ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ കേരളം തയാറായ സാഹചര്യത്തില്‍ കേന്ദ്രസേനയുടെ ആവശ്യമെന്താണെന്ന് സുപ്രീംകോടതി. അണക്കെട്ടിന്‍െറ സംരക്ഷണത്തിന് കേന്ദ്രസേനയെ നിയോഗിക്കണമെന്ന തമിഴ്നാടിന്‍െറ അപേക്ഷ പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി ചോദ്യമുന്നയിച്ചത്. കേരളത്തിന്‍െറ സത്യവാങ്മൂലം സുപ്രീംകോടതി മുഖവിലക്കെടുത്തതോടെ അതിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയം നല്‍കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച സുപ്രീംകോടതി കേസ് നാലാഴ്ചത്തേക്ക് മാറ്റി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് കേരളം സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു. മുല്ലപ്പെരിയാര്‍ സംരക്ഷണത്തിന് 124 പേരുടെ പ്രത്യേക സേനക്ക് രൂപംനല്‍കിയതായും സത്യവാങ്മൂലത്തിലുണ്ട്. മുല്ലപ്പെരിയാറിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെ വിഷയം രാഷ്ട്രീയവത്കരിക്കാനാണ് തമിഴ്നാടിന്‍െറ ശ്രമമെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് പരിസ്ഥിതി അനുമതി തേടി കേരളം നല്‍കിയ അപേക്ഷയില്‍ നടപടി അവസാനിപ്പിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ കേരളത്തിന്‍െറ അപേക്ഷയില്‍ നടപടിയെടുക്കാനാവില്ളെന്നും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ബോധിപ്പിച്ചു.
ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രം ബോധിപ്പിച്ചു. സുപ്രീംകോടതി അവസാനം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ ധാരണയുണ്ടാകേണ്ടതുണ്ട്. സുപ്രീംകോടതിയില്‍ വീണ്ടും കേസ് നിലനില്‍ക്കുന്നതിനാല്‍ അപേക്ഷയില്‍ നടപടിയെടുക്കാനാവില്ല. അതിനാല്‍, കേരളം സമര്‍പ്പിച്ച അപേക്ഷയിലെ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.