നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവ്; വീണ്ടും മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സാധ്യത. കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ആലുവ പൊലീസ് ക്ലബിൽ വെച്ച് നടിയുടെ മൊഴി വീണ്ടുമെടുത്തത്. സംഭവത്തില്‍ സിനിമാ മേഖലയില്‍നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് വീണ്ടും മൊഴിയെടുത്തത്.

പൾസർ സുനി അടക്കമുള്ളവരെ പ്രതിചേർത്ത് നേരത്തേ പൊലീസ് കുറ്റപത്രം സമർപ്പച്ചിരുന്നു. പൾസർ സുനിയുടെ സഹതടവുകാരിൽ നിന്ന് ലഭിച്ച വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും മൊഴിയെടുത്തത്. കുറ്റപ്പത്രം സമർപ്പിക്കപ്പെട്ട കേസിൽ അസാധാരണ സംഭവ വികാസങ്ങളുണ്ടായാൽ മാത്രമേ വീണ്ടും ഇത്തരം നടപടികളിലേക്ക് കടക്കാറുള്ളൂ. മൊഴി വീണ്ടും രേഖപ്പെടുത്തിയതോടെ കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.

നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിർദേശപ്രകാരമാണെന്നും ജയിലിലെ സെല്ലിൽ ഒപ്പം കഴിഞ്ഞ ജിൻസനോടു പ്രതി സുനിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ ജയില്‍ അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. നേരത്തെ അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് ജിന്‍സന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനാണ്. ഇതേത്തുടര്‍ന്നു സുനിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

പുതിയ വെളിപ്പെടുത്തലുകൾ കേസിൽ വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. നേരത്തേ നടിയും സുഹൃത്തുക്കളും ആരോപിച്ചതുപോലെ സംഭവത്തിന് പിന്നിൽ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്.

ഫെബ്രുവരി 17ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങള്‍ മൊബൈലിലും പകര്‍ത്തിയിരുന്നു. കേസില്‍ ഏഴു പ്രതികള്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

Tags:    
News Summary - actress attack; police re investigate case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.