ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മണി

കൊമേഡിയനായും വില്ലനായും നായകനായും കഴിഞ്ഞ കാൽ നൂറ്റാണ്ട് മലയാള സിനിമയിൽ തിളങ്ങിയ കലാഭവൻ മണിയും കാലയവനികയിലേക്ക് മറഞ്ഞു. 2016 മലയാള സിനിമക്ക് നഷ്ടങ്ങളുടെ വർഷമാണ്‌ . കൽപന . ഓ എൻ വി കുറുപ്പ്, ആനന്ദക്കുട്ടൻ, രാജാമണി, ഷാൻ ജോൺസൻ, മോഹൻ രൂപ്‌ , രാജേഷ്‌ പിള്ള ..രണ്ടു മാസത്തിനുള്ളിൽ വിട പറഞ്ഞ ഈ പ്രതിഭാധനരുടെ പട്ടികയിലേക്ക് കലാഭവൻ മണിയും. വെറുമൊരു നടൻ മാത്രമല്ല മണി. ഗായകനും ഗാന രചയിതാവും മിമിക്രി താരവുമായിരുന്നു.. സ്വന്തം പ്രയത്നത്തിലൂടെ വളർന്നു വലുതായ കലാകാരൻ, താര പരിവേഷം മാറ്റിവെച്ച് സാധാരണ മനുഷ്യരുമായി ഇടപഴകുന്ന ആൾ.. സഹജീവികളുടെ ദുഃഖം കേൾക്കുമ്പോൾ വിങ്ങിപ്പൊട്ടുന്ന  മനസുണ്ടായിരുന്നു മണിക്ക്. ചാനൽ പരിപാടികളിൽ അവതാരകന്റെയും ജഡ്ജിന്റെയും റോളുകളിൽ എത്തുമ്പോൾ അരങ്ങിൽ പരിപാടി അവതരിപ്പിക്കാൻ എത്തുന്നവരുടെ കഥ കേട്ട് വിങ്ങി കരയുകയും കയ്യിലുള്ളത് അവർക്ക് എടുത്തു കൊടുക്കുകയും ചെയ്യുമായിരുന്നു.

കരുമാടിക്കുട്ടൻ എന്ന ചിത്രത്തിൽ
 

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിൽ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും മകനായി ജനിച്ച മണിയുടെ ബാല്യം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. എട്ടു മക്കളിൽ എഴാമനായിരുന്നു മണി. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തേ മിമിക്രിയിലും മോണോ ആക്ടിലും കമ്പമുണ്ടായിരുന്നു . 1987 ൽ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം മണിക്കായിരുന്നു. 
സ്കൂൾ പഠനം കഴിഞ്ഞ് മണി നേരേ പോയത്  ഓട്ടോ ഡ്രൈവറുടെ കാക്കി വേഷത്തിലേക്കാണ്. പകൽ ഓട്ടോ ഓടിക്കൽ, രാത്രി മിമിക്രി ആർടിസ്റ്റ്.അങ്ങിനെ മണി ജീവിക്കാൻ പഠിച്ചു. കലഭവന്റെ മിമിക്സ് പരേഡിന്റെ ഭാഗമായതോടെ മണി കലാഭവൻ മണിയായി അറിയപ്പെട്ടു. സമുദായം എന്ന സിനിമയിലൂടെയായിരുന്നു  ചലച്ചിത്ര ലോകത്ത് മണിയുടെ അരങ്ങേറ്റം. സിബി മലയിലിന്റെ അക്ഷരത്തിലെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ മണി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തത്. സല്ലാപത്തിലെ ചെത്തുകാരനിൽ നിന്ന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധ ഗായകനായ രാമുവിൽ എത്തിയപ്പോൾ അഭിനയത്തിന്റെ പടവുകൾ അനായാസം  ചവിട്ടിക്കയറിയ നടനെയാണ് കണ്ടത്. 
 


ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു മണി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും മണി പ്രസിദ്ധനായി. 
അഭിനയത്തിലൂടെ  മാത്രമല്ല, നാടൻ പാട്ടുകളെ ഉപാസിച്ച കലാകാരൻ എന്ന നിലയിലും മണി ഓർമ്മിക്കപ്പെടും. മണിയുടെ പ്രസിദ്ധമായ നാടൻ പാട്ടുകളും സിനിമാ സംഗീതത്തിനു സമാന്തരമായ പാരഡികളും ആസ്വദിക്കാത്ത മലയാളി ഉണ്ടാകില്ല. എല്ലാറ്റിനും ഉപരി വലിയൊരു മനുഷ്യസ്നേഹി ആയിരുന്നു കലാഭവൻ മണി. മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും വേദനിക്കുകയും ചെയ്യുന്ന ഹൃദയത്തിന്റെ ഉടമയായിരുന്നു. സ്വന്തം നാടിനെ ഏറെ സ്നേഹിച്ച കലാകാരനായിരുന്നു മണി. ചാലക്കുടി ചന്തയും പുഴയും അവിടുത്തെ മനുഷ്യരും അദ്ദേഹത്തിന്റെ ഉള്ളിൽ എന്നുമുണ്ടായിരുന്നു.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.