രാജ്യത്ത് 31 ലക്ഷം എന്‍.ജി.ഒകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 31 ലക്ഷം സര്‍ക്കാറിതര സന്നദ്ധസംഘടന (എന്‍.ജി.ഒ)കള്‍. സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സി.ബി.ഐ സമാഹരിച്ച കണക്കുപ്രകാരമാണിത്. യു.പിയില്‍ 5.48, മഹാരാഷ്ട്രയില്‍ 5.18, കേരളത്തില്‍ 3.70, പശ്ചിമബംഗാളില്‍ 2.34 ലക്ഷം വീതം എന്‍.ജി.ഒകളുണ്ട്. ഡല്‍ഹിയില്‍ 76,000 സംഘടനകളാണുള്ളത്. ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാല്‍ 400 പേര്‍ക്ക് ഒരു എന്‍.ജി.ഒ.
സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകളുടെ എണ്ണമാണിത്. എന്‍.ജി.ഒകളുടെ കണക്കെടുക്കാന്‍ സുപ്രീംകോടതിയാണ് സി.ബി.ഐയോട് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തിലാണ് 31 ലക്ഷം സംഘടനകളുണ്ടെന്ന് അറിയിച്ചത്. 26 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കണക്കാണിത്. കര്‍ണാടക, ഒഡിഷ, തെലങ്കാന എന്നിവയുടെ കണക്ക് ലഭ്യമായിട്ടില്ല.
സംഘടനകള്‍ വരവുചെലവ് വിവരം, ബാക്കിപത്രം എന്നിവ തയാറാക്കി നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. കണക്ക് സമര്‍പ്പിച്ച സംഘടനകള്‍ പത്തിലൊന്നു മാത്രമാണെന്നും സി.ബി.ഐ വിശദീകരിച്ചു.
കേരളത്തില്‍ കണക്ക് സമര്‍പ്പിക്കണമെന്ന് നിയമമില്ല; ആരും നല്‍കിയിട്ടുമില്ല. പ്രതിബദ്ധതയില്ലാത്ത എന്‍.ജി.ഒകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഈയാഴ്ച സുപ്രീംകോടതി പരിഗണിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.