മുലായം സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട മുലായം സിങ് യാദവിന് പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെ മോദി അഭിനനന്ദിച്ചത്.

ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നതില്‍ വികസനത്തിനെതിരായ ഗൂഢാലോചനയാണെന്ന് സംശയിച്ച മുലായം സിങ് അടക്കമുള്ളവര്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തിന്‍െറ വളര്‍ച്ചയും വികസനവും മുരടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നതെന്ന് സംശയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിനുശേഷം റൂഡി അറിയിച്ചു.  

കോണ്‍ഗ്രസ് പാര്‍ലമെന്‍റ് തടസ്സപ്പെടുത്തുന്നു എന്നാണ് തിങ്കളാഴ്ച മുലായം സിങ് ആരോപിച്ചത്. ഇത്രയും മതി. ഇനിയും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണെങ്കില്‍ ഞങ്ങള്‍ പിന്തുണക്കുകയില്ല എന്നും മുലായം സിങ്  വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നത് ജി.എസ്.ടി ബില്ല് നിലവില്‍ വരാതിരിക്കാനാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നടപടി സാമ്പത്തിക വളര്‍ച്ചക്ക് എതിരാണെന്നും ജെയ്റ്റ് ലി കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.