വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍: ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് പരീക്കര്‍

ന്യൂഡല്‍ഹി: സൈനികരുടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒ.ആര്‍.ഒ.പി) പദ്ധതി പ്രഖ്യാപിക്കാന്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അതേസമയം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പരീക്കര്‍ അറിയിച്ചു. പെട്ടെന്ന് തന്നെ പദ്ധതി നടപ്പാക്കാന്‍ സാധിക്കും. പ്രധാനമന്ത്രിയുടെ കാര്യാലയം ഇക്കാര്യം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും വിമുക്ത ഭടന്‍മാര്‍ സര്‍ക്കാറിന് കുറച്ചുകൂടി സമയം തരണമെന്നും പരീക്കര്‍ പറഞ്ഞു.

അതേസമയം, 1965ലെ പാകിസ്താനെതിരെയുള്ള യുദ്ധത്തിന്‍െറ 50ാം വാര്‍ഷിക ചടങ്ങുകളില്‍ നിന്ന് വിമുക്ത ഭടന്‍മാര്‍ വിട്ടുനില്‍ക്കുകയാണ്. 50ാം വാര്‍ഷികദിനത്തില്‍ ഒ.ആര്‍.ഒ.പി പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു സമരക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നും പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിലാണ് വാര്‍ഷിക ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുന്‍ സൈനികര്‍ തീരുമാനിച്ചത്. സമരം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വിമുക്ത ഭടന്‍മാര്‍ യോഗം ചേരുന്നുണ്ട്.

2011ലെ ശമ്പള കമ്മീഷന്‍ ശിപാര്‍ശ അടിസ്ഥാനമാക്കി പദ്ധതി നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ 2014ലെ ശമ്പള കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പെന്‍ഷന്‍ തുക വര്‍ഷം തോറും മൂന്നു ശതമാനം വെച്ച് വര്‍ധിപ്പിക്കണമെന്ന വിമുക്ത ഭടന്‍മാരുടെ ആവശ്യവും കേന്ദ്ര സര്‍ക്കാറിന് സ്വീകാര്യമല്ല.

നേരത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിക്കുമെന്ന് സമരക്കാര്‍ പ്രതീക്ഷിച്ചിരുന്നു. അതേസമയം ജന്തര്‍മന്തറില്‍ വിമുക്ത ഭടന്‍മാരുടെ സമരം 75 ദിവസം പിന്നിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.