?????????? ??????????? ??????????????????? ????? ???????????????? ????

പുറംലോകത്തിൻെറ അറിവിൽ ഛത്തീസ്​ഗഡ്​ മാവോയിസ്​റ്റുകളുടെ മേൽവിലാസമാണ്​. അങ്ങനെ അറിയപ്പെടാനാണ്​ ആ ദേശത്തിൻെറ വിധി. ഒരു പത്രപ്രവർത്തകനായി ആ ദേശങ്ങളുടെ ഉള്ളനുഭവങ്ങളിലൂടെ ഒരിക്കൽ കൂടി കടന്നുപോകുന്നതായി തോന്നി ഖാലിദ്​ റഹ്​മാൻ സംവിധാനം ചെയ്​ത 'ഉണ്ട' കണ്ടപ്പോൾ. വാചാലമായ ചില സൂചനകൾക്കപ്പുറം മാവോയിസത്തെ രാഷ്ട്രീയമായോ അല്ലാതെയോ നിര്‍വചിക്കാൻ നേര്‍ക്കുനേരേ യാതൊരു ശ്രമവും നടത്താതിരുന്നിട്ടും ഛത്തീസ്​ഗഡുകാരുടെ ജീവിതാവസ്​ഥകളിൽ ചെന്നു നിൽക്കുന്നുണ്ട്​ ഈ സിനിമ. അതുകൊണ്ടു തന്നെ ഇതൊരു സിനിമ അനുഭവക്കുറിപ്പല്ല. മറിച്ച്​, കണ്ടുമുട്ടിയ ഛത്തീസ്​ഗഡിനെ കുറിച്ചുള്ള ഓർമ കൂടി പങ്കവെക്കലാണ്​..

ഉണ്ട ചിത്രത്തിൽ നിന്ന്​

ആദിവാസിയും സൈനികരുമാണ് 'മാവോയിസ'ത്തിൻെറയും ഒപ്പം ഭരണകൂടത്തിൻെറയും ഇരകളെന്ന് 'ഉണ്ട' പറയാതെ പറയുന്നുണ്ട്. ആദിവാസിയെ അടിച്ചു ചതക്കുന്ന മാവോയിസ്റ്റും അവനെ ഏറ്റുമുട്ടി കൊല്ലുന്ന ഭരണകൂടവും സിനിമയിലുണ്ട്. മിത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ ഈ എഴുതാപ്പുറങ്ങളാണ് സുഹൃത്ത് ഹര്‍ഷദ് തിരക്കഥയെഴുതിയ സിനിമയെ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നത്.

ലോഹർദ്ദകയിൽ നിന്നും പേസ്റാറിലേക്കുള്ള ഏക ബസ്

മാവോയിസത്തെ കുറിച്ച എൻെറ ബോധ്യങ്ങള്‍ അത്രയൊന്നും സുഖകരമല്ല. 2013ലെ അസംബ്ലി തെരഞ്ഞെടുപ്പു കാലത്താണത്. ബസ്തറിലെ കാട്ടിനകത്ത് മോക്പാലിലെ ഗ്രാമത്തില്‍ ആദിവാസികളുടെ ആഴ്ച ചന്തയില്‍ നിന്നും വിഷ്വലുകള്‍ പകര്‍ത്തുകയാണ് ഞാനും ക്യാമറാമാന്‍ സുരേഷ് ഇരുമ്പനവും. മഹ്‌വാ പൂക്കള്‍ വാറ്റിയെടുത്ത നാടന്‍ ചാരായം വലിയ കലങ്ങളില്‍ നിരത്തി വെച്ച് വില്‍ക്കാനിരിക്കുന്ന ആദിവാസി പെണ്ണുങ്ങളുടെ നീണ്ട നിര. സ്​ത്രീ പുരുഷ ഭേദമില്ലെന്നു മാത്രമല്ല ഒരുമാതിരി തിടം വെച്ച കുട്ടികള്‍ക്കു പോലും മദ്യം വിളമ്പുന്നുണ്ട്. ഇലക്കുമ്പിളിലാണ് അവരത് മൊത്തിക്കുടിക്കുന്നത്. വനവാസിയുടെ പരിമിതമായ ആവശ്യങ്ങള്‍ ഈ ചന്തയില്‍ നിന്നും എണ്ണിയെടുക്കാം. മുളക്, മഞ്ഞൾ, മല്ലി എന്നിവയുടെ പൊടികളാണ് പ്രധാന അനാദി കച്ചവടം. ബാര്‍സോപ്പും കോഴിമുട്ട പുഴുങ്ങിയതും നൂലൂകൊണ്ട് മുറിച്ച്​ ആവശ്യക്കാര്‍ക്ക് നല്‍കുന്നു. ഒന്നോ രണ്ടോ പന്തിയില്‍ കടുംനിറത്തിലുള്ള ജിലേബിയും പക്കവടയുമൊക്കെ കിട്ടാനുണ്ട്. ചന്തക്ക് ചുറ്റുമുള്ള കാട്ടില്‍ നിശ്ചിത ദൂരം ഇടവിട്ട് ഗ്രാമ്യതയെ ഭേദ്യം ചെയ്യുന്നതു പോലെ ഓട്ടോമാറ്റിക് തോക്കുകളുമായി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാർ. അതിനിടയിലൂടെ ഇരച്ചു വന്ന ഒരു മാരുതിജിപ്‌സി ഞങ്ങളുടെ സമീപത്ത് നിര്‍ത്തി യൂണിഫോമിലുള്ള, കൂളിംഗ് ഗ്ലാസ്​ ധരിച്ച ഒരു ഉദ്യോഗസ്ഥന്‍ സ്വയം പരിചയപ്പെടുത്തുന്നു. അദ്ദേഹം അവിടത്തെ കമാണ്ടൻഡാണ്​. വിരോധമില്ലെങ്കില്‍ ജോലി കഴിയുമ്പോള്‍ ഞാനവരുടെ ക്യാമ്പു വരെ ചെല്ലണം, വെറുതെ ചായ കുടിച്ചു പിരിയാം. അദ്ദേഹം ക്ഷണിച്ചു.

ബസ്തറിലെ കാട്ടിനകത്ത് മോക്പാൽ ഗ്രാമത്തിലെ ആഴ്​ച ചന്തയിൽ മഹ്​വാ മദ്യം കുടിക്കുന്ന ആദിവാസികൾ

ദല്‍ഹിയിലെ ജെ.എൻ.യു സര്‍വ്വകലാശാലയുടെ സന്തതിയായിരുന്നു മോക്പാലിലെ ആ പട്ടാളയൂണിറ്റിൻെറ കമാണ്ടർ. മാവോയിസത്തോട്​ ഹൃദയത്തില്‍ അനുരാഗം പുലര്‍ത്തിയിരുന്ന 90 കളിലെ യുവാക്കളിലൊരാൾ. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കുറെക്കൂടി വാചാലനായി. ''നിങ്ങളൊക്കെ ഒരു കണക്കിന് സ്വപ്‌നലോകത്തെ ഇടതുപക്ഷക്കാരാണ്. മാവോയിസത്തെ ഇപ്പോഴും മനസ്സിനകത്ത് താലോലിക്കുന്നവർ. ഈ ക്യാമ്പിനകത്ത് പട്ടാളക്കാര്‍ ജീവിക്കുന്നത് എങ്ങനെയെന്ന് അറിയണം. മാവോയിസ്റ്റുകള്‍ക്ക് ഈ വേലിക്കെട്ടിനകത്തേക്ക് ഗ്രനേഡോ ബോംബോ രാപ്പകല്‍ നോട്ടമില്ലാതെ വലിച്ചെറിയാം. സൈനികരും മാവോയിസ്റ്റുകളും തമ്മിലുള്ള ദ്വന്ദയുദ്ധമാണിത്. പക്ഷേ, ഞങ്ങള്‍ക്കു മാത്രമാണ് നിയമങ്ങൾ. അവര്‍ക്ക് ഒന്നും ബാധകമല്ല. ഏത് ഊരിലും ചെന്ന് ഏതു പെണ്ണിനെയും പിടിച്ചിറക്കി കൊണ്ടുപോകാം. കാട്ടിനകത്ത് നിങ്ങള്‍ക്കൊന്നും സ്വപ്‌നം കാണാനാവാത്ത മറ്റൊരു ലോകം കൂടിയുണ്ടെന്നറിയുക. കമാണ്ടൻഡായ എനിക്കും ചാനല്‍ റിപ്പോര്‍ട്ടറായ നിങ്ങള്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിനേക്കാളും സുഭിക്ഷമായ ജീവിതമാണ് അവരുടെ കമാണ്ടര്‍മാരുടേത്. പക്ഷേ, ഒരാളും എതിരെ ഒന്നും മിണ്ടില്ല. ഈ കാട്ടിലെ ഏതു ഗ്രാമത്തിലും നാട്ടുകാരിലൊരാളായി അവരുണ്ടാകും. നമ്മള്‍ അത് തിരിച്ചറിയില്ല. ഒരു കണക്കിന് മാവോയിസ്റ്റുകള്‍ക്ക് ഭരണകൂടം നിശ്ചയിച്ചു കൊടുത്ത വെറും ഇരകള്‍ മാത്രമാണ് പട്ടാളക്കാർ. . അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്ക്. അവര്‍ക്കെങ്ങിനെ കാട്ടിനകത്ത് ഇത്രയും ആയുധങ്ങളും പടക്കോപ്പുകളും ഇടമുറിയാതെ ലഭിക്കുന്നു? ഇവിടത്തെ രാഷ്ട്രീയക്കാരും ഖനന മാഫിയയുമാണ് അവരെ ആയുധം നല്‍കി തീറ്റിപ്പോറ്റുന്നത്. കാട്ടില്‍ പുറമെ നിന്നുള്ള ആരും കടന്നു വരരുത് എന്നാണ് മാഫിയ ഇവരിലൂടെ ഉറപ്പു വരുത്തുന്നത്...'' ഒരു മണിക്കൂറോളം നീണ്ട ആ കൂടിക്കാഴ്ച ഒരുതരം ഏകപക്ഷീയമായ വിവരണമായിരിക്കാം. പക്ഷേ മാവോയിസത്തില്‍ എവിടെയൊക്കെയോ കുറെ കല്ലുകടികള്‍ ഉണ്ടാക്കിത്തന്നു ആ കൂടിക്കാഴ്​ച.

പേസ്റാറിൽ മദനും നകുലും കീഴടങ്ങിയ വനമേഖലയിൽ പരിശോധന നടത്തുന്ന പോലീസ് സംഘം

ആ കമാണ്ടര്‍ പറഞ്ഞതു പോലുള്ള മാവോയിസ്റ്റുകളും ദണ്ഡകാരണ്യത്തിലുണ്ടെന്ന് കാലം പിന്നീടെനിക്കു ബോധ്യപ്പെടുത്തി തന്നു. ലോഹർദ്ദഗയിലെ പേസ്റാർ കാടുകളിൽ നിന്നും പുറംലോകത്തെത്തി ആയുധം വെച്ചു കീഴടങ്ങിയ നകുല്‍ യാദവിനെയും മദന്‍ യാദവിനെയും കുറിച്ച്​ ഡോക്യുമ​​​െൻററി ചെയ്യേണ്ടി വന്നപ്പോഴായിരുന്നു അത്. ഒന്നര ദശാബ്ദത്തോളം ഝാര്‍ഖണ്ടിനെ വിറപ്പിച്ച മാവോയിസ്റ്റ് കമാണ്ടര്‍മാരായിരുന്നു ഇരുവരും. ഒന്നര ഡസനോളം പെണ്‍കുട്ടികളെയാണ് കാട്ടിലെ മാവോയിസ്റ്റ് അന്തപ്പുരങ്ങളില്‍ നിന്നും സൈന്യം പുറംലോകത്തെത്തിച്ചത്. അവരില്‍ പലരും പ്രായപൂർത്തിയെത്താത്ത ബാലികമാരായിരുന്നു. അതിനുമപ്പുറം, എട്ട്​ കോടിയിലേറെ രൂപയാണ് ഈ കമാണ്ടര്‍മാരുടെ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന നിക്ഷേപം. പോലിസ് ഇത് മരവിപ്പിക്കുമെന്ന് കണ്ടപ്പോഴാണ് സോണല്‍ കമാണ്ടര്‍മാരായിരുന്ന ഇരുവരും സര്‍ക്കാറിൻെറ അഞ്ചു ലക്ഷം കൂടി കൈക്കലാക്കി കീഴടങ്ങിയത്. ഈ കമാണ്ടര്‍മാരിലൊരാളുടെ മകന്‍ വിദേശത്ത് വിദ്യാഭ്യാസം നേടുന്നുണ്ടെന്നു പോലും പോലിസ് പുറത്തു വിട്ട വിവരങ്ങളില്‍ ഉണ്ടായിരുന്നു. കീഴടങ്ങി കര്‍ഷകനായി ജീവിക്കുന്ന ലോഹര്‍ദകയിലെ ദാനിയേല്‍ ലഖ്ഡ എന്ന മറ്റൊരു മാവോയിസ്റ്റിനെയും ആ യാത്രയില്‍ കണ്ടുമുട്ടി. തൻെറ നേതാക്കളെ കുറിച്ച് പോലിസ് പറഞ്ഞ പല വിവരങ്ങളും ശരിയാണെന്ന് സ്വയം ബോധ്യപ്പെട്ടപ്പോൾ കീഴടങ്ങുകയായിരുന്നുവെന്നാണ് ഈ മുന്‍ ഏരിയാ കമാണ്ടര്‍ക്കും പറയാനുണ്ടായിരുന്നത്. മാവോയിസത്തെ കുറിച്ച അമ്പരപ്പിക്കുന്ന അറിവുകളായിരുന്നു ഇതെല്ലാം.

പേസ്റാർ ഗ്രാമത്തിൽ സൈന്യം സ്​ഥാപിച്ച സുരക്ഷാ വലയം

മോക്പാലിലെ ഐ.ടി.ബി.പി കമാണ്ടറുടെ സ്ഥാനത്ത് ഇന്‍സ്‌പെക്ടര്‍ മണിയെ 'ഉണ്ട' അനുഭവിപ്പിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ മെഗാഫോണുകളായി മാറുന്ന ഇത്തരം സൈനിക വിഭാഗങ്ങളും അവരുടെ ദയാശൂന്യമായ ഏറ്റുമുട്ടല്‍ കൊലപാതകവുമൊക്കെ യാഥാര്‍ഥ്യ ലോകത്ത് ഉള്ളതു തന്നെയാണ്. രാഷ്ട്രീയക്കാര്‍ക്കു വേണ്ടി കൊള്ളാനും കൊടുക്കാനുമൊക്കെ തയാറായിട്ടെത്തുന്നവരില്‍ മാവോയിസ്റ്റുകളുടെ വേഷം കെട്ടിയ കൂലിപ്പടയാളികളും ഉണ്ടാവാറുണ്ട്. ജീരംഖാട്ടി വനമേഖലയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം 28 പേരെ വധിച്ച മാവോയിസ്റ്റുകള്‍ ഉദാഹരണം. ഉന്നതങ്ങളില്‍ എവിടെയോ രചിച്ച ഒരു തിരക്കഥയില്‍ സ്വന്തം ഭാഗം അഭിനയിക്കുക മാത്രമായിരുന്നു അവർ. രമണ്‍ സിംഗിനെ താഴെയിറക്കി അടുത്ത മുഖ്യമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞ മഹേന്ദ്ര കർമ എന്ന കോണ്‍ഗ്രസ് നേതാവിനെയാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. താനാണ് കർമയെന്ന് സ്വയം വെളിപ്പെടുത്തിയതിനു ശേഷവും കർമയെ 78ഓളം മുറിവുകള്‍ ഏല്‍പ്പിച്ചും ഡസന്‍ കണക്കിന് ബുള്ളറ്റുകള്‍ ഉതിര്‍ത്തും മൃഗീയമായി വധിച്ചതിനു ശേഷവും കലിയടങ്ങാതെ ആ സംഘത്തിലെ ഓരോരുത്തരെയും ഒന്നിനു പുറകെ മറ്റൊന്നായി പിടികൂടി വധിക്കുകയാണ് അവര്‍ ചെയത്. ദണ്ഡകാരണ്യ സ്‌പെഷ്യല്‍ മാവോയിസ്റ്റ് സോണല്‍ കമ്മിറ്റി പിന്നീട് ഈ കൂട്ടക്കൊലയുടെ ഉത്തരവാദിത്തമേറ്റു. സംഭവം നടന്ന് ഏതാനുംദിവസങ്ങള്‍ക്കു ശേഷമാണ് സുഖ്മയില്‍ നിന്നും ജഗദാല്‍പൂരിലേക്ക് ഈ വഴിയിലൂടെ യാത്ര ചെയ്യേണ്ടി വന്നത്. പക്ഷെ രാത്രി സമയത്തു പോലും അതുവഴി യാത്ര ചെയ്യാന്‍ ഞങ്ങളുടെ ടാക്‌സി ഡ്രൈവര്‍ക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു മാവോയിസ്റ്റ് ആക്രമണം ഒരിക്കലും ഉണ്ടാവില്ലെന്നായിരുന്നു അയാളുടെ പക്ഷം.

കാട്ടിലെ ബോക്സൈറ്റ് ഖനികളിൽ നിന്നും അയിരുകൾ ഹിൻഡാൽകോ കമ്പനിയിലേക്ക്​ എത്തിക്കുന്നത് ഈ സംവിധാനത്തിലൂടെയാണ്

മാവോയിസ്റ്റ് കമാണ്ടര്‍ കിഷന്‍ജിയെ കാണാനായി 2007ലെ തെരഞ്ഞെടുപ്പുകാലത്ത് ബംഗാളിലെ മേദിനിപ്പുരില്‍ ചെന്നപ്പോഴുണ്ടായ അനുഭവത്തിൻെറ നടുക്കം ഇപ്പോഴുമുണ്ട്​. ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ താന്‍ എത്തുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകര്‍ക്ക് കിഷന്‍ജി രഹസ്യ വിവരം നല്‍കിയതു കൊണ്ടാണ് ഈ കു​ഗ്രാമത്തില്‍ ഞങ്ങള്‍ ചെല്ലുന്നത്.

ലാൽഗഡിൽ കിഷൻജിയെ കാത്തു നിൽക്കുന്നതിനിടയിൽ ഒരു ഗ്രാമക്കാ​ഴ്​ച

കിഷന്‍ജി പക്ഷേ യഥാര്‍ഥ മാവോയിസ്റ്റായിരിക്കണം. ലാല്‍ഗഡില്‍ ഞങ്ങളെത്തുമ്പോള്‍ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാനുള്ള മാവോയിസ്റ്റുകളുടെ ആഹ്വാനമായിരുന്നു ഗ്രാമം നിറയെ. പോലിസുകാര്‍ വഴിനീളെ നടന്ന് ഈ നോട്ടീസുകള്‍ പറിച്ചു മാറ്റുന്നു. വോട്ടു ചെയ്തവരുടെ വിരലുകള്‍ മാവോയിസ്റ്റുകള്‍ വന്ന് മുറിച്ചു കളയുമെന്നൊക്കെയാണ് നാട്ടുകാര്‍ ഭയപ്പെത്. എന്നാല്‍ അതുവരെ കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളില്‍ അങ്ങനെയാരുടെയെങ്കിലും വിരലുകള്‍ മാവോയിസ്റ്റുകള്‍ അറുത്തു മാറ്റിയതായി ലാല്‍ഗഡില്‍ ആരുടെയും അറിവില്‍ ഉണ്ടായിരുന്നില്ല. ആ പ്രചാരണം വലിയൊരളവില്‍ മാധ്യമ സൃഷ്ടിയായിരുന്നു. പൊതുജനം വോട്ടു ചെയ്യാതിരിക്കലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയിച്ചു കയറാനുള്ള നിരവധി തന്ത്രങ്ങളില്‍ ഒന്നാണല്ലോ. അതുകൊണ്ടാണ് എതിര്‍ത്തു വോട്ടുചെയ്യുമെന്ന് ഭയപ്പെടുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആയിരമോ രണ്ടായിരമോ ഒക്കെ കൊടുത്ത് സ്ഥാനാര്‍ഥികളോ അവരുടെ ശിങ്കിടികളായ സര്‍പഞ്ചുമാരോ ഒക്കെ വാങ്ങിവെക്കുന്നതായ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്. ഭയം വിതച്ച് വോട്ടര്‍മാരെ കെട്ടിയിടുന്ന രാഷ്ട്രീയ കുബുദ്ധി ഈ വിരല്‍ മുറിക്കല്‍ കഥയുടെ പിന്നിലും ഉണ്ടായിരിക്കണം. ഞാന്‍ കണ്ടിടത്തോളം ആദിവാസികള്‍ വോട്ടു ചെയ്യുന്നവരും അത് അവസാനത്തെ ആയുധമായി മനസ്സിലാക്കുന്നവരുമായിരുന്നു.

തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കണമെന്ന്​ ആഹ്വാനം ചെയ്യുന്ന മാവോയിസ്​റ്റുകളുടെ പോസ്​റ്റർ

മേദിനിപ്പുരില്‍ കിഷന്‍ജിയെ കാണാന്‍ ചെന്ന മാധ്യമ്രപവര്‍ത്തകരേക്കാള്‍ പത്തിരട്ടിയെങ്കിലും മഫ്തി പോലിസുകാര്‍ അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. സ്വാഭാവികമായും അദ്ദേഹം വന്നില്ല. മടക്ക യാത്രയിൽ മാധ്യമ പ്രവർത്തകരുടെ വാഹനം മുമ്പിലും പിന്നാലെ പോലിസും തെരഞ്ഞെടുപ്പുദ്യോഗസ്ഥരും സഞ്ചരിച്ച വാഹനവുമായാണ് നഗരത്തിലേക്കു മടങ്ങിയത്. ഒന്നോ രണ്ടോ വളവുകളുെട മാത്രം ദൂരത്തില്‍ പുറകെ വന്ന പോലിസിൻെറ വാഹനം മൈന്‍ ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ തവിടുപൊടിയാക്കി. ഏഴു പേരുടെ ജീവനാണ് അന്നവിടെ കത്തിയമര്‍ന്നത്. ഓർമകളെപ്പോലും ഉലച്ചുകളഞ്ഞ ആ സ്‌ഫോടനം വര്‍ഷങ്ങള്‍ക്കു ശേഷം അതേ തീവ്രതയിൽ 'ഉണ്ട' കണ്ടപ്പോൾ അനുഭവിച്ചു.

മാവോയിസ്​റ്റുകളുടെ ബോംബാക്രമണത്തിൽ തീകത്തി നശിച്ച പൊലീസ്​ ജീപ്പിൻെറ അവശിഷ്​ടങ്ങൾ

ആദിവാസി ജീവിതത്തിലെ ഒരുപാട് നല്ല കാഴ്ചകളുണ്ട്​ ഈ സിനിമയിൽ. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ച് മുമ്പെന്നോ കണ്ട ഒരു സിനിമയില്‍ പട്ടാളം കടന്നു പോകാന്‍ മാത്രമായി ഉണ്ടാക്കിയ പാലത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചു നില്‍ക്കുന്ന ഒരു പട്ടികക്കഷണം അറുത്തു കളയുന്ന ഒരു എഞ്ചിനീയറുടെ ദൃശ്യമുണ്ട്. അത്തരെമാരു സൗന്ദര്യബോധത്തിന് ഒരു പ്രസക്​തിയും രക്തച്ചൊരിച്ചിലിൻെറ മടുപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊണ്ടു നിറച്ച ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ ബിജുകുമാര്‍ എന്ന പോലിസുകാരന്‍ തെളിയിക്കുന്ന അതിര്‍ത്തി ദേവതയുടെ വിളക്ക് അതേ ദൃശ്യാനുഭവമാണ്​ സൃഷ്​ടിക്കുന്നത്​.

ചത്തീസ്ഗഡിലെ ജീരം ഖാട്ടി വനമേഖലയിലെ മാവോ നേതാക്കളെ കുറിച്ച പോലീസ് അറിയിപ്പ്. സമീപത്തെ പോലീസ് ചെക്ക് പോസ്റ്റിന്റെ ബോർഡ് നിറയെ വെടിയേറ്റു തുളഞ്ഞ പാട്ടുകൾ കാണാം

ബസ്തറിലെ സുഖ്മയില്‍ നിന്നും 2013ല്‍ അസംബ്ലി തെരഞ്ഞെടുപ്പ് നേരിട്ട സി.പി.ഐയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗം മനീഷ് കുഞ്ചാമിനെ കാട്ടിനകത്താണ്​ കാണാന്‍ ചെന്നത്​. നൂറു കണക്കിന് ആദിവാസികളാണ് അദ്ദേഹത്തിന്റെ റാലിയില്‍ അന്ന് പങ്കെടുക്കാനെത്തിയിരുന്നത്​. കാട്ടിനകത്തെ വഴികള്‍ കണ്ടെത്തുക എളുപ്പമല്ലാത്തതു കൊണ്ട് താരതമ്യേന സുഖ്മയോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമത്തിലായിരുന്നു അദ്ദേഹം എനിക്ക് സമയം തന്നത്. അതും രാത്രിയിൽ. ഛത്തീസ്ഗഡിലെ നാട്ടുഭാഷയില്‍ ആദിവാസികളുമായി സംസാരിക്കുന്നതിനിടെയാണ് ഞങ്ങളെത്തിയത്. അതോടെ പ്രസംഗം ഹിന്ദിയിലായി. ​കേരളത്തിലെ ഞങ്ങളുടെ ചാനലിനെ കുറിച്ച്​ അദ്ദേഹം അന്വേഷിച്ചറിഞ്ഞിരിക്കുന്നു. ''കാടിനും മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള സമരം കേരളത്തില്‍ ഇവരാണ് ഏറ്റുപിടിക്കുന്നത്..'' എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ഥം. നിരക്ഷരരും ദരിദ്രരുമായ ആ ആദിവാസികളുടെ കണ്ണില്‍ അന്ന് പ്രത്യക്ഷപ്പെട്ട സ്‌നേഹത്തിന്റെ തിളക്കമുണ്ടല്ലോ, ഏത് പത്രപ്രവര്‍ത്തകൻെറയും ജീവിതത്തിലെ അമൂല്യമായ നിമിഷമായിരുന്നു അത്. കാട്ടിനകത്തു പോലും ജനാധിപത്യത്തിന്റെ വിലയും മാധ്യമങ്ങളുടെ വലിപ്പവും അവര്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. പോളിങ്​ ബൂത്തിലേക്ക് വരുമ്പോള്‍ പോലും തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ പൊക്കിക്കാട്ടി തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് തെളിയിക്കേണ്ടുന്ന ആ ഗതികേട് പക്ഷേ നമ്മുടെ ജാധിപത്യവും സുരക്ഷാ സംവിധാനവും ചേർന്ന്​ ഉണ്ടാക്കിവെച്ചതാണ്​.

12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ജനീ ശിക്കാർ ആഘോഷത്തിൽനിന്ന്​. അന്നേ ദിവസം കെട്ടിയിടാത്ത ഏത് മൃഗത്തെയും കൂട്ടിലടക്കാത്ത കോഴി കളേയും പിടിച്ചു സ്വന്തമാക്കാൻ ആദിവാസികൾക്ക് അവകാശമുണ്ട്

ഓംകാര്‍ ദാസ് മണിപ്പൂരി അഭിനയിച്ച കുനാല്‍ചന്ദിനെ ഛത്തീസ്ഗഡ്, ജാര്‍ഖണ്ട്, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിലെ ആദിവാസികൾക്കിടയിൽ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്​. ഭഗവാന്‍ തിവാരി അഭിനയിച്ച കപില്‍ദേവിന്റെ വേഷവും കണ്ടു പരിചയിച്ച സൈനിക രൂപങ്ങളുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നു.

സുഖ്മയിലെ സി.പി.ഐ നേതാവ് മനീഷ് കുഞ്ചാമിനൊപ്പം ലേഖകൻ

മാവോയിസത്തെ നിര്‍വചിക്കുന്ന പണി പ്രേക്ഷകനു വിട്ടു കൊടുക്കുമ്പോഴും ആദിവാസി ജീവിതത്തില്‍ അവരുണ്ടാക്കുന്ന മാറ്റങ്ങളുടെ രാഷ്​ട്രീയം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്​ ഈ സിനിമ. ചോര മണക്കുന്ന ഛത്തീസ്​ഗഡിലെ മാവോയിസ്​റ്റ്​ വഴികളിൽ നടത്തിയ ഗവേഷണം ഹര്‍ഷദിന്റെ തിരക്കഥക്ക് ബലമേകിയിട്ടുണ്ട്​.

ഛത്തീസ്​ഗഡിലെ മാവോയിസ്​റ്റ്​ കേന്ദ്രങ്ങളിലൂടെ ലേഖകൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൻെറ ലിങ്ക്​

Full View
Tags:    
News Summary - The Movie Unda remind the life of Maoist affected Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.