ട്രാന്‍സ്ജെന്‍ഡറുകളെ ഒപ്പമിരുത്താന്‍ മനസ്സുകാണിച്ച മേള

തിരുവനന്തപുരം: ആണ്‍ ഉടലുകളില്‍ ജീവിക്കുന്ന പെണ്‍ മനസ്സുകളെയും പെണ്‍ ഉടലുകളില്‍ പിടയുന്ന ആണ്‍ കരുത്തിനെയും തിരിച്ചറിയാതെ പോകുന്നവര്‍ക്ക് 21ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അനുഭവമാണ്. ട്രാന്‍സ്ജെന്‍ഡറുകളെ ഒപ്പമിരുത്തി ‘നിങ്ങള്‍ തിരസ്കൃതരല്ല ഞങ്ങള്‍ക്കൊപ്പമുള്ളവരാ’ണെന്ന് പ്രഖ്യാപിക്കാന്‍ ഇതിനോടകം മേളക്ക് കഴിഞ്ഞിരിക്കുന്നു. ഇതിനു കാരണമായത് ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തിലെ ആറ് സിനിമകളാണ്.

ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയാണിവ. അതില്‍ ‘റാറ’ ഇതിനോടകംതന്നെ മേളയുടെ പ്രിയചിത്രമായി.  സ്വവര്‍ഗപ്രണയത്തിന്‍െറയും ലിംഗസമത്വത്തിന്‍െറയും അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് വ്യക്തിയാണോ സമൂഹമാണോ എന്ന അടിസ്ഥാന ചോദ്യമാണ് റാറയുടെ സംവിധായകന്‍ പെപ സാന്‍മാര്‍ട്ടിന്‍ ഉയര്‍ത്തുന്നത്.

13 വയസ്സുകാരിയായ സാറയുടെയും കുഞ്ഞനുജത്തി കാത്തലീനയുടെയും അനുഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.അമ്മ പൗലയുടെ സ്വവര്‍ഗപ്രണയത്തെയോ അച്ഛന്‍െറ രണ്ടാം വിവാഹത്തെയോ സാറയും കാത്തലീനയും എതിര്‍ക്കുന്നില്ല. എന്നിട്ടും സ്ത്രീയായുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടവും അവളെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുടെ ദിനങ്ങളാണ്.
സ്വവര്‍ഗ ലൈംഗികത ഏത് പരിഷ്കൃത സമൂഹത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് സംവിധായകന്‍ പറയുന്നു. അവള്‍ക്ക് അമ്മയെ ഇഷ്ടമാണ്. എന്നാല്‍, ജീവിതപ്രതിബന്ധങ്ങളില്‍ അരക്ഷിതാവസ്ഥയില്‍ ജീവിതത്തിലെ സുരക്ഷിതമായ സ്ഥാനം സാറക്ക് അച്ഛന്‍െറ വീടാണ്. ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രമായ എല്‍.ഒ.ഇ.വിയും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.
പ്രണയത്തിന്‍െറ രാഷ്ട്രീയത്തിലൂടെ പ്രേക്ഷകരെ പ്രചോദിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ചിത്രം ഇന്ത്യയുടെ പശ്ചാത്തലത്തില്‍ സ്വവര്‍ഗാനുരാഗികളായ മൂന്നു യുവാക്കളുടെ കഥ പറയുന്നു.
സുധാന്‍ഷു സരിയയാണ് സംവിധായനം. റേ യുങ് സംവിധാനം ചെയ്ത ‘ഫ്രണ്ട് കവര്‍’, എഡ്വാര്‍ഡോ ഡബ്ള്യു റോയ് ജൂനിയറിന്‍െറ ‘ക്വിക് ചേയിഞ്ച്’, ഈസ്റ്റര്‍ മാര്‍ട്ടിന്‍ ബേര്‍ഗ്സ്മാര്‍ക്കിന്‍െറ ‘സംതിങ് മസ്റ്റ് ബ്രേക്ക്’, അലന്തേ കവൈതേയുടെ ‘ദി സമ്മര്‍ ഓഫ് സാങ്ഐന്‍’ എന്നിവക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്

Tags:    
News Summary - iffk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.