ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവം ക്രൂരതയെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: സൗദിയില്‍ തമിഴ്നാട് സ്വദേശിയുടെ കൈ വെട്ടിമാറ്റിയ സംഭവം ക്രൂരതയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. വിഷയം സൗദി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി കസ്തൂരി മുനിരത്നത്തിനെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, വനിതാ തൊഴിലുടമ കസ്തൂരിയെ കനത്ത ജോലിഭാരവും ശാരീരിക പീഡനവും ഏല്‍പിച്ചിരുന്നതായി സഹോദരി എസ്. വിജയകുമാരി പി.ടി.ഐയോട് പറഞ്ഞു. ഭക്ഷണം നല്‍കിയിരുന്നില്ല. പീഡനം സഹിക്കവയ്യാതെ രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് തൊഴിലുടമ കൈവെട്ടി മാറ്റിയത്. ആക്രമണത്തില്‍ കസ്തൂരിയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. സഹോദരിക്ക് മികച്ച ചികിത്സ നല്‍കാനും നാട്ടിലെ ത്തിക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിജയകുമാരി ആവശ്യപ്പെട്ടു.

തമിഴ്നാട് നോര്‍ത് ആര്‍ക്കാട് ജില്ലയിലെ കാട്പാഡിക്ക് സമീപം മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്നത്തിന്‍െറ വലതുകൈ ഒരാഴ്ച മുമ്പ് സ്പോണ്‍സര്‍ തോളറ്റംവരെ വെട്ടിമാറ്റുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നിനിടെയായിരുന്നു കസ്തൂരിക്ക് നേരെയുള്ള ആക്രമണം. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ അവശനിലയില്‍ കഴിയുകയാണ് ഇവര്‍. വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ടതിന് പുറമെ ശരീര ഭാഗങ്ങളിലെല്ലാം ഗുരുതരമായ പരിക്കുകളുമുണ്ട്. മൂന്ന് മാസം മുമ്പാണ് കസ്തൂരി സൗദിയിലെത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.