വധശിക്ഷ തീവ്രവാദ കേസുകളില്‍ മാത്രമാക്കണമെന്ന് നിയമ കമീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കുന്ന വിഷയത്തില്‍ അനുകൂല നിലപാടുമായി ദേശീയ നിയമ കമീഷന്‍. തീവ്രവാദക്കേസുകളില്‍ ഒഴികെ മറ്റുകേസുകളില്‍ വധശിക്ഷ വേണ്ടെന്നുവെക്കണമെന്ന് ദേശീയ നിയമ കമീഷന്‍ ശിപാര്‍ശ ചെയ്തു. ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ ദേശീയ നിയമ കമീഷനാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വധശിക്ഷ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും ഇന്ത്യ ഉള്‍പ്പെടെ 59 രാജ്യങ്ങളിലാണ് ഇപ്പോഴും വധശിക്ഷ നിലനില്‍ക്കുന്നതെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. വധശിക്ഷ നല്‍കുന്നത് തല്‍ക്കാലം തീവ്രവാദക്കേസുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഇതിനെക്കുറിച്ച് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്നും കമീഷന്‍ നിര്‍ദേശിക്കുന്നു. കേസുകളില്‍ അവസാന ന്യായവിധി  പ്രതികാര ബുദ്ധിയോടെ പകരം വീട്ടുന്ന തരത്തിലുള്ളതാവരുത്. കേസുകളെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തരംതിരിക്കുന്നത്  ജഡ്ജിമാരെ ആശ്രയിച്ചിരിക്കുന്നതാണെന്നും അതിനാല്‍ ഭരണഘടനാപരമായി നില്‍ക്കുന്നതല്ലെന്നും കരട് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കമീഷനിലെ രണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്തു. അതേസമയം ആറ് അംഗങ്ങള്‍ നിര്‍ദേശത്തെ പിന്തുണച്ചു. 

വധശിക്ഷ നിര്‍ത്തലാക്കുന്നതിനെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ കമീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. മുംബൈ സ്ഫോടന പരമ്പരക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനു പിന്നാലെ വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.