ബംഗളൂരു: ഹിന്ദുദേവത യെല്ലമ്മയുടെ ചിത്രം കാലില്‍ പച്ചകുത്തിയ ആസ്ട്രേലിയന്‍ സ്വദേശികള്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി. ബംഗളൂരുവിലെ റെസിഡന്‍സി റോഡിലെ റസ്റ്റാറന്‍റില്‍ ഭക്ഷണം കഴിക്കാനത്തെിയ മെല്‍ബണ്‍ സ്വദേശികളായ മാറ്റ് കെയ്റ്റ് (21), സുഹൃത്ത് എമിലി (20) എന്നിവരെയാണ് തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്.
മാറ്റ് കെയ്റ്റിന്‍െറ കാലില്‍ യെല്ലമ്മയുടെ ചിത്രം പച്ചകുത്തിയത് ശ്രദ്ധയില്‍ പെട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും ചിത്രം നീക്കംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദു ദേവതയുടെ ചിത്രം എന്തിന് പച്ചകുത്തിയെന്നും ഹൈന്ദവ വിശ്വാസങ്ങളെക്കുറിച്ച് അറിയുമോ എന്നും ചോദിച്ച് ബഹളംവെച്ചു. ഇവര്‍ കൂടുതല്‍ പേരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് 25ഓളം പേര്‍ സ്ഥലത്തത്തെി. ഇതോടെ ഹോട്ടലില്‍നിന്ന് പോകാന്‍ തുനിഞ്ഞ ഇരുവരെയും തടഞ്ഞുനിര്‍ത്തി ഭീഷണി തുടര്‍ന്നു. സ്ഥലത്തത്തെിയ പൊലീസുകാരനും സംഘത്തിനൊപ്പം ചേര്‍ന്നു. ആസ്ട്രേലിയന്‍ സ്വദേശികളെ രക്ഷപ്പെടുത്തുന്നതിന് പകരം, മതവികാരത്തെ വ്രണപ്പെടുത്തിയതിന് മാപ്പുപറയാന്‍ പൊലീസും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരെയും അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെയത്തെിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മാപ്പ് എഴുതിനല്‍കാതെ ഇരുവരെയും വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ടു. നിയമ വിദ്യാര്‍ഥിയായ മാറ്റ് കെയ്റ്റ് താന്‍ തെറ്റൊന്നും ചെയ്തില്ല എന്ന് വാദിച്ചെങ്കിലും മൂന്ന് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തി. ഒടുവില്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ ചിത്രം വസ്ത്രംകൊണ്ടു മൂടാം എന്ന് എഴുതി നല്‍കിയതിനു ശേഷമാണ് തങ്ങളെ മോചിപ്പിച്ചതെന്നും സ്റ്റേഷനില്‍ ഹിന്ദു തത്ത്വങ്ങള്‍ പഠിപ്പിക്കാനാണ് പൊലീസ് തുനിഞ്ഞതെന്നും മാറ്റ് കെയ്റ്റ് പറഞ്ഞു. ശനിയാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് മാറ്റ് കെയ്റ്റ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
കൊടൈക്കനാലില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി മെല്‍ബണിലേക്ക് മടങ്ങിയ മാറ്റ് അവധിക്കാലം ആഘോഷിക്കാനാണ് ബംഗളൂരുവിലത്തെിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസ്ട്രേലിയയില്‍ വെച്ചാണ് കാലില്‍ പച്ചകുത്തിയത്. ഫെബ്രുവരിവരെ ബംഗളൂരുവില്‍ തങ്ങാന്‍ പദ്ധതിയുണ്ടായിരുന്ന ഇരുവരും ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉടന്‍ തിരിച്ചുപോകുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ബംഗളൂരു സെന്‍ട്രല്‍ ഡി.സി.പി സന്ദീപ് പാട്ടീല്‍ പറഞ്ഞു. അസിസ്റ്റന്‍റ് പൊലീസ് കമീഷണറെ അന്വേഷണ ചുമതല ഏല്‍പിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഡല്‍ഹിയിലെ ആസ്ട്രേലിയന്‍ ഹൈകമീഷന്‍ ആശങ്ക രേഖപ്പെടുത്തി. തങ്ങളുടെ പൗരന്മാര്‍ പീഡനത്തിനും തടവിനും ഇരയാക്കപ്പെട്ടത് ഗൗരവമായെടുക്കുന്നതായി ഹൈകമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലേക്ക് വരുംമുമ്പ് പ്രാദേശിക ആചാരങ്ങളെയും നിയമങ്ങളെയുംകുറിച്ച് ബോധവാനായിരിക്കാന്‍ പൗരന്മാരെ ഉണര്‍ത്തുമെന്നും ഹൈകമീഷന്‍ വ്യക്തമാക്കി. ചെന്നൈയിലെ ആസ്ട്രേലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസ് ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു. ഇരുവരുടെയും സുരക്ഷ ഉറപ്പുവരുത്താനും ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.