വഖഫ് കൈയേറ്റക്കാരില്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തണം

ന്യൂഡല്‍ഹി: 2014ല്‍ കൊണ്ടുവന്ന വഖഫ് ബില്ലില്‍ വ്യക്തികളുടെ കൈയേറ്റത്തെക്കുറിച്ച് മാത്രമാണു പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ലമെന്‍ററി സമിതി,  കൈയേറ്റക്കാരുടെ ഗണത്തില്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൈയേറിയ വഖഫ് സ്വത്തുക്കള്‍ തിരിച്ചുനല്‍കുന്നതോ അവക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചോ പ്രത്യേക ശിപാര്‍ശയില്ലാതെ 2014ലെ വഖഫ് ബില്ലിലുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്‍ററി സമിതി സമര്‍പ്പിച്ചു. രമേശ് ബയിസ്  എം.പി അധ്യക്ഷനായ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്‍െറ പാര്‍ലമെന്‍ററി സമിതിക്കുവേണ്ടി ലോക്സഭാ സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്.

വര്‍ഷങ്ങളായി വഖഫ് സ്വത്ത് കൈവശംവെച്ച് വാടക നല്‍കുന്നവരെ കൈയേറ്റക്കാരായി പരിഗണിക്കരുതെന്നും വാടകക്കാരന്‍െറ മരണശേഷം അദ്ദേഹത്തിന്‍െറ അനന്തരാവകാശികള്‍ നിയമപ്രകാരം വസ്തു കൈവശംവച്ചാല്‍ അതും കൈയേറ്റമായി കണക്കാക്കരുതെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്. വഖഫ് ഭൂമിക്ക് കൃത്യമായി വാടക നല്‍കുന്നവരെ കൈയേറ്റക്കാരായി പരിഗണിക്കരുതെന്നും അതിനായി ബില്ലില്‍ ഭേദഗതി കൊണ്ടുവരണമെന്നും ഇവര്‍ക്ക് പുതിയ നിരക്ക് പ്രകാരം വാടക പുതുക്കാന്‍ അവസരം നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. വഖഫ് സ്വത്തുക്കള്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ വാടകക്ക് നല്‍കാന്‍ പാടില്ളെന്നും കാലയളവ് എത്രയെന്ന് വഖഫ് ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കൈയേറിയ വഖഫ് സ്വത്തുക്കളില്‍നിന്ന് ഒരു വരുമാനവും ലഭിക്കുന്നില്ളെന്ന് വ്യക്തമാക്കിയ ശേഷമാണ് ശിപാര്‍ശകളില്‍ അതേക്കുറിച്ചൊന്നും സമിതി പറയാതിരുന്നത്. അതേസമയം സ്വകാര്യ വ്യക്തികളുടെ വഖഫ് സ്വത്ത് കൈയേറ്റത്തിനുള്ള ശിക്ഷ മൂന്നു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശയിലുണ്ട്. കൈയേറ്റത്തിന് നിലവില്‍ ആറു മാസം തടവും 5000 രൂപ വരെ പിഴയുമാണു ശിക്ഷ. ഒന്നിലേറെ തവണ കൈയേറ്റം നടത്തുന്നവര്‍ക്കുള്ള ശിക്ഷ അഞ്ചു വര്‍ഷം വരെ കഠിന തടവും അഞ്ചു ലക്ഷം രൂപയുമായി ഉയര്‍ത്തണമെന്നും സമിതി പറയുന്നു. അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ വഖഫ് എസ്റ്റേറ്റ് ഓഫിസര്‍ക്ക് ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരുടെ സഹായം തേടാം. എന്നാല്‍, കൈയേറ്റക്കാര്‍ക്കു നോട്ടീസ് നല്‍കിയ ശേഷം ഒഴിഞ്ഞു പോകാന്‍ 15 ദിവസത്തെ സമയം അനുവദിക്കണം. വഖഫ് ട്രൈബ്യൂണലിന്‍െറ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സമയം 30 ദിവസമായി നീട്ടണം. അപ്പീല്‍ തീര്‍പ്പാക്കുന്നതിനു സമയപരിധി നിശ്ചയിക്കുകയും വേണം. അനധികൃത നിര്‍മാണം ഒഴിപ്പിക്കാനുള്ള ചെലവ് കൈയേറ്റക്കാരനില്‍നിന്ന് ഈടാക്കണം. വഖഫ് ഭൂമിയിലോ സ്ഥാപനങ്ങളിലോ വാടകക്കാര്‍ അനധികൃത നിര്‍മാണം നടത്തരുതെന്ന് നിര്‍ദേശിക്കുന്ന  റിപ്പോര്‍ട്ട് കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് പ്രത്യേകം വ്യക്തമാക്കുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.