മുസ് ലിം പണ്ഡിത സംഘം മോദിയെ കണ്ടു

ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ഇബ്രാഹീം ഖലീലുല്‍ ബുഖാരി എന്നിവരുള്‍പ്പെട്ട  മുസ്ലിം പണ്ഡിത സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബറേല്‍വി വിഭാഗത്തിലെ 40 സൂഫി പണ്ഡിതരാണ്  സന്ദര്‍ശിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. സൂഫിസത്തെ ദുര്‍ബലപ്പെടുത്താന്‍ തീവ്രവാദ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അതിനെ ചെറുക്കണമെന്നും മോദി നിര്‍ദേശിച്ചു.കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ശേഷി വികസന പരിപാടികളുടെ സന്ദേശം കൈമാറുവാനും സമുദായത്തിന്‍െറ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ച മോദി, വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് സംഘം ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാമെന്നും അറിയിച്ചു. ഇസ്ലാമിന്‍െറ പേരില്‍ തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്നതിനെയും മതനേതാക്കള്‍ കൂടിക്കാഴ്ചയില്‍ അപലപിച്ചു. അല്‍ഖാഇദ, ഐസിസ് തുടങ്ങിയ സംഘങ്ങള്‍ ഇസ്ലാമിന്‍െറ പാതയല്ല പിന്തുടരുന്നത് എന്നു ബോധവത്കരിക്കേണ്ട ആവശ്യകതയുണ്ടെന്നും സമുദായവുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ സംഘം ശ്ളാഘിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു. സൂഫി കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് തുടങ്ങണമെന്നും നിര്‍ദേശിച്ചു.പ്രധാനമന്ത്രിയുടെ ഓഫിസിലത്തെിയ സംഘത്തില്‍ സയ്യിദ് മുഹമ്മദ് അഷ്റഫ് കിചോവ്ചി,സയ്യിദ് ജലാലുദ്ദീന്‍ അഷ്റഫ്, സയ്യിദ് അഹ്മദ് നിസാമി, സയ്യിദ് മെഹന്ദി ചിഷ്തി, നാസര്‍ അഹ്മദ് തുടങ്ങിയവരും ഉള്‍പ്പെടുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംബന്ധിച്ചു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം  മൂന്നാം തവണയാണ് മുസ്ലിംനേതാക്കള്‍ മോദിയെ സന്ദര്‍ശിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.