കപ്പിനും ചുണ്ടിനുമിടയിൽ വഴുതിയ ഭാഗ്യം

ആവോളം പ്രതിഭയുണ്ടായിട്ടും ഭാഗ്യം തീണ്ടാതെ പോയ നിരവധിപേരുണ്ടായിരുന്നു കോടമ്പാക്കത്ത്. അവരിൽ പലരെയും ഇപ്പോഴും ചെന്നൈ നഗരത്തി​​െൻറ പല ഭാഗത്തുവെച്ചും പലപ്പോഴും കണ്ടുമുട്ടാറുണ്ട്. എത്രയോ ഉന്നതങ്ങളിൽ എത്തിച്ചേരുമെന്ന് എല്ലാവരും കരുതിയിരുന്നവർ. പക്ഷേ, ഒന്നുമാകാതെ പോയവർ. നിർഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് അവർ എവിടെയും എത്താതെ പോയത്. ചിലപ്പോൾ അവസരം കൺമുന്നിൽ വന്ന് കൈയാട്ടി വിളിക്കും. കൈപ്പിടിയിലായെന്നു തോന്നുന്ന അതേ നിമിഷം കൈവിരലുകൾക്കിടയിലൂടെ അത് ചോർന്നു പോയിരിക്കും. അതിലൊരാളാണ് ജെ.എം. രാജു.

ജെ.എം. രാജു
 

കുട്ടിക്കാലം മുതൽ തമിഴ് പാട്ടുകൾ പാടാനായിരുന്നു ജെ.എം. രാജുവിനു താൽപര്യം. വിശേഷിച്ചും പി.ബി. ശ്രീനിവാസി​​െൻറ പാട്ടുകൾ. എറണാകുളത്തുള്ള പല ഗാനമേള സംഘങ്ങളിലും പി.ബി.എസി​​െൻറ പാട്ടുകൾ പാടിതിളങ്ങി നിൽക്കുന്ന കാലത്താണ് സുഹൃത്തുക്കളുടെ സ്​നേഹപൂർണമായ ഉപദേശം കേട്ട് രാജു മദിരാശിയിലേക്കു വണ്ടി കയറിയത്. തമിഴ് പിന്നണി ഗാനരംഗം മാത്രമായിരുന്നു ലക്ഷ്യം. എം.എസ്​. വിശ്വനാഥൻ ഉൾപ്പെടെയുള്ള നിരവധി തമിഴ്സംഗീത സംവിധായകരെ നേരിട്ടു കണ്ടു. ഉറപ്പുകളല്ലാതെ മറുത്തൊരു വാക്ക് ആരും പറഞ്ഞില്ല. ഒടുവിൽ വാഗ്ദാനങ്ങൾക്കപ്പുറത്തേക്ക് കാര്യങ്ങളൊന്നും നീങ്ങാതായപ്പോൾ ജെ.എം. രാജു മലയാളത്തിലേക്കു കളംമാറി. സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥിനെ നേരിട്ടു കണ്ട് ആഗ്രഹം പറഞ്ഞു. അദ്ദേഹം സ്​നേഹപൂർവം രാജുവിനെ ഒപ്പം നിറുത്തി. കമ്പോസ്​ ചെയ്യുന്ന ഈണങ്ങൾ കൃത്യമായി പഠിക്കുക, നിർമാതാവിനും സംവിധായകനും അവ പാടിക്കേൾപ്പിക്കുക എന്നിവയായിരുന്നു രാജുവിെൻ്റ ചുമതല. അതിനിടയിൽ എപ്പോഴെങ്കിലും  ഒരു പാട്ട് തനിക്കും വീണുകിട്ടുമെന്ന പ്രത്യാശയോടെ രാജു കാത്തുകാത്തിരുന്നു. ചിദംബരനാഥിെൻ്റ പല കമ്പോസിംഗുകളും കടന്നുപോയി. പക്ഷേ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല.

‘വിരുതൻ ശങ്കു’ എന്ന ചിത്രത്തിെൻ്റ കമ്പോസിങ് വേളയിൽ രാജുവിെൻ്റ മയങ്ങിക്കിടന്ന മോഹത്തിനു ചിറകുമുളച്ചു. അടൂർ ഭാസിയാണ് നായകൻ. ചിദംബരനാഥ് ചിട്ടപ്പെടുത്തിയ നർമരസത്തിലുള്ള ‘വണ്ണാൻ വന്നല്ലോ’ എന്ന ഗാനം രാജുവിെൻ്റ ശബ്ദത്തിൽ കേട്ടവർ ഇത് രാജു പാടിയാൽ നന്നാവുമെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു. അതുകേട്ട് ചിദംബരനാഥ് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ഒരു പ്രതീക്ഷ രാജുവിനും തോന്നാതിരുന്നില്ല. പക്ഷേ, ഒന്നും സംഭവിച്ചില്ല. മറ്റു പാട്ടുകൾക്കൊപ്പം ആ പാട്ടും യേശുദാസ്​ പാടി. നിരാശനായ രാജു ഒടുവിൽ ചിദംബരനാഥ സന്നിധിയോടു വിടപറഞ്ഞു.

ബാബുരാജിെൻ്റ സഹായി ആയാണ് രാജു പിന്നെ രംഗപ്രവേശം ചെയ്തത്. പാട്ടു പഠിക്കുക, മറ്റുള്ളവരെ പാടികേൾപ്പിക്കുക അതു  തന്നെയായിരുന്നു അവിടെയും രാജുവി​​െൻറ ജോലി. കൂടെക്കൂടെ ‘ഒക്കെ ലക്കാണെടോ...’ എന്ന് ബാബുക്ക പറയുമ്പോൾ ആ ‘ലക്ക്’ ഒരുനാൾ തന്നെയും തേടിയെത്തും എന്ന വിശ്വാസമായിരുന്നു രാജുവിന്. ‘കളക്ളടർ മാലതി’ എന്ന ചിത്രത്തി​​െൻറ കമ്പോസിങ്ങിനിടയിൽ ബാബുരാജി​​െൻറ ഈണത്തിൽ രാജു പാടിക്കേൾപ്പിച്ച പാട്ട് നിർമാതാവിന് ഏറെ ഇഷ്ടമായി. റെക്കോർഡിങ് ദിവസം യേശുദാസിന് എന്തോ അസൗകര്യം. പകരം കമ്പോസിങ്ങിനു പാടിയ പയ്യനായാലും മതിയെന്ന് നിർമാതാവ്. ഉടനെ ഒരാൾ രാജുവി​​െൻറ താമസ സ്​ഥലത്തേക്ക് കാറെടുത്തു പാഞ്ഞു. വളരെ നാളായി കാണാതിരുന്ന ഒരുസുഹൃത്തിനെ തേടി അയാളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു രാജു. അന്വേഷിച്ചു വന്നയാൾ ഏറെനേരംകാത്തിരുന്നു നിരാശനായി മടങ്ങി. വൈകുന്നേരം വളരെ വൈകിയാണ് രാജുഎത്തിയത്. 

വിവരമറിഞ്ഞപ്പോൾ അയാൾ ആകെ തളർന്നു പോയി. രാജുവിെൻ്റ കാതുകളിൽ അപ്പോൾ മുഴങ്ങിയത് ബാബുക്കയുടെവാക്കുകളായിരുന്നു. ‘‘ഒക്കെ ലെക്കാണെടോ...’ തനിക്ക് നഷ്​ടപ്പെട്ട ലക്ക് എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ രാജുവി​​െൻറ കണ്ണുകൾ നിറഞ്ഞുപോയി.  നഷ്​ടപ്പെട്ട പാട്ടാണെങ്കിലോ ഹിറ്റായ ‘നീലക്കൂവള പൂവുകളോ വാലിട്ടെഴുതിയ കണ്ണുകളോ...’

ഒരു സുഹൃദ് സംഗമത്തിൽ പാട്ടുപാടിയ രാജുവിനെ, സുരേന്ദ്രൻ എന്നൊരു യുവാവ് വന്നു പരിചയപ്പെട്ടു. സിനിമാ നിർമാതാവായ അദ്ദേഹം അടുത്ത ദിവസം രാജുവുമായി തെൻ്റ പുതിയ ചിത്രത്തി​​െൻറ കമ്പോസിംഗ് സ്​ഥലത്തെത്തി. ജയ -വിജയന്മാർ സംഗീതമൊരുക്കുന്നു. സഹായിയായ ആർ.കെ. ശേഖർ (എ.ആർ. റഹ്മാ​​െൻറ പിതാവ്) നൊട്ടേഷൻ എഴുതുന്നു. നിർമാതാവി​​െൻറ നിർദേശപ്രകാരം ഒരു ഗാനം രാജുവിന് നൽകി. രാജു അതു പാടിക്കഴിഞ്ഞപ്പോൾ നിർമാതാവിനും സംഗീത സംവിധായകർക്കും ഇഷ്​ടമായി. പക്ഷേ, പിീട് രാജുവി​​െൻറ അസാന്നിധ്യത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. രാജു നന്നായി പാടിയ പാട്ട് യേശുദാസ്​ പാടിയാൽ അതിഗംഭീരമാകും എന്നൊരു നിർദേശം ആർ.കെ. ശേഖറാണ് മുന്നോട്ടു വെച്ചത്. സംഗീത സംവിധായകരുടെകൂടി സമ്മർദമായപ്പോൾ നിർമാതാവിനു വഴങ്ങേണ്ടി വന്നു. അങ്ങനെ രാജു പാടിയ ആ പാട്ട് യേശുദാസ്​ പാടി-‘‘കാലമൊരു കാളവണ്ടിക്കാരൻ...’’(ചിത്രം: കുരുക്ഷേത്രം).

കോടമ്പാക്കത്തെ ഭാഗ്യാന്വേഷണം ഏതാണ്ട് വഴിമുട്ടി നിൽക്കുമ്പോഴാണ് ക്രിസ്​റ്റ്യൻ ആർട്സ്​ ആൻറ് കമ്യൂണിക്കേഷൻ സർവീസസ്​ എന്ന മതപ്രചാരണ സ്​ഥാപനം ജെ.എം. രാജുവിനെ മാടിവിളിച്ചത്. ക്രിസ്​ത്യൻ ഭക്തിഗാനങ്ങൾ പാടുകയായിരുന്നു പ്രധാന ദൗത്യം. ശ്രീലങ്കാ പ്രക്ഷേപണ നിലയം വഴി ജെ.എം രാജുവി​​െൻറ ഗാനങ്ങൾ ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരുന്നു കേട്ടു. സിനിമയിൽ പാടാതെ തന്നെ രാജു സംഗീതാസ്വാദകരുടെ ഇഷ്​ട ഗായകനായി. പ്രവർത്തനം വിപുലീകരിക്കുന്നതിെൻ്റ ഭാഗമായി ക്രിസ്റ്റ്യൻ ആർട്സ്​ സിനിമാ നിർമാണം തുടങ്ങി. ‘കാറ്റുവിതച്ചവൻ’ എന്ന ആദ്യചിത്രത്തിനു വേണ്ടി പൂവച്ചൽ ഖാദർ രചിച്ച ഗാനങ്ങൾക്ക് പീറ്റർ - റൂബൻ ഈണം പകർന്നു. ഒരു ഗാനം രാജുവിനു വേണ്ടി മാറ്റിവെച്ചിരുന്നു. സിനിമയിൽ പാടാനുള്ള മനസ്സിലൊളിപ്പിച്ച മോഹം വീണ്ടും തളിർത്തു. താൻ പാടാനുള്ള പാട്ടിന് രാജുതന്നെയാണ് ഈണം നൽകിയത്. ജോലിയുടെ ഭാഗമായി രാജു നാട്ടിലായിരുന്നപ്പോൾ തീരുമാനങ്ങൾക്ക് ഇളക്കം തട്ടി. രാജുവി​​െൻറ പാട്ട് യേശുദാസ്​ പാടിയാൽ ഏറെ നന്നാവുമെന്നും രാജുവിന് അടുത്ത ചിത്രത്തിൽ അവസരം നൽകാമെന്നും അസിസ്​റ്റൻറ്  മ്യൂസിക് ഡയറക്ടർ ആർ.കെ. ശേഖർ നിർദേശിച്ചു. മനസ്സില്ലാ മനസ്സോടെ മറ്റുള്ളവർ സമ്മതം മൂളി. അങ്ങനെ രാജുവിെൻ്റ അസാന്നിദ്ധ്യത്തിൽ ആ പാട്ട് യേശുദാസ്​ പാടിറെക്കോഡ്ചെയ്തു- ‘മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു...’ എന്ന മനോഹരമായ ഗാനം.

നാട്ടിൽ നിത്തെിയ രാജുവി​​െൻറ നിരാശ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആർ.കെ. ശേഖർ തന്നെയാണല്ലോ ഇവിടെയും തനിക്കു വില്ലനായത് എന്ന ചിന്ത രാജുവിനെ തളർത്തി. ‘കാറ്റുവിതച്ചവ​​െൻറ’ വിജയത്തോടെ അതേ ടീമിനെ വെച്ച് ക്രിസ്​റ്റ്യൻ ആർട്സ്​ അടുത്ത ചിത്രത്തി​​െൻറ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. ജലാശയങ്ങളാൽചുറ്റപ്പെട്ട ഒരു തുരുത്തിലെ കുടിനീർ പ്രശ്നം പ്രമേയമാക്കിയ ചിത്രത്തിനു ‘കായൽ’ എന്നു പേരുമിട്ടു. ഗാനങ്ങളിൽ ഒരെണ്ണം ജെ.എം. രാജുവിനായി നീക്കിവെച്ചു. പതിവുപോലെ തെൻ്റ പാട്ടിന്  രാജു തന്നെ ഈണവുമിട്ടു. എല്ലാം ശുഭകരമായി മുന്നോട്ടു പോകുമ്പോൾ സ്​ഥാപനത്തി​​െൻറ ഉന്നതങ്ങളിൽ നിന്ന് വെള്ളിടി പോലെ ഒരു ഉത്തരവ് വന്നു. ചലച്ചിത്ര നിർമാണം നിർത്തിവെക്കുക.. ! 

മറ്റു പോംവഴികളൊന്നുമില്ലാതെ, അപൂർണമായ േപ്രാജക്ട് കഴിഞ്ഞ ആ ചിത്രം സഹസംവിധായകനു കൈമാറി. ത​​െൻറ കന്നി ചിത്രത്തിന് സംവിധായകൻ മറ്റൊരു പേരിട്ടു. ‘ഉത്സവം’. മലയാളത്തിൽ സൂപ്പർ താരങ്ങളെയും സൂപ്പർ ഹിറ്റുകളും സൃഷ്​ടിച്ച വലിയൊരു സംവിധായക​​െൻറ പിറവിയായി ആ സിനിമ. ഐ.വി. ശശി എന്ന സംവിധായകൻ ആ ചിത്രത്തോടെ മലയാള സിനിമയിൽ മേൽവിലാസമുറപ്പിച്ചു. 
എ.ടി. ഉമ്മർ ചിത്രത്തി​​െൻറ സംഗീത സംവിധായകനായതോടെ ഗായകനുംമാറി. തനിക്കു പാടാൻ താനൊരുക്കിയ പാട്ടിെൻ്റ ഈണംജെ.എം. രാജുതന്നെ യേശുദാസിനെ പഠിപ്പിച്ചു -‘ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോൾ...’ വിൻസ​​െൻറും ശ്രീവിദ്യയും അഭിനയിച്ച ആ ഗാനം സൂപ്പർ ഹിറ്റുമായി. 

ജെ.എം. രാജു
 

സംഗീത സംവിധായകൻ ജോൺസണ് ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നു ജെ.എം. രാജു. അദ്ദേഹത്തി​​െൻറ നിർഭാഗ്യങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്ന ജോൺസൺ തെൻ്റ പുതിയചിത്രത്തിലെ ഒരു ഗാനം രാജുവിനായി ഉറപ്പിച്ചു. ജെമിനി സ്​റ്റുഡിയോയിൽ റെക്കോഡിംഗ്. രാജു രാവിലെ സ്​റ്റുഡിയോയിൽ എത്തിയപ്പോൾ ആശയക്കുഴപ്പത്തിൽ നിൽക്കുന്ന ജോൺസണെയാണ് കണ്ടത്. ‘നിനക്കെന്തു പറ്റി...?’ രാജു ചോദിച്ചു. ജോൺസ​​െൻറ മറുപടി ഇങ്ങനെയായിരുന്നു - ‘നിർമാതാവി​​െൻറ അമ്മയുടെ ശുപാർശ പ്രകാരം ഒരു ഗായകൻ നാട്ടിൽ നിന്നെത്തിയിരിക്കുന്നു...’ രാജുവിനു വെച്ച പാട്ട് പുതിയ ഗായകനെകൊണ്ട് പാടിക്കേണ്ട ആശയക്കുഴപ്പത്തിലാണ്ജോൺസൺ.

രാജുവിന് നിരാശയോ സങ്കടമോ തോന്നിയില്ല. ചിരിച്ചുകൊണ്ട് അദ്ദേഹംപറഞ്ഞു- ‘സാരമില്ലെടാ. എനിക്കിതു പുത്തരിയല്ലല്ലോ. പുതിയ ഗായകൻ പാടട്ടെ’ രാജുഓഫീസിലേക്കു യാത്രയായി. മാർക്കോസ്​ എന്ന പുതിയ ഗായകനെ ജോൺസൺ പാട്ടു പഠിപ്പിച്ചു-‘ കന്നിപ്പൂ മാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കേ...’ എന്ന ‘കേൾക്കാത്ത ശബ്ദ’ത്തിലെ ആ ഗാനവും ഗായകനും ശ്രദ്ധിക്കപ്പെട്ടു.

എങ്കിലും ദേവരാജൻ മാസ്​റ്റർ, എം.ബി. ശ്രീനിവാസൻ, അർജുനൻ മാസ്​റ്റർ, ജോൺസൺ തുടങ്ങിയവരുടെ സംഗീതത്തിൽ ഇരുപതിലധികം ചിത്രങ്ങൾക്ക് ജെ.എം. രാജു പാടിയിട്ടുണ്ട്. ഇതിൽ അഞ്ചു ചിത്രങ്ങളും ജോൺസൺ​​െൻറതാണ്. ഒരു ദശാബ്ദക്കാലം ക്രിസ്​റ്റ്യൻ ആർട്സി​​െൻറ അമരക്കാരനായിരുന്ന ശേഷം സ്വന്തം റെക്കോഡിംഗ് സ്​റ്റുഡിയോ സ്​ഥാപിച്ചു. പരസ്യ നിർമാണ കമ്പനി തുടങ്ങി. സീരിയലുകളും സിനിമയും നിർമിച്ചു. മലയാളത്തിലും തമിഴിലും കൊങ്ങിണിയിലും സിനിമകൾക്കും ആയിരത്തോളം ഭക്തിഗാനങ്ങൾക്കും ഈണം നൽകി. സംഗീത പരിപാടികൾക്കായി ഭാര്യ ലതാ രാജുവുമൊത്ത് ലോകമെമ്പാടും സഞ്ചരിച്ചു. ഇങ്ങനെയൊക്കെയാണ് ഇന്ന് ജെ.എം. രാജു. 

പി.എം രാജുവിന്റെ മകന്‍ ആലാപ് രാജു (തമിഴ് യുവഗായകന്‍)
 

തുടക്കത്തിൽ അറിയപ്പെടുന്ന തമിഴ് പിന്നണി ഗായകനാകണമെന്നായിരുന്നു ജെ.എം. രാജുവി​​െൻറ ആഗ്രഹം. ആ ആഗ്രഹം സഫലമാതെ പോയതിൽ അദ്ദേഹത്തിനിപ്പോൾ സങ്കടമുണ്ടാവില്ല. ത​​െൻറ നഷ്​ടങ്ങൾ തമിഴിലെ പ്രമുഖ യുവഗായക​​െൻറ പിതാവ് എന്ന പേരിൽ ജെ.എം. രാജുവിന് മറകടക്കാൻ കഴിഞ്ഞിരിക്കുന്നു. തമിഴിലെ ശ്രദ്ധേയനായ യുവ ഗായകൻ ആലാപ് രാജു അദ്ദേഹത്തി​​െൻറ മകനാണ്.
‘കോ’ എന്ന സിനിമയിലെ ‘എന്നമോ ഏതോ ...’ എന്ന ഗാനത്തിലൂടെ പ്രശംസ നേടിയ ആലാപ് ഹാരിസ്​ ജയരാജ്, ജി.വി.  പ്രകാശ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരുടെ സിനിമകളിൽ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡടക്കം പുരസ്​കാരങ്ങളും ആലാപി​​െൻറ ആലാപനത്തെ തേടിയെത്തി. 

ത​​െൻറ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും പുസ്​തകരൂപത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള തിരക്കിനിടയിലും പാടാനും ഈണം നൽകാനുമുള്ള അവസരങ്ങളൊന്നും രാജു ഉപേക്ഷിച്ചിട്ടില്ല. 

Tags:    
News Summary - kodampakkam stories-movies-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.