ബിഹാറില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ബന്ധം ദുര്‍ബലമാകുന്നു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബിഹാറില്‍ ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നതായി സൂചന. അധികാരത്തിന്‍െറ പളുങ്കുകുപ്പായം കണ്ട്  വീണുപോകരുതെന്നാണ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) ഉപമേധാവി ഭയ്യാജി ജോഷിയുടെ ഉപദേശം. ബിഹാറില്‍ രണ്ടിടങ്ങളിലായി നടന്ന പരിപാടികളിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന സൂചന ജോഷി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുകളിലെ എതിര്‍പ്പുകള്‍ പ്രകടമാക്കുന്നതാണ് ആര്‍.എസ്.എസ് ഉപമേധാവിയുടെ വാക്കുകളെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
അധികാരരാഷ്ട്രീയത്തേക്കാള്‍ സംഘടന ശക്തിപ്പെടുത്താനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നാണ് ജോഷിയുടെ ഉപദേശം.  ദേശസേവനത്തിനാണ് നമ്മള്‍ ഒരുമിച്ചുകൂടിയതെന്നും പ്രശംസക്ക് വേണ്ടിയല്ളെന്നുമാണ്  ഓര്‍മപ്പെടുത്തല്‍.
അതേസമയം, അംഗബലം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി നടത്തുന്ന മെംബര്‍ഷിപ് കാമ്പയിനുകള്‍ ആര്‍.എസ്.എസുമായുള്ള പാര്‍ട്ടിയുടെ ബന്ധം കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്.
അംഗബലം വര്‍ധിച്ചാല്‍  തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ആളെ കൂട്ടുകയെന്ന ദൗത്യത്തില്‍നിന്ന് സംഘിനെ മാറ്റിനിര്‍ത്താമെന്ന ഹിഡന്‍ അജണ്ടയും ബി.ജെ.പിക്കുണ്ട്. കൂടാതെ, രാഷ്ട്രീയ ഉപദേശങ്ങള്‍ക്ക് സംഘിനെ ആശ്രയിക്കേണ്ടതില്ളെന്ന വ്യക്തമായ സൂചനകളും ബി.ജെ.പി ഇടക്കിടെ നല്‍കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.