കടല്‍ക്കൊല: ഇന്ത്യയും ഇറ്റലിയും നിയമ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന നിയമനടപടികള്‍ വഴിമുട്ടിച്ച് കടല്‍ക്കൊലയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളുമായി മുന്നോട്ടുപോകരുതെന്നും പുതുതായി കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യരുതെന്നും കടല്‍ക്കേസുകള്‍ക്കുള്ള അന്താരാഷ്ട്ര ട്രൈബ്യൂണല്‍ (ഇന്‍റര്‍നാഷനല്‍ ട്രൈബ്യൂണല്‍ ഫോര്‍ ദ ലോ ഓഫ് ദ സീ) ഇടക്കാല ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഇന്ത്യയോടും ഇറ്റലിയോടും ആവശ്യപ്പെട്ട ട്രൈബ്യൂണല്‍ മുഴുവന്‍ രേഖകളും സെപ്റ്റംബര്‍ 24നകം ഹാജരാക്കാനും നിര്‍ദേശിച്ചു. 21 അംഗ ട്രൈബ്യൂണലില്‍ അധ്യക്ഷന്‍ അടക്കം 15 പേര്‍ ഇടക്കാല വിധി അംഗീകരിച്ചപ്പോള്‍ ഉപാധ്യക്ഷന്‍ അടക്കം ആറു പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. വിധി അംഗീകരിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. കസ്റ്റഡിയിലുള്ള ഇറ്റാലിയന്‍ നാവികനെ മോചിപ്പിക്കണമെന്ന നിരന്തര ആവശ്യം അംഗീകരിക്കപ്പെടാത്തതിനാല്‍ വിധി ഇറ്റലിക്ക് തിരിച്ചടിയാണെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഇറ്റലിയുടെ അഭ്യര്‍ഥന മാനിച്ച് അടച്ചിട്ട മുറിയിലാണ് കടല്‍ക്കൊല കേസില്‍ വിചാരണ നടത്തുന്നതെന്ന് അധ്യക്ഷന്‍ ഗോലിറ്റ്സിന്‍െറ നേതൃത്വത്തിലുള്ള ട്രൈബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കി. തങ്ങള്‍ സമര്‍പ്പിക്കുന്ന തെളിവുകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാന്‍ ഇറ്റലി ആവശ്യം ഉന്നയിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയും ഇറ്റലിയും കടല്‍നിയമത്തിന്മേലുള്ള ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷനില്‍ കക്ഷികളായതുകൊണ്ടാണ് കണ്‍വെന്‍ഷന്‍ 290ാം അനുഛേദവും ട്രൈബ്യൂണല്‍ നിയമം 21, 25 അനുഛേദങ്ങളും അനുസരിച്ച് കടല്‍ക്കൊല കേസ് പരിഗണിക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. ഇരുരാജ്യങ്ങളുമായും ഫോണ്‍ വഴിയും എഴുത്ത് വഴിയും ആശയ വിനിമയം നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളില്‍ ചിലത് രണ്ടു രാജ്യങ്ങളും കൈമാറിയെങ്കിലും ഇനിയും കൈമാറാനുണ്ടെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
സമാധാനപരമായ ഒത്തുതീര്‍പ്പ് ചര്‍ച്ച വഴി പ്രശ്നപരിഹാരം സാധ്യമല്ളെന്നാണ് ഇരുകക്ഷികളും നടത്തിയ വാദത്തില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. കേസ് അന്താരാഷ്ട്ര ട്രൈബ്യൂണലിന് വിടുന്നതിന്‍െറ അര്‍ഹതയിലേക്ക് കടക്കുന്നില്ല. ഈ കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും ഇനിയും വാദം നിരത്താവുന്നതാണ്. അതുവരെ ഇന്ത്യയും ഇറ്റലിയും തങ്ങളുടെ രാജ്യങ്ങളില്‍ നിലവിലുള്ള കോടതി നടപടികളില്‍നിന്നും  വിട്ടുനില്‍ക്കണം. പുതുതായി ഒരു കേസും തുടങ്ങുകയുമരുത്- വിധിയില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷന്‍െറ 295ാം അനുഛേദപ്രകാരം അതത് രാജ്യത്തെ നിയമനടപടികള്‍കൊണ്ട് പരിഹാരമായില്ളെങ്കില്‍ മാത്രം അന്തര്‍ദേശീയ നിയമപ്രകാരം പരിഹാരം തേടേണ്ടതുള്ളൂ എന്നാണ് ഇന്ത്യ ബോധിപ്പിച്ചത്. അതിനാല്‍ ഇന്ത്യന്‍ കോടതികളിലെ തീര്‍പ്പ് കാത്തുനില്‍ക്കാതെ ഇറ്റലി അന്താരാഷ്ട്രവേദിയെ സമീപിച്ചത് ശരിയല്ല. നയതന്ത്ര സംരക്ഷണത്തിന്‍െറ പേരില്‍ ഇന്ത്യയുടെ ദേശീയ അവകാശങ്ങള്‍ക്കുമേല്‍ കൈകടത്തുകയാണെന്നും ഇന്ത്യ വാദിച്ചു. വിദേശ മന്ത്രാലയത്തിലെ മുന്‍ നിയമോപദേശക അഡീഷനല്‍ അഡൈ്വസര്‍ നീരു ഛദ്ദ, ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതി വിജയ് ഗോഖലെ, വിദേശ മന്ത്രാലയത്തിലെ നിയമ ഉടമ്പടി വിഭാഗം ഡയറക്ടര്‍ വിഷ്ണു ദത്ത് ശര്‍മ എന്നിവരാണ് ട്രൈബ്യൂണലില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.
ഇന്ത്യയില്‍ നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇക്കഴിഞ്ഞ ജൂലൈ 25നാണ് കടല്‍ക്കൊല കേസുമായി ഇറ്റലി ട്രൈബ്യൂണലിനെ സമീപിച്ചത്. തുടര്‍ന്ന് ഇറ്റലിയൂടെ ആവശ്യത്തിന് വഴങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര മധ്യസ്ഥത്തിന് ഒരുക്കമാണെന്ന് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.