വിവാദപ്രസ്താവന: നേതാക്കള്‍ക്ക് അമിത് ഷായുടെ താക്കീത്

ന്യൂഡല്‍ഹി: ഗോവധം അടക്കമുള്ള വിഷയങ്ങളില്‍ വിവാദ പരാമര്‍ശം നടത്തുന്ന നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ താക്കീത്. കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയത്. നേതാക്കളുടെ പരാമര്‍ശം വിവാദമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്തുഷ്ടി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര മന്ത്രി മഹേഷ് ശര്‍മക്ക് പുറമെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംഗീത് സോം എം.എല്‍.എ, സാക്ഷി മഹാരാജ് എം.പി എന്നിവരെയാണ് അമിത് ഷാ വിളിച്ചുവരുത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെയും നേതാക്കള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ അമിത് ഷാ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

അടുത്തിടെ രൂക്ഷമായ വര്‍ഗീയ പരാമര്‍ശങ്ങളാണ് ഈ നേതാക്കള്‍ നടത്തിയത്. മാട്ടിറച്ചി വിരുന്ന് സംഘടിപ്പിച്ച ജമ്മുകശ്മീര്‍ എം.എല്‍.എയെ മര്‍ദ്ദിച്ച ബി.ജെ.പി എം.എല്‍.എമാരെ സാക്ഷി മഹാരാജ് എം.പി ന്യായീകരിച്ചിരുന്നു. നേരത്തെ ഗോഡ്സെ ഗാന്ധിജിയോടൊപ്പം ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്ന് പറഞ്ഞ സാക്ഷി മഹാരാജ്, പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയില്‍ മാപ്പുപറയുകയായിരുന്നു. കഴിഞ്ഞദിവസമാണ് മാട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.