??????? ???????????

മലയാള സിനിമ കണ്ണഞ്ചിക്കുന്ന കാഴ്ചപ്പെടലുകളിലേക്കും കഥയില്ലായ്മയിലേക്കുമൊക്കെ മാറി സഞ്ചരിച്ചപ്പോഴും കുടുംബങ്ങളില്‍ നിന്ന് കുടിയിറങ്ങാതെ സിനിമയിലെ ഗാര്‍ഹികാന്തരീക്ഷം കാത്തുസൂക്ഷിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സിനിമയിലെത്തി 34 വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്‍െറ ഓരോ സിനിമകളും ഓരോ സന്ദേശങ്ങളാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ജോമോന്‍െറ സുവിശേഷങ്ങള്‍’ ആണ് അദ്ദേഹത്തിന്‍െറ പുതിയ ചിത്രം. സിനിമയെക്കുറിച്ചും സാമൂഹികാവസ്ഥയെ കുറിച്ചുമൊക്കെ അദ്ദേഹം സംസാരിക്കുകയാണിവിടെ...

പഴയതും പുതിയതുമായ കാലത്ത് മലയാള സിനിമയിലുള്ള താങ്കള്‍ നവസിനിമകളെയും സംവിധായകരെയും എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഞാന്‍ പുതിയ സിനിമ ശ്രദ്ധിക്കുന്നയാളാണ്. ഒരുപാട് ടാലന്‍റഡായ സംവിധായകരുണ്ട് ഇപ്പോള്‍. ഞാന്‍ സിനിമ എടുക്കുന്ന സമയത്ത് മാത്രമാണ് സിനിമാക്കാരനാകുന്നത്. അല്ലാത്തപ്പോള്‍ പ്രേക്ഷകനാണ്. അപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം എന്‍െറ മുന്നില്‍ തന്നെയാണ് ഈ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. എന്നെയും അത് സ്വാധീനിക്കുന്നുണ്ടാകും. പക്ഷേ, എന്തൊക്കെയാണെങ്കിലും എന്‍െറ ചിന്താഗതിയില്‍നിന്നു കൊണ്ടുള്ള ഒരു സിനിമയേ ഞാന്‍ ചെയ്യൂ. അത് ആളുകള്‍ക്കിഷ്ടമുള്ളതുകൊണ്ടാണല്ലോ ഓടുന്നതും നിര്‍മാതാക്കള്‍ എന്നെ സിനിമയെടുക്കാന്‍ വിളിക്കുന്നതും. അതായത്, ഞാന്‍ കാണുന്ന സിനിമകളും ചെയ്യുന്ന സിനിമകളും ഒന്നാകണമെന്നില്ല. മറ്റു സിനിമകള്‍ കണ്ട് ഒരു പാഠമായി ഉള്‍ക്കൊള്ളാറുണ്ടെങ്കിലും എനിക്ക് ശരിയെന്ന് തോന്നുന്ന രീതിയിലാണ് ഞാന്‍ സിനിമയെടുക്കുന്നത്. അല്ലാതെ, ട്രെന്‍ഡ് എന്നു പറഞ്ഞ് പിന്നാലെ പോകില്ല.

കുടുംബ പ്രേക്ഷകരുടെ സംവിധായകനായ താങ്കള്‍ ഇക്കാലത്ത് സിനിമയെ സമീപിക്കുന്നതെങ്ങനെയാണ്?
എപ്പോഴും ഒരു സിനിമ ചെയ്യുമ്പോള്‍ അതിനെ പോസിറ്റിവായേ ഞാന്‍ സമീപിക്കുകയുള്ളൂ. അത് തിയറ്ററിലെത്തുമ്പോള്‍ പ്രേക്ഷകരുടെ കൈയിലേക്ക് പോകും. അതിലെന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അപ്പോഴേ തിരിച്ചറിയുകയുള്ളൂ. ഞാന്‍ കൊല്ലത്തില്‍ ഒരു പടമേ ചെയ്യാറുള്ളൂ. എന്‍െറ കഴിഞ്ഞ സിനിമ എത്ര സൂപ്പര്‍ ഡ്യൂപര്‍ ആയാലും അടുത്ത സിനിമയെടുക്കാന്‍ ഒരു കൊല്ലമെടുക്കും. അത് തിരിച്ചറിവിനും എന്നെ നവീകരിക്കാനുമുള്ള സമയമാണ്.

ഇടക്കാലത്ത് സ്വന്തം കഥയിലേക്കും തിരക്കഥയിലേക്കും തിരിയാനുള്ള കാരണം?
അത് എഴുത്തുകാര്‍ തിരക്കിലായിരുന്നതുകൊണ്ട് തിരക്കഥ കിട്ടാത്തതു കൊണ്ടായിരുന്നു. ശ്രീനിവാസന്‍ എഴുതുന്നില്ലായിരുന്നു. ലോഹിതദാസ് ഉണ്ടായിരുന്നെങ്കിലും തിരക്കിലായിരുന്നു. അപ്പോള്‍ എന്‍െറ മനസ്സില്‍ തോന്നിയ വിഷയം ഞാന്‍ തന്നെ എഴുതിയെടുക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ എഴുതി. അത് അവസാന വഴിയാണ്. എന്‍െറ മനസ്സില്‍ തോന്നുന്ന ആശയവുമായി സംവദിക്കാന്‍ കഴിയുന്ന എഴുത്തുകാരനുണ്ടെങ്കില്‍ ഞാന്‍ ആദ്യം ശ്രമിക്കുക അതിനായിരിക്കും. ഇഖ്ബാല്‍ കുറ്റിപ്പുറം എനിക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ്. പക്ഷേ, എല്ലാ സ്ക്രിപ്റ്റുകളും എഴുതാന്‍ അയാള്‍ക്ക് പറ്റിയെന്നു വരില്ല. സിനിമ ചെയ്യാന്‍ സാഹചര്യമുണ്ടായാല്‍ തിരക്കഥയില്ലെന്ന കാരണത്താല്‍ സിനിമ മുടങ്ങരുത്. അങ്ങനെ വരുമ്പോള്‍ എഴുതാനുള്ള താല്‍പര്യം പണ്ടേയുള്ളതുകൊണ്ട് സ്വന്തത്തിലേക്ക് തിരിയുന്നതാണ്. ഞാന്‍ എഴുതിയ ‘വിനോദയാത്ര’ക്ക് ഏറ്റവും നല്ല തിരക്കഥക്കുള്ള അവാര്‍ഡും കിട്ടി. അതൊക്കെ ധൈര്യം നല്‍കുന്നതാണ്. സിനിമയെന്നാല്‍ ഒരു കൂട്ടായ കലയാണ്. ആത്യന്തികമായി നന്നാകേണ്ടത് സിനിമയാണ്. വേറൊരാളുടെ സംഭാവനകള്‍ കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ നന്നാകും. അതിനായി ആരുടെയൊക്കെയോ സംഭാവനകളുണ്ടെങ്കില്‍ ഞാന്‍ അത് സ്വീകരിക്കും.

ഒരുപാട് സിനിമകള്‍ക്ക് പാട്ടെഴുതിയ താങ്കള്‍ ഇന്നത്തെ സിനിമാപാട്ടുകളെ എങ്ങനെ കാണുന്നു?
ഇന്നത്തെ പാട്ടുകള്‍ കൂടുതലും പശ്ചാത്തല സംഗീതത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. സിനിമക്ക് പുറത്ത് പാട്ടുകള്‍ അധികം കേള്‍ക്കുന്നില്ല. എന്‍െറ പുതിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് റഫീഖ് അഹ്മ്മദ്-വിദ്യാസാഗര്‍ കൂട്ടുകെട്ടിനെയാണ്. അത് സിനിമക്ക് പുറത്തും പാടാവുന്നതാണ്. ഞാന്‍ ആ രീതിയിലാണ് എന്‍െറ സിനിമയില്‍ പാട്ടുകളെ കാണുന്നത്.

ഗാനരചയിതാക്കള്‍ അടിസ്ഥാനപരമായി കവികളല്ലാത്തത് പാട്ടുകളുടെ ഗുണം കുറയാന്‍ കാരണമാണോ?
അങ്ങനെ പറയാന്‍ കഴിയില്ല. ആളുകള്‍ എഴുതിയല്ളേ വരുന്നത്. ആരും ഗാനരചയിതാവായിട്ടല്ലല്ലോ ജനിക്കുന്നത്. കവികള്‍ മാത്രമല്ലല്ലോ ഗാനരചന നിര്‍വഹിക്കുന്നത്. കവിതയെഴുത്തും ഗാനരചനയും രണ്ടും രണ്ടാണ്. കവിതയില്‍ കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. ഗാനരചനയില്‍ സംവിധായകര്‍ തീരുമാനിക്കണം നമ്മുടെ പാട്ടുകള്‍ ഇന്നതായിരിക്കണം, അതില്‍ സാഹിത്യ ഭംഗി വേണമെന്നൊക്കെ.

ആധുനിക സാഹിത്യത്തിലെ പുതിയ കഥകളിലും നോവലുകളിലും സിനിമയിലേക്ക് ഭാഷാന്തരം ചെയ്യാന്‍ പറ്റിയ കഥകളുള്ളതായി തോന്നിയിട്ടുണ്ടോ?
വായിക്കുമ്പോള്‍ ചില സ്പാര്‍ക്കുകള്‍ ഉണ്ടാകുമെന്നല്ലാതെ സിനിമയാക്കാന്‍ പറ്റിയവ ഉണ്ടെന്ന് തോന്നിയിട്ടില്ല. സാഹിത്യവും സിനിമയും രണ്ട് വഴിക്കാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പണ്ട് രണ്ടും ഒരേ വഴിയിലായിരുന്നു. ഓടയില്‍ നിന്ന്, വാഴ്വേ മായം എന്നതില്‍ ഒക്കെ പറയാന്‍ ഒരു കഥയുണ്ട്. അത് കാണാനും കൊള്ളും. അന്ന് ഞാന്‍ അങ്ങനെ സിനിമ ചെയ്തിട്ടുണ്ട്. എം.ഡി. രത്നമ്മയുടെ അധ്യായം ഒന്നുമുതല്‍ സിനിമയാക്കി. വി.കെ.എന്നിന്‍െറ പ്രേമവും വിവാഹവും ‘അപ്പുണ്ണി’ എന്ന പേരിലും സി.വി. ബാലകൃഷ്ണന്‍െറ നോവലെറ്റ് ഇരട്ടക്കുട്ടികളുടെ അച്ഛനും സിനിമയാക്കിയിട്ടുണ്ട്. ഇന്ന് നല്ല നോവലുകള്‍ ഉണ്ട്. പക്ഷേ, ഒരു സിനിമയുടെ കാന്‍വാസിലൊതുങ്ങുന്നതിനെക്കാള്‍ വലുതായതിനാല്‍ സിനിമയാക്കുക പ്രയാസമാണ്. ഇന്ന് സാഹിത്യം കൂടുതലും ഫിക്ഷനാണ്.

താങ്കള്‍ മമ്മൂട്ടിയെ നായകനാക്കി സിനിമകളെടുത്തിട്ടുണ്ട്, ഇപ്പോള്‍ മകന്‍ ദുല്‍ഖറിനെയും. ഇവരെ താരതമ്യം ചെയ്യുന്നത് എങ്ങനെയായിരിക്കും?
മമ്മൂട്ടിയെയും ദുല്‍ഖറിനെയും താരതമ്യം ചെയ്യാനേ വയ്യ. മമ്മൂട്ടി ഇന്ത്യന്‍ സിനിമയിലെ വലിയ ആക്ടര്‍ തന്നെയാണ്. ദുല്‍ഖര്‍ പുതിയ തലമുറയിലെ ഏറ്റവും വാഗ്ദാനമായിട്ടുള്ള നടനും. രണ്ടാളും അഭിനയം പാഷനായി കരുതുന്നവരാണ്. മമ്മൂട്ടി ഒരു പുതുമുഖനടന്‍െറ ജിജ്ഞാസയും ആകാംക്ഷയും സൂക്ഷിക്കുന്നയാളാണ്. എക്കാലത്തെയും പുതുമുഖം മമ്മൂട്ടിയാണെന്ന് പറയാം. ദുല്‍ഖര്‍ സിനിമയെ കരുതലോടെ സമീപിക്കുന്നയാളാണ്. രണ്ടു പേരും സമര്‍പ്പിതരാണ്. അഭിനയത്തില്‍ രണ്ടു പേരും രണ്ട് റെയ്ഞ്ചുള്ള രണ്ടു പ്രായത്തിലുള്ള താരങ്ങളാണ്. മമ്മൂട്ടി എസ്റ്റാബ്ലിഷ് ചെയ്തതാണ്. ദുല്‍ഖര്‍ ഓരോ സിനിമയിലൂടെയും പടിപടിയായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇവരെ താരതമ്യം ചെയ്യുന്നത് ശരിയല്ല.

സിനിമക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന അവസ്ഥയെക്കുറിച്ച്?
ഞാന്‍ സിനിമയെ ബാധിക്കുന്ന അത്തരം കാര്യങ്ങള്‍ക്കൊന്നും പോകാറില്ല. സിനിമ ലിഖിതനിയമങ്ങളില്ലാത്ത കലയാണ്. ഓരോ സിനിമയും ഓരോ സംവിധായകന്‍െറ കാഴ്ചപ്പാടാണ്. ഞാന്‍ എന്‍െറ സിനിമയുടെ വഴികളിലൂടെ സഞ്ചരിക്കുന്നു. അതിനാല്‍, എനിക്ക് സെന്‍സറിന്‍െറയോ മറ്റോ പ്രശ്നങ്ങളുണ്ടാകാറില്ല. ഞാന്‍ വളരെ ഒതുങ്ങിയും വേറിട്ടും സിനിമ ചെയ്യുന്ന ആളാണ്. എന്‍െറ ജീവിതം, കുടുംബം, കൃഷി ഇതിലൊക്കെ തൃപ്തിയുള്ളയാളാണ്. സംഘടനാ പ്രശ്നങ്ങളിലൊന്നും പോകാറില്ല.

‘സന്ദേശം’ പോലൊരു സിനിമക്ക് ഇനിയും പ്രസക്തിയില്ലോ?
ഉണ്ട്. ഞാനും ശ്രീനിവാസനും കൂടി ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആലോചിക്കുന്നുണ്ട്. രാഷ്ട്രീയം നിരീക്ഷിക്കാത്തവര്‍ക്കു കൂടി മനസ്സിലാകണം ആ സിനിമ. അതിനുവേണ്ടി കാത്തിരിക്കുകയാണ്.

കേരളത്തിലെ പുതിയ കാലത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് എന്താണഭിപ്രായം?
പുതിയ കാലത്ത് രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുകയാണ്. കാലം ചെല്ലുന്തോറും അത് കൂടിവരുന്നു. അത് അപകടകരമാണ്. എരിതീയില്‍ എണ്ണ പകര്‍ന്നു കൊണ്ടിരിക്കുകയാണ് രാഷ്ട്രീയക്കാര്‍. മനുഷ്യരാണ് ഏറ്റവും കൂടുതല്‍ ചേരിതിരിവുകളുണ്ടാക്കുന്നത്. ഇപ്പോള്‍ ജാതിയും മതവും വേണ്ടെന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിനെപോലും ജാതിക്കുള്ളില്‍ തളച്ചിടുന്നു. അപ്പോള്‍ ഓണവും പെരുന്നാളും വിഷുവും ക്രിസ്മസുമൊക്കെ മനുഷ്യ സാഹോദര്യത്തിനു വേണ്ടി നമ്മള്‍ ഏറ്റെടുക്കണം. എല്ലാരും ഒന്നാണെന്ന സന്ദേശമാണ് അതു നല്‍കുക. ജനിക്കുമ്പോള്‍ ആരും ഒരു മതത്തിലും പെടുന്നില്ല. ലോകാ സമസ്തോ സുഖിനോ ഭവന്തു തത്ത്വം തന്നെയാണ് എന്‍േറതും. നമ്മള്‍ നിറം നോക്കിയും ജാതി നോക്കിയും വേര്‍തിരിക്കാതിരിക്കുകയാണ് വേണ്ടത്. എല്ലാരും മനുഷ്യര്‍ തന്നെയാണ്. അതിന് വിശാലമായി ചിന്തിക്കണം. ടാഗോറും ഗാന്ധിയും ശ്രീനാരായണ ഗുരുവുമൊക്കെ ഒരു തലമുറയില്‍ ജീവിച്ചിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ അദ്ഭുതമാണ്. അതുപോലെ ഒരാളും ഇന്നില്ല. അത് വലിയ നഷ്ടമാണ്. അതിന് അടുത്ത തലമുറ മറുപടി പറയട്ടെ.

Tags:    
News Summary - malayalam film director sathyan anthikad's interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.