ജുഡീഷ്യല്‍ നിയമന കമീഷന്‍ രൂപീകരണം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനം ദേശീയ ന്യായാധിപ നിയമന കമീഷന് കീഴിലാക്കി പാര്‍ലമെന്‍റ് നടത്തിയ നിയമനിര്‍മാണം ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  വിധിച്ചു. രണ്ട് ദശകമായി നിലവിലുണ്ടായിരുന്ന കൊളീജിയം സമ്പ്രദായം പോരായ്മ പരിഹരിച്ച് തുടരുമെന്നും വിധിയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടിയായ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് ചെലമേശ്വര്‍ വിയോജിച്ചു.

കൊളീജിയം സമ്പ്രദായം മാറ്റി ദേശീയ ന്യായാധിപ നിയമന കമീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനയുടെ 99ാം ഭേദഗതിയും ദേശീയ ന്യായാധിപ നിയമന കമീഷന്‍ നിയമ (2014) നിര്‍മാണവും ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് 1030 പേജുള്ള വിധിയില്‍ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ജഡ്ജിമാരെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള നിയമനിര്‍മാണത്തിന് മുമ്പുണ്ടായിരുന്ന കൊളീജിയം സമ്പ്രദായമായിരിക്കും പിന്തുടരുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, കൊളീജിയം  പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നടപടി നവംബര്‍ മൂന്നിനകം നിര്‍ദേശിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശങ്ങളില്‍ വാദം കേള്‍ക്കുന്നതിന് ഇതുസംബന്ധിച്ച മുഴുവന്‍ ഹരജികളും നവംബര്‍ മൂന്നിന് പരിഗണിക്കും. ന്യായാധിപ നിയമനത്തിന് കുറേക്കൂടി നല്ല സംവിധാനമുണ്ടാക്കാന്‍ സഹായിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോടും ഹരജിക്കാരോടും ആവശ്യപ്പെട്ടു. ദേശീയ ന്യായാധിപ നിയമന കമീഷന്‍ കേസ് കുറേക്കൂടി വലിയ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.

ഭരണഘടനാ ഭേദഗതിയിലൂടെ കൊളീജിയം അവസാനിപ്പിച്ച സ്ഥിതിക്ക് പരീക്ഷണമെന്ന നിലയിലെങ്കിലും കമീഷന്‍ പ്രവര്‍ത്തിക്കട്ടെയെന്ന നിലപാടും സുപ്രീംകോടതി തള്ളി. കൊളീജിയം അവസാനിപ്പിച്ച നിയമഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനക്ക് വിനാശകരമാണെന്ന് ജസ്റ്റിസുമാരായ ജഗദീഷ് സിങ് കേഹാര്‍,  മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവര്‍ വ്യക്തമാക്കി. കമീഷനിലെ ഏതെങ്കിലും രണ്ടംഗങ്ങള്‍ എതിര്‍ക്കുന്ന ഒരാളെ ജഡ്ജിയായി ശിപാര്‍ശ ചെയ്യരുതെന്ന പുതിയ നിയമത്തിലെ 6(6) വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന നാലു പേരുടെയും അഭിപ്രായത്തെ ജസ്റ്റിസ് ചെലമേശ്വറും പിന്തുണച്ചു. ഭൂമി ബില്ലും ചരക്കുസേവന നികുതി ബില്ലും പരാജയപ്പെട്ട ശേഷം ന്യായാധിപ നിയമന കമീഷന്‍ നിയമം കൂടി റദ്ദാക്കിയത് സര്‍ക്കാറിന് കനത്ത പ്രഹരമായി. പാര്‍ലമെന്‍റിന്‍െറ നിയമനിര്‍മാണം അസാധുവാക്കിയ വിധി ഞെട്ടിച്ചുവെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.