രാംദാസ് അത്താവാലെ
ന്യൂഡൽഹി: പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയ ബില്ലും (ഡീലിമിറ്റേഷൻ ബിൽ) പാസാക്കുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. ഇരു ബില്ലുകളും പാസാക്കാൻ എൻ.ഡി.എക്ക് ഇപ്പോൾ ആവശ്യമായ സംഖ്യാബലമുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുടെ എതിർപ്പാണ് മുൻ സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് ആവശ്യമായ പിന്തുണ ലഭിക്കാതിരുന്നതിന് കാരണമായതെന്ന് അത്താവാലെ ആരോപിച്ചു. എന്നാൽ ഇപ്പോൾ രാഷ്ട്രീയ സാഹചര്യത്തിലും പാർലമെന്റിലെ കക്ഷിനിലയിലും മാറ്റം വന്നിട്ടുണ്ടെന്നും എൻ.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും അതിനാൽ ബില്ലുകൾ പാസാകുമെന്നും അത്താവാലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പാക്കാൻ മണ്ഡല പുനർനിർണയം അനിവാര്യമാണെന്ന് അത്താവലെ പറഞ്ഞു. ഓരോ 30-35 വർഷത്തിലും ഡീലിമിറ്റേഷൻ നടത്തണമെന്നും അത് അത്യാവശ്യമാണെന്നും അത്താവാലെ പറഞ്ഞു. ബില്ലുകൾക്ക് പിന്തുണ നൽകാൻ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തയാറാകണമെന്ന് കേന്ദ്രമന്ത്രി അഭ്യർഥിക്കുകയും ചെയ്തു.
തൃണമൂൽ കോൺഗ്രസിന്റെയും ശിവസേന (യു.ബി.ടി)യുടെയും ചില അംഗങ്ങൾ എൻ.ഡി.എക്ക് നൽകിയ പിന്തുണയെ പരാമർശിച്ചുകൊണ്ടായിരുന്നു അത്താവാലെയുടെ പ്രതികരണം. പാർട്ടികളിലെ വിമത എം.പിമാരെ ഒപ്പം നിർത്തി ബില്ലുകൾ പാസാക്കാനാണ് എൻ.ഡി.എയുടെ നീക്കം. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ പാസാക്കാൻ കഴിയാത്തതിന്റെ പ്രതികാരമായാണ് ടി.എം.സി, ശിവസേന തുടങ്ങിയ പ്രതിപക്ഷ പാർട്ടികളെ കേന്ദ്രസർക്കാർ പിളർത്താൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം, ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഈ ബില്ലുകൾ വീണ്ടും അവതരിപ്പിക്കുമോയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ അത്താവാലെയുടെ പ്രസ്താവനയോടെ ബില്ലുകൾ വീണ്ടും സഭയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.
ഏപ്രിൽ 17ന് പാർലമെന്റിന്റെ ദീർഘമായ സമ്മേളനത്തിനിടെ വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയ ബില്ലും ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. ബില്ലിന് 298 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം 230 എം.പിമാർ എതിർത്ത് വോട്ട് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുത്ത 528 അംഗങ്ങളിൽ 352 വോട്ടുകൾ ആവശ്യമായിരുന്നതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കൈവരിക്കാൻ ബില്ലിന് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.