ഭ്രമിപ്പിക്കും സുജോയ് ഘോഷിന്‍െറ ‘അഹല്യ’

ഹൈന്ദവ പുരാണ കഥാപാത്രമായ അഹല്യയുടെ തിരരൂപമാണ് ബോളിവുഡ് സംവിധായകന്‍ സുജോയ് ഘോഷ് സംവിധാനം ചെയ്ത 'അഹല്യ'യെന്ന ഹ്രസ്വചിത്രം. എഴുത്തുകാര്‍ നീതികാട്ടാത്ത പുരാണങ്ങളിലെ എണ്ണമറ്റ സ്ത്രീകഥാപാത്രങ്ങളിലൊരാള്‍ മാത്രമാണ് അഹല്യ. ശ്രീരാമന്‍െറ പാദസ്പര്‍ശത്തിനായി കല്ലായി കാത്തിരിക്കാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട ഒരുവളാണ് പഴയ നായിക. എന്നാല്‍ സുജോയ് ഘോഷിന്‍െറ ബംഗാളി ഹ്രസ്വചിത്രത്തില്‍ അഹല്യ പുനര്‍ജനിക്കുന്നത് പുതുഭാവത്തിലും രൂപത്തിലും വ്യക്തിത്വത്തിലുമാണ്. ഗൗതം സാധു എന്ന പേരുകേട്ട കലാകാരന്‍െറ നല്ല പാതിയാണ് അവള്‍, അയാളുടെ കലാസൃഷ്ടികളുടെ പ്രചോദനം. അവളില്ലാതെ തന്‍െറ സൃഷ്ടികള്‍ പൂര്‍ത്തിയാകില്ളെന്ന് ഗൗതം സാധു പറയുന്നതിന്‍െറ പൊരുളറിയുക കഥാന്ത്യത്തിലാണ്. ഭര്‍ത്താവിന്‍െറ രൂപത്തിലത്തെിയ ഇന്ദ്രനെ തിരിച്ചറിഞ്ഞില്ളെന്ന കുറ്റത്തിനാണ് പുരാണത്തിലെ അഹല്യ കല്ല് ആയി യുഗങ്ങളോളം കിടക്കേണ്ടിവരുന്നത്. ‘പരിശുദ്ധി’ തെളിയിക്കാന്‍ ഇത്തരം കടുത്ത അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നവരാണല്ളോ പുരാണനായികമാരെല്ലാം. എന്നാല്‍ ‘ചാരിത്ര്യ’വും ചാരിത്ര്യഭംഗത്തിന്‍െറ ശിക്ഷയും സ്ത്രീകള്‍ക്ക് മാത്രം പതിച്ചുനല്‍കുന്ന നടപ്പുശീലങ്ങളെ പൊളിച്ചടുക്കുകയാണ് സുജോയ് ഘോഷിന്‍െറ ‘അഹല്യ’യെന്ന് വേണമെങ്കില്‍ പറയാം. ആ അര്‍ഥത്തില്‍, കാലമാവശ്യപ്പെട്ട കാവ്യനീതിയാണ് അഹല്യയില്‍ കാണാനാവുന്നത്.

ഗൗതം സാധുവിന്‍െറ സൃഷ്ടികള്‍ക്ക് മോഡലാകാനത്തെിയ യുവാവിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സാധുവിനെ തേടിയത്തെുന്ന പൊലീസുദ്യോഗസ്ഥനിലൂടെയാണ് കഥ മുന്നേറുന്നത്. വൃദ്ധനായ കലാകാരന്‍െറ യുവതിയായ ഭാര്യയുടെ രൂപം ആദ്യകാഴ്ചയില്‍തന്നെ പൊലീസുകാരനെ ആകര്‍ഷിക്കുന്നുണ്ട്. വൃദ്ധനുമൊത്തുള്ള അവളുടെ ദാമ്പത്യം അമ്പരിപ്പിക്കുന്നുമുണ്ട്. എന്നാല്‍ താന്‍ ശരീരം കൊണ്ട് വൃദ്ധനെങ്കിലും മനസുകൊണ്ട് ചെറുപ്പമാണെന്ന് കലാകാരന്‍ പറഞ്ഞുവെക്കുന്നു.

അഹല്യയുടെ വര്‍ണാഭമായ യൗവനത്തെ തൃപ്തിപ്പെടുത്തുന്നതിനും അതുവഴിതന്നെ ഗൗതം സാധുവിന്‍െറ കലാസൃഷ്ടികളുടെ പിറവിക്കുമുള്ള കവാടമാണ് കഥയിലെ മാന്ത്രികക്കല്ളെന്ന ഒരു വായനക്കുകൂടി ചലച്ചിത്രകാരന്‍ വഴിയൊരുക്കുന്നുണ്ട്. സാധുവിന് ഇരയാക്കപ്പെടുന്നവരെല്ലാം യുവാക്കളാണ്. അവരും യുവതിയായ അഹല്യയാല്‍ ആകര്‍ഷിക്കപ്പെട്ടവരാകാമെന്നും വായിക്കാം.

രാമായണത്തിലെ അഹല്യയെ മോഹിച്ച് മയക്കാനത്തെിയ ഇന്ദ്രന്‍െറ കയ്യിലായിരുന്നു മാന്ത്രികക്കല്ല്. മാന്ത്രികക്കല്ലുപയോഗിച്ച് ഇഷ്ടമുള്ള രൂപത്തിലേക്ക് മാറാമെന്നാണ് സങ്കല്‍പം. അങ്ങനെയാണത്രേ ഇന്ദ്രന്‍ ഗൗതമമഹര്‍ഷിയുടെ ഭാര്യയായ അഹല്യയെ മഹര്‍ഷിയുടെ രൂപത്തിലത്തെി കബളിപ്പിച്ചത്. ഇവിടെ കല്ല്് സാധുവിന്‍െറ സ്വന്തമാണ്. എന്നാല്‍ സാധുവായി പരകായപ്രവേശം ചെയ്യാന്‍ പൊലീസുകാരന്‍ കല്ളെടുക്കുമ്പോഴും ആ കല്ലുപയോഗിച്ച് വര്‍ഷങ്ങളെ പുറകോട്ടാക്കി യുവതിയായ ഭാര്യക്കൊപ്പം ജീവിതം നുകരാം സാധുവിനെന്ന സാധ്യതയെ സംവിധായകന്‍ അകറ്റിനിര്‍ത്തുന്നു.

പുരാണത്തിലെ അഹല്യക്ക് ചെയ്യാത്ത കുറ്റത്തിനാണ് കവി ശിക്ഷ വിധിക്കുന്നത്. അവള്‍ ആഗ്രഹങ്ങളില്ലാത്തവളുമാണ്. എന്നാല്‍ പുതിയ അഹല്യയുടെ ആസക്തികള്‍ ശിക്ഷിക്കപ്പെടുന്നില്ല. ഭാവശുദ്ധിയുള്ള പതിവ്രതകളെ മാത്രമേ നമുക്ക് സ്വീകരിക്കാനാകൂ എന്നതുകൊണ്ടാവാം അജ്ഞതയെന്ന അനുഗ്രഹമാണ് അവള്‍ക്കാ മാന്ത്രികക്കല്ല്. അങ്ങനെ തന്‍േറതല്ലാതാകുന്ന തെറ്റുകള്‍ക്ക് അഹല്യക്ക് ശിക്ഷയില്ലാതാകുന്നുണ്ടെങ്കിലും പുരാണകഥയുടെ സ്ത്രീപക്ഷ കാഴ്ചയെന്ന സുജോയ് ഘോഷിന്‍െറ അവകാശവാദത്തിനോട് വിയോജിക്കേണ്ടിവരുന്നു.

സൗമിത്ര ചാറ്റര്‍ജിയുടെയും രാധിക ആപ്തെയുടെയും ഹൃദ്യമായ പരകായപ്രവേശമാണ് ചിത്രത്തിന്‍െറ പ്രധാന ആകര്‍ഷണം. കഹാനി പോലൊരു ത്രില്ലര്‍ കൊണ്ട് പ്രശസ്തനായ സംവിധായകന്‍ 14 മിനുട്ടിന്‍െറ ഈ ദൃശ്യവിരുന്നിലും പ്രതിഭ തെളിയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.

പുരാണകഥയുടെ വ്യത്യസ്തമായ വായനയെന്ന രീതിയിലല്ലാതെ ‘അഹല്യ’ കാണുന്നവരെ അതിശയിപ്പിക്കുന്ന ട്വിസ്റ്റുകളും ഈ ഹ്രസ്വ ചിത്രത്തിലുണ്ട്. തുടക്കത്തിലെ സസ്പെന്‍സിന് ഉത്തരം നല്‍കിക്കൊണ്ട് അവസാനിക്കുമ്പോള്‍ ഈ ചെറുചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ വ്യാഖ്യാനതലങ്ങളാണ്.

 

 

ഹ്രസ്വചിത്രം കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.