പ്രധാനമന്ത്രിയുടെ മൗനം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കും -സല്‍മാന്‍ റുഷ്ദി

ലണ്ടന്‍: വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ രാജ്യത്ത് സാഹിത്യകാരന്‍മാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ബുക്കര്‍പ്രൈസ്‌ ജേതാവ് സല്‍മാന്‍ റുഷ്ദി. സംഭവത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ മൗനവും അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍.ഡി.ടി.വിയോടാണ് റുഷ്ദി ഇക്കാര്യം പറഞ്ഞത്.

പരിപാടികള്‍ സംഘടിപ്പിക്കാനും പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യാനും എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട്. സ്വാതന്ത്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അപലപനീയമാണ്. സാഹിത്യകാരുടെ പ്രതിഷേധത്തിന് മൗനം പാലിക്കുന്ന നിലപാട് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും. വിവിധ വിഷയങ്ങളില്‍ നന്നായി സംസാരിക്കുന്ന പ്രധാനമന്ത്രിക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം എന്തെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും റുഷ്ദി പറഞ്ഞു.

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് റുഷ്ദി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. എഴുത്തുകാരുടെ അക്ഷര പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ആറ് എഴുത്തുകാര്‍കൂടി സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.