അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: ഭരണകൂടത്തിന്‍െറ ഫാഷിസ്റ്റ് പ്രീണന നയത്തില്‍ പ്രതിഷേധിച്ച്  പുരസ്കാരങ്ങള്‍ ഉപേക്ഷിക്കുന്ന എഴുത്തുകാരുടെ എണ്ണം കൂടുന്നു. പ്രശസ്ത എഴുത്തുകാരി നയന്‍താര സെഹ്ഗല്‍ അവാര്‍ഡ് തിരിച്ചു നല്‍കിയതിന് പിറകെ മുന്‍ ലളിതകലാ അക്കാദമി അധ്യക്ഷനും കവിയുമായ അശോക് വാജ്പേയിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉപേക്ഷിച്ചു.

സാംസ്കാരിക വൈവിധ്യം കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് നെഹ്റുവിന്‍റെ സഹോദരീ പുത്രി കൂടിയായ നയന്‍താര കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനില്‍കിയത്. അധികാരത്തിലിരിക്കുന്നവരുടെ ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായും നയന്‍താര പറഞ്ഞിരുന്നു.
 
എഴുത്തുകാര്‍ കൃത്യമായ നിലപാടെടുക്കുയും അധാര്‍മികതക്കെതിരെ ശബ്ദിക്കുകയും ചെയ്യണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നയന്‍താര സെഹ്ഗലിനെ പോലെ മുതിര്‍ന്ന ഒരു ഇംഗ്ളീഷ് എഴുത്തുകാരി ശക്തമായ നിലപാടെടുക്കുമ്പോള്‍ അതിനെ പിന്തുണക്കുക എന്നത് എഴുത്തുകാരുടെ സമൂഹത്തിന്‍െറ ഉത്തരവാദിത്തമാണ്. എഴുത്തുകാരുടെ ദേശീയതലത്തിലുള്ള കൂട്ടായ്മയായ കേന്ദ്ര സാഹിത്യ അക്കാദമി അവസരത്തിനൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടുവെന്നും അശോക് വാജ്പേയ് കുറ്റപ്പെടുത്തി.

 ലക്ഷക്കണക്കിനാളുകളെ പിടിച്ചിരുത്താന്‍ പോന്ന വാക്ചാതുരിയുള്ളയാളാണ് നമ്മുടെ പ്രധാനമന്ത്രി. എഴുത്തുകാരും നിഷ്കളങ്കരായ സാധാരണക്കാരും കൊല്ലപ്പെടുമ്പോള്‍ അദ്ദേഹം മൗനം ദീക്ഷിക്കുന്നതെന്തുകൊണ്ടാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം എന്നും അദ്ദേഹം പറഞ്ഞു.

കല്‍ബുര്‍ഗി വധം,ദാദ്രി കൊല തുടങ്ങി സമീപകാലങ്ങളില്‍ അധികരിച്ചുവരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധമായി നിരവധി എഴുത്തുകാര്‍ ദിവസങ്ങള്‍ക്കു മുമ്പ് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.