പ്രതിപക്ഷവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാസാക്കാനായില്ല. 2013 സെപ്റ്റംബറില്‍ ഇതേ ബില്‍ ഓര്‍ഡിനന്‍സായി ഇറക്കിയെങ്കിലും രാഹുല്‍ ഗാന്ധി പരസ്യമായി രംഗത്തത്തെിയതോടെ പിന്‍വലിച്ചു. ഓര്‍ഡിനന്‍സ് ശുദ്ധ അസംബന്ധമാണെന്നും കീറിക്കളയണമെന്നുമായിരുന്നു രാഹുലിന്‍െറ പരസ്യ വിമര്‍ശം. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഓര്‍ഡിനന്‍സിനെതിരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.