ചെന്നൈ: മധുരയിലെ തിരുപ്പറംകുൺറം കുന്നിന് മുകളിലെ സിക്കന്ദർ ബാദുഷ ദർഗക്കടുത്തുള്ള ദീപത്തൂണിൽ കാർത്തികവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് തമിഴ്‌നാട് ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് (ടി.എൻ എച്ച്.ആർ & സി.ഇ). ദർഗക്ക് സമീപമുള്ള 'ദീപത്തൂൺ' എന്നറിയപ്പെടുന്ന കൽത്തൂൺ ക്ഷേത്രത്തിലെ വിളക്കുതൂൺ അല്ലെന്നും അത് ജൈനമത നിർമിതിയായിരിക്കാമെന്നും വകുപ്പ് മദ്രാസ് ഹൈകോടതിയെ അറിയിച്ചു.
കാർത്തിക ദീപം കൊളുത്താൻ ജഡ്ജി അനുമതി നൽകിയ ദീപത്തൂൺ കാർത്തിക ദീപത്തിനായുള്ള ക്ഷേത്ര ദീപത്തൂൺ അല്ലെന്ന് കാണിക്കുന്ന ചരിത്രപരവും പുരാവസ്തുപരവുമായ തെളിവുകൾ ഉണ്ട്. കാർത്തിക ദീപം ദീപത്തൂണിൽ കത്തിക്കുന്ന രീതി നിലവിലുണ്ടെന്ന് അവകാശപ്പെടുന്നതിന് ഒരു തെളിവുമില്ലെന്ന് അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജി. മസിലാമണി പറഞ്ഞു.
തിരുപ്പരൻകുൺറം കുന്നിനു മുകളിലുള്ള ശിലാഘടനയിൽ കാർത്തിക ദീപം തെളിയിക്കാൻ ഭക്തർക്ക് അനുമതി നൽകിക്കൊണ്ടുള്ള കൊണ്ട് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്‍റെ സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ജസ്റ്റിസുമാരായ ജി. ജയചന്ദ്രൻ, കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ഉച്ചിപ്പിള്ളയർ ക്ഷേത്രത്തിന് സമീപമുള്ള ഘടനയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട യഥാർഥ ദീപതൂൺ എന്ന് അഭിഭാഷകൻ വാദിച്ചു.
കാർത്തിക ദീപം കത്തിച്ചിരുന്ന പരമ്പരാഗത സ്ഥലത്തെക്കുറിച്ച് ബോസ് എന്ന പണ്ഡിതൻ 1920ൽ എഴുതിയ ഒരു പുസ്തകത്തെ വകുപ്പ് പരാമർശിച്ചു. കാർത്തിക ദീപം കൊളുത്തൽ കേസിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവിനെതിരെ സംസ്ഥാന അധികാരികൾ നൽകിയ അപ്പീലുകൾ കേൾക്കവേ, പ്രശസ്ത പണ്ഡിതൻ നാഗസ്വാമി തയാറാക്കിയ രേഖ അടങ്ങുന്ന തമിഴ്‌നാട് പുരാവസ്തു വകുപ്പിന്റെ 1981ലെ പ്രസിദ്ധീകരണവും ജസ്റ്റിസ് ജി. ജയചന്ദ്രനും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ചു.
മതപരമായ ആചാരങ്ങൾക്കും ക്ഷേത്രഭരണത്തിനും ടി.എൻ എച്ച്.ആർ & സി.ഇ വ്യക്തമായ നടപടിക്രമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ എൻ. ജ്യോതി പറഞ്ഞു. ഒരു കാര്യം എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് ഓരോ ഭക്തനും സ്വന്തം അഭിപ്രായം ഉണ്ടെങ്കിൽ, അതിന് ഒരു അവസാനമുണ്ടാകില്ലെന്ന് ദർഗക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. മോഹൻ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി ഉച്ചിപിള്ളൈയർ ക്ഷേത്രത്തിൽ മാത്രമാണ് പരമ്പരാഗതമായി കാർത്തിക ദീപം കത്തിച്ചിരുന്നതെന്ന് മുതിർന്ന അഭിഭാഷകൻ എസ്. ശ്രീധർ വാദിച്ചു. നിയമപരമായി നടപ്പിലാക്കാൻ കഴിയുന്ന വ്യക്തിഗത അവകാശമല്ലാത്ത, ദീർഘകാലമായി നിലനിൽക്കുന്ന ക്ഷേത്രാചാരങ്ങൾ മാറ്റാൻ ഹരജിക്കാരൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.
ക്ഷേത്രത്തിൽ കാർത്തിക ദീപം കൊളുത്തുന്നതിനെച്ചൊല്ലി സംഘ്പരിവാർ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 15ഓളം സംഘ്പരിവാർ പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറെ വർഷങ്ങളായി ക്ഷേത്രത്തിലെ ഉച്ചി പിള്ളയാർ കോവിലിന് മുന്നിലുള്ള ദീപസ്തംഭത്തിലാണ് കാർത്തിക ദീപം തെളിയിച്ചുവരുന്നത്. എന്നാൽ, തിരുപ്പറകുൺറം കുന്നിന്റെ മുകളിലുള്ള സിക്കന്ദർ ബാദുഷ ദർഗക്കടുത്തുള്ള സ്തംഭത്തിൽ ദീപം തെളിയിക്കണമെന്നാണ് സംഘ്പരിവാർ കക്ഷികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.