പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം; 25 കോണ്‍ഗ്രസ് എം.പിമാര്‍ക്ക് അഞ്ചുദിവസം സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്സയില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന് നാല് മലയാളി എം.പിമാരുള്‍പ്പടെ 25 കോണ്‍ഗ്രസ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തു. അഞ്ചുദിവസത്തേക്കാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മലയാളി എം.പിമാര്‍.

സഭയുടെ നടത്തിപ്പിന് വിഘാതമാകുന്നതാണ് എം.പിമാരുടെ നടപടിയെന്ന് പറഞ്ഞ സ്പീക്കര്‍ ഇവരെ സസ്പെന്‍ഡ് ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. മറ്റുള്ള എം.പിമാരുടെ അവകാശങ്ങള്‍ ഇവര്‍ ഹനിക്കുന്നുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സസ്പെന്‍ഷനെതിരെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിഷേധിച്ചു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജുള്‍പ്പടെ ആരോപണവിധേയരായവര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പാര്‍ലമെന്‍റില്‍ പ്രതിഷേധം നടക്കുന്നത്. സസ്പെന്‍ഡ് ചെയ്തെങ്കിലും പുറത്ത് സര്‍ക്കാറിനെതിരെ പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. ലോക്സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒന്നിച്ച് പുറത്താക്കുന്നത്. തെലങ്കാന പ്രശ്നം രൂക്ഷമായ സമയത്ത് കഴിഞ്ഞ ലോക്സഭയില്‍ 11 എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. ആരോപണവിധേയര്‍ രാജിവെക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.